മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിരട്ടിയ യുവാവ് അറസ്റ്റിൽ Case filed against youth who called the police station in the name of ministers office and threatened | Crime
Last Updated:
തനിക്കെതിരെയുള്ള പരാതി അന്വേഷിക്കാൻ പൊലീസ് വീട്ടിലെത്തിയതിൽ പ്രകോപിതനായായിരുന്നു യുവാവ് മന്ത്രിയുടെ ഓഫീസിന്റെ പേരിൽ സ്റ്റേഷനിലേക്ക് വിളിച്ചത്
കോട്ടയ്ക്കൽ: പോലിസ് വീട്ടിൽ വന്നത് ഇഷ്ടപ്പെടാത്തതിനെത്തുടർന്ന് മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് പൊലീസുകാരെ വിരട്ടിയ യുവാവ് അറസ്റ്റിൽ. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥൻ്റെ പരാതിയിൽ കോട്ടയ്ക്കൽ അരിച്ചോൾ തട്ടാരതൊടി സനൂപ് (28) നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
ബിടെകിന് അഡ്മിഷൻ വാങ്ങി തരാം എന്ന പേരിൽ പണം തട്ടിയെന്ന പരാതി സനൂപിനെതിരെ സ്റ്റേഷനിൽ ഉണ്ടായിരുന്നു. ഇത് അന്വേഷിക്കാൻ പോലിസ് സനൂപിൻ്റെ വീട്ടിൽ പോയിരുന്നു. ഇതിൽ പ്രകോപിതനായാണ് മന്ത്രി രാജീവിന്റെ ഓഫിസിൽ നിന്നാണെന്ന് പറഞ്ഞ് ഇയാൾ സ്റ്റേഷനിലേക്ക് ഫോൺ ചെയ്തത്. സനൂപിൻ്റെ വീട്ടിലേക്ക് പോയ പോലിസുകാരുടെ തൊപ്പി തെറിപ്പിക്കുമെന്നും, ഞങ്ങൾ ഭരിക്കുന്ന പാർട്ടിയാണെന്നും പറഞ്ഞായിരുന്നു പ്രതിയുടെ അസഭ്യവർഷം.
സ്റ്റേഷനിൽ നിന്നും മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ യുവാവ് വിളിച്ച നമ്പറിലുള്ള ആരും തന്നെ ഓഫിസിലില്ലെന്ന് വ്യക്തമായി. തുടർന്ന് നമ്പറിന്റെ ഉടമയ്ക്കായി തിരച്ചിൽ ആരംഭിക്കുകയും അന്വേഷണത്തിനൊടുവിൽ നമ്പർ സനൂപിന്റേതാണെന്നു കണ്ടെത്തുകയുമായിരന്നു. സനൂപിനതിരെ ആൾമാറാട്ടത്തിന് പോലിസ് കേസെടുത്ത് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
Malappuram,Kerala
November 28, 2025 10:26 PM IST
