‘എന്ത് വന്നാലും വീട് ഒഴിയില്ല’; ബീഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവി ബംഗ്ലാവ് ഒഴിഞ്ഞ് കൊടുക്കില്ലെന്ന് ആര്‍ജെഡി Former Bihar CM Rabri Devi will not vacate the government bungalow says RJD | India
Last Updated:
നിയമസഭാ കൗൺസിലിലെ പ്രതിപക്ഷ നേതാവിനായി നിശ്ചയിച്ചിട്ടുള്ള 39, ഹർഡിഞ്ച് റോഡിലെ വസതിയിലേക്ക് റാബറി ദേവി താമസം മാറണമെന്ന് സംസ്ഥാന കെട്ടിട നിർമാണ വകുപ്പ് നിർദേശിച്ചിരുന്നു
ബീഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവി രണ്ട് പതിറ്റാണ്ടോളമായി താമസിച്ചുവരുന്ന സർക്കാർ ബംഗ്ലാവ് ഒഴിയില്ലെന്ന് ആർജെഡി ബുധനാഴ്ച വ്യക്തമാക്കി. നിയമസഭാ കൗൺസിലിലെ പ്രതിപക്ഷ നേതാവിനായി നിശ്ചയിച്ചിട്ടുള്ള 39, ഹർഡിഞ്ച് റോഡിലെ വസതിയിലേക്ക് റാബറി ദേവി താമസം മാറണമെന്ന് സംസ്ഥാന കെട്ടിട നിർമാണ വകുപ്പ് നിർദേശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പാർട്ടിയുടെ ബീഹാർ യൂണിറ്റ് പ്രസിഡന്റ് മംഗാനി ലാൽ മണ്ഡൽ റാബ്റി ദേവി വസതി ഒളിയില്ലെന്ന് അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് എതിർവശത്തായി സ്ഥിതി ചെയ്യുന്ന പത്താം നമ്പർ സർക്കുലർ റോഡിലെ ബംഗ്ലാവ് എന്ത് സംഭവിച്ചാലും ഒഴിയില്ലെന്ന് മണ്ഡൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ”ഭരണകക്ഷിയായ എൻഡിഎ ഞങ്ങളുടെ നേതാവ് ലാലു പ്രസാദിനോട് കാണിക്കുന്ന ഒരുതരം ദ്രോഹമാണിത്,” മണ്ഡൽ പറഞ്ഞു.
ലാലു പ്രസാദും റാബ്റി ദേവിയും ബീഹാർ മുഖ്യമന്ത്രിയായിരുന്നതിനാൽ സർക്കാരിന്റെ 10 സർക്കുലർ റോഡ് ബംഗ്ലാവിൽ തന്നെ താമസിക്കാൻ അനുവദിക്കണമെന്ന് മണ്ഡൽ വാദിച്ചു. പുതിയ തീരുമാനമെടുക്കാൻ നിതീഷ് കുമാർ 20 കൊല്ലം കാത്തിരുന്നത് എന്തുകൊണ്ടാണെന്നും മണ്ഡൽ ചോദിച്ചു. മുൻ മുഖ്യമന്ത്രിമാർക്ക് ആജീവാന്ത വസതി അനുവദിക്കുന്ന വ്യവസ്ഥപ്രകാരമാണ് ബംഗ്ലാവ് നേരത്തെ അനുവദിച്ചതെന്ന് സംസ്ഥാനമന്ത്രി സന്തോഷ് കുമാർ സുമൻ പറഞ്ഞു. ഇപ്പോൾ ഇത് റദ്ദാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
”ഏതാനും വർഷങ്ങൾക്ക് മുമ്പ് അലഹബാദ് ഹൈക്കോടതി വിധിയെ തുടർന്ന് ആ വ്യവസ്ഥ റദ്ദാക്കേണ്ടി വന്നു. എന്നാൽ റാബ്‌റി ദേവിയുടെ ബംഗ്ലാവ് ഞങ്ങൾ നിഷേധിക്കുന്നില്ല. മാത്രമല്ല, ഏത് ബംഗ്ലാവ് ആർക്ക് അനുവദിക്കണമെന്ന് തീരുമാനിക്കാൻ സർക്കാരിന് അവകാശമുണ്ട്,” അദ്ദേഹം പറഞ്ഞു.
എന്നാൽ നിതീഷ് കുമാർ ബിജെപിയെ പ്രീണിപ്പിക്കാൻ പ്രവർത്തിക്കുകയാണെന്ന് മണ്ഡൽ ആരോപിച്ചു. ”ബിജെപിയോട് അനുകൂലമായി പെരുമാറാൻ നിതീഷ് കുമാർ തീരുമാനമെടുത്തു. ലാലു ജിയോടുള്ള ബിജെപിയുടെ വിരോധം അറിഞ്ഞുകൊണ്ട്, നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ കൂട്ടാളികളെയും ഞങ്ങളുടെ നേതാവിനെ അപമാനിച്ച് പ്രീണിപ്പെടുത്താൻ ശ്രമിക്കുകയാണ്,” മണ്ഡൽ ആരോപിച്ചു.
തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റെങ്കിലും എൻഡിഎ ആർജെഡിയെ വില കുറച്ചുകാണരുതെന്ന് മണ്ഡൽ കൂട്ടിച്ചേർത്തു. ”ഞങ്ങൾ പ്രതിപക്ഷത്താണെങ്കിലും അടുത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റേതൊരു ഘടകക്ഷിയേക്കാളും കൂടുതൽ വോട്ടുകൾ ലഭിച്ചത് ഞങ്ങൾക്കാണെന്ന് ഭരണകക്ഷിയായ എൻഡിഎ ഓർക്കണം. അതിനാൽ അവർ ഞങ്ങളെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്,” മണ്ഡലൽ പറഞ്ഞു.
”ഞങ്ങൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടില്ല. ഞങ്ങൾക്കെതിരായി സംവിധാനം പ്രവർത്തിച്ചു. ഞങ്ങൾ പരാജയപ്പെട്ടുവെന്ന് കരുതരുത്,” മണ്ഡൽ കൂട്ടിച്ചേർത്തു.
November 27, 2025 1:55 PM IST
‘എന്ത് വന്നാലും വീട് ഒഴിയില്ല’; ബീഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവി ബംഗ്ലാവ് ഒഴിഞ്ഞ് കൊടുക്കില്ലെന്ന് ആര്‍ജെഡി
