Leading News Portal in Kerala

ഡല്‍ഹി സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന ഭീഷണി; പ്രമുഖ അഭിഭാഷകന്‍ ജീവനൊടുക്കി| Prominent Advocate ends life After Receiving Threat Linking Him to Delhi Blast | India


വര്‍മയെ സൈബര്‍ തട്ടിപ്പുകാര്‍ ഡിജിറ്റല്‍ അറസ്റ്റ് ചെയ്യുകയും വ്യാജ ഭീകരവാദ കുറ്റങ്ങള്‍ ചുമത്തുകയുമായിരുന്നു. സൈബര്‍ തട്ടിപ്പുകള്‍ ഭീഷണി മുഴക്കിയതിന് പിന്നാലെ അഭിഭാഷകന്‍ ജീവനൊടുക്കുകയായിരുന്നുവെന്നും ആരോപിക്കപ്പെടുന്നു.

തിങ്കളാഴ്ച വൈകുന്നേരം 7.30നാണ് സംഭവം നടന്നത്. ഈ സമയം ഭാര്യ ഡല്‍ഹിയിലുള്ള മകളുടെ അടുത്തായിരുന്നു. മകന്‍ പൂനെയിലാണ് ജോലി ചെയ്യുന്നത്. തിങ്കളാഴ്ച വൈകുന്നേരം മുഴുവന്‍ ഡല്‍ഹിയിലുള്ള ഭാര്യ വര്‍മയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് അതേ സ്ഥലത്ത് താമസിക്കുന്ന വാടകക്കാരനെ അവര്‍ ബന്ധപ്പെടുകയും അന്വേഷിക്കാന്‍ ഏല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വര്‍മയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിച്ച് വര്‍മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വര്‍മയ്ക്കുണ്ടായ വേദനാജനകമായ മാനസികാഘാതം വെളിപ്പെടുത്തുന്ന മരണക്കുറിപ്പ് പോലീസ് കണ്ടെടുത്തു.

ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണ ഗൂഢാലോചനയില്‍ തന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ഫോണ്‍ കോള്‍ തനിക്ക് ലഭിച്ചതായി മരണക്കുറിപ്പില്‍ വര്‍മ വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന് തന്റെ പേരിലുള്ള ഒരു അക്കൗണ്ട് ഉപയോഗിച്ചതായും അസിം ജോജി എന്ന ഭീകരന് പണം അയച്ചതായും ആരോപിക്കപ്പെടുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയപ്പെടുന്നതായും വര്‍മ ഭയപ്പെട്ടു.

”ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്. ആരോ എന്റെ പേരില്‍ എച്ച്ഡിഎഫ്‌സി ബാങ്കില്‍ വ്യാജ അക്കൗണ്ട് തുറന്ന് പഹല്‍ഗാം ആക്രമണ ഭീകരന്‍ അസിം ജോജിക്ക് ധനസഹായം നല്‍കി. ദേശവിരുദ്ധനായി മുദ്രകുത്തുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല,” മരണക്കുറിപ്പില്‍ വര്‍മ വ്യക്തമാക്കി.

41 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഭോപ്പാല്‍ വാതക ദുരന്തത്തില്‍ കൊല്ലപ്പെട്ട നിരവധി പേരുടെ അന്ത്യകര്‍മങ്ങള്‍ താന്‍ നടത്തിയിട്ടുണ്ടെന്നും മരണക്കുറിപ്പില്‍ വര്‍മ പറഞ്ഞു.

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് നടത്തുന്ന സൈബര്‍ തട്ടിപ്പുകാരുടെ ഇരയായിരുന്നു വര്‍മയെന്ന് പോലീസ് കരുതുന്നു. ഇരകളെ ഭീഷണിപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും മാനസികമായി തകര്‍ക്കുകയും ചെയ്യുന്ന രീതിയാണിത്.

പ്രാഥമിക അന്വേഷണത്തില്‍ ഇത് സൈബര്‍ തട്ടിപ്പാണെന്നാണ് വ്യക്തമായത്. ഫോണ്‍ കോള്‍ വഴിയാണ് വര്‍മയെ ഭീഷണിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

വര്‍മയുടെ മൊബൈല്‍ ഫോണും മരണക്കുറിപ്പും ഫൊറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തി ഫോണില്‍ വിളിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

ഭോപ്പാലില്‍ പ്രായമായ അഭിഭാഷകരെ തീവ്രവാദ ബന്ധം ആരോപിച്ച് സൈബര്‍ തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തുന്ന രണ്ടാമത്തെ കേസാണിത്. മൂന്നാഴ്ച മുമ്പും സമാനമായ സംഭവം നടന്നിരുന്നു. ആദ്യത്തെ സംഭവത്തില്‍ തലനാരിഴയ്ക്കാണ് അഭിഭാഷകന്‍ രക്ഷപ്പെട്ടത്. നവംബര്‍ 20ന് ഷാപുര സ്വദേശിയായ വിരമിച്ച ബാങ്ക് മാനേജരില്‍ നിന്ന് സൈബര്‍ തട്ടിപ്പുകാര്‍ 68 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. മറ്റൊരു കേസില്‍ ജോലിയില്‍ നിന്ന് വിരമിച്ച പൊതുമേഖലാ ഉദ്യോഗസ്ഥനെയും ഭാര്യയെയും ദിവസങ്ങളോളം ഡിജിറ്റല്‍ അറസ്റ്റ് ചെയ്തുവെച്ച തട്ടിപ്പുകാര്‍ അവരിൽ നിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.

അഭിഭാഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.