ഇടുക്കിയിലെ ആകാശ ഭക്ഷണശാലയിൽ വിനോദസഞ്ചാരികൾ കുടുങ്ങി; സ്ഥാപനം പൂട്ടാൻ നിർദേശിച്ച് ജില്ലാ ഭരണകൂടം | District administration orders closure of Idukki sky dining facility | Kerala
Last Updated:
സ്ഥാപനത്തിന്റെ നടത്തിപ്പുകാർക്കെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തു
ഇടുക്കി (Idukki) ആനച്ചാലിൽ ആകാശ ഭക്ഷണശാലയിൽ (sky dining) വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ സ്ഥാപനം താത്കാലികമായി അടച്ചുപൂട്ടാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു. സതേൺ സ്കൈസ് എയ്റോഡൈനാമിക്സ് എന്ന സ്ഥാപനത്തിനാണ് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ പ്രവർത്തിച്ചതിന് സ്റ്റോപ്പ് മെമോ നൽകിയത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാർക്കെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തു.
സാഹസിക വിനോദമായ ആകാശ ഭക്ഷണശാല ഒരുക്കിയ ഇടുക്കി ആനച്ചാലിലെ സ്ഥാപനത്തിനെതിരെയാണ് ജില്ലാ ഭരണകൂടവും പൊലീസും നടപടി സ്വീകരിച്ചത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ ജില്ലാ കളക്ടരുടെ നിർദേശപ്രകാരം തഹസിൽദാർ നടത്തിയ പരിശോധനയിലാണ് സ്ഥാപനത്തിന് മതിയായ രേഖകൾ ഇല്ലെന്ന് കണ്ടെത്തിയത്. ഇതേത്തുടർന്നാണ് സതേൺ സ്കൈസ് എയ്റോഡൈനാമിക്സ് എന്ന സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടാൻ ഉത്തരവിട്ടത്.
മതിയായ സുരക്ഷാ സംവിധാനങ്ങൾ പാലിക്കാതെ സാഹസിക വിനോദം നടത്തിയതിനെതിരെയാണ് നടപടി. നടത്തിപ്പുകാരായ സോജൻ, ഉടുമ്പന്നൂർ പുളിക്കമറയിൽ പ്രവീൺ എന്നിവർക്കെതിരെ വെള്ളത്തൂവൽ പൊലീസ് കേസും രജിസ്റ്റർ ചെയ്തു. ഇന്നലെ ഉച്ചയോടെ സ്കൈ ഡൈനിംഗിന് എത്തിയ കോയമ്പത്തൂർ സ്വദേശികളായ കുട്ടികൾ ഉൾപ്പെടുന്ന മലയാളി വിനോദ സഞ്ചാരികളും സ്ഥാപനത്തിലെ ഒരു ജീവനക്കാരിയുമാണ് മണിക്കൂറുകൾ ആകാശ ഉയരത്തിൽ കുടുങ്ങിയത്.
ആകാശ ഭക്ഷണശാല കാബിന്റെ ഹൈഡ്രോളിക് സംവിധാനത്തിലെ സെൻസറുകൾ തകരാറിലായതായിരുന്നു കാരണം. എന്നാൽ രണ്ടുമണിക്കൂറിലധികം ഇവർ കുടുങ്ങിയിട്ടും സ്ഥാപനത്തിലെ ജീവനക്കാർ വിവരം അറിയിച്ചില്ലെന്നും സബ് കളക്ടറുടെ നിർദേശപ്രകാരമാണ് സംഘം മൂന്നാറിൽ നിന്ന് എത്തിയതെന്നും ഫയർ ആൻഡ് റെസ്ക്യൂ സംഘം വ്യക്തമാക്കിയിരുന്നു. വിനോദസഞ്ചാരികൾ അടക്കം കുടുങ്ങിയിട്ടും ക്രെയിനിന്റെ സാങ്കേതിക തകരാർ പരിഹരിക്കാൻ രണ്ട് മണിക്കൂർ കൊണ്ടും സ്ഥാപനത്തിനായില്ല.
പരിശീലനം ലഭിച്ച ജീവനക്കാർ ശ്രമിച്ചെന്നും തകരാർ പരിഹരിക്കാൻ കാലതാമസം ഉണ്ടായെന്നുമാണ് സ്ഥാപനത്തിലെ ജീവനക്കാർ വിശദീകരിച്ചത്. 16 പേരുടെ ഇരിപ്പിടം ഉള്ള ആകാശ ഭക്ഷണശാലയിൽ നാല് വിനോദസഞ്ചാരികൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇവിടെ കുടുങ്ങിയ വിനോദ സഞ്ചാരികൾക്ക് ജില്ലാ ഭരണകൂടത്തിന്റെ കാര്യക്ഷമമായ ഇടപെടലാണ് അതിവേഗരക്ഷയായത്.
Summary: The district administration has ordered the temporary closure of the sky dining establishment in Idukki after tourists were trapped at the Anachal. A stop memo was issued to a company called Southern Skies Aerodynamics for operating without adequate safety measures. A police case has also been registered against the operators of the establishment
Thiruvananthapuram,Kerala
November 29, 2025 12:53 PM IST
