മലപ്പുറത്ത് ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്ത യൂട്യൂബറായ സിദ്ധന് പിടിയില്‍ Fake Siddha arrested for raping woman in Malappuram | Crime
Last Updated:
ആഭിചാരക്രിയകൾ ചെയ്യുന്ന ആളാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയെ പ്രതി പരിചയപ്പെട്ടത്
മലപ്പുറത്ത് ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്ത യൂട്യൂബറായ വ്യാജ സിദ്ധന് പിടിയില്‍. മലപ്പുറം കാളികാവ് ഉദിരംപൊയിൽ സ്വദേശി സജിൽ ഷറഫുദ്ദീനെയാണ് നെടുമങ്ങാട് നിന്നും കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ‘മിറാക്കിൾ പാത്ത്’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് പിടിയിലായ സജിൽ.
താൻ മഹ്ദി ഇമാം ആണ് എന്ന് അവകാശപ്പെട്ടാണ് ഇയാൾ മിറാക്കിൾ പാത്ത് എന്ന യൂട്യൂബ് ചാനൽ നടത്തിയിരുന്നത്. ശൈഖുനാ സജിൽ ചെറുപാണക്കാട് എന്ന പേരിൽ ആയിരുന്നു ഇയാളുടെ തട്ടിപ്പ്.
കൊളത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന പരാതിക്കാരിയെ പ്രതി യൂട്യൂബ് ചാനലിലൂടെയാണ് പരിചയപ്പെട്ടത്. ആഭിചാരക്രിയകൾ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിച്ച് ബന്ധം തുടർന്ന് പരാതിക്കാരി താമസിക്കുന്ന കോർട്ടേഴ്സിലേക്ക് അതിക്രമിച്ച് കടന്നാണ് പ്രതി ബലാൽസംഗം ചെയ്തത്.
ഇക്കഴിഞ്ഞ ഒക്ടോബർ 24ന് കല്പകഞ്ചേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സമാനമായ കേസിലും ഇയാൾ പ്രതിയാണ്. ഈ കേസിലെ പരാതിക്കാരിയുടെ അടുത്ത ബന്ധുവിനെയാണ് വ്യാജ സിദ്ധൻ ബലാത്സംഗം ചെയ്തത്. പ്രതിയുടെ “മിറാക്കിൾ പാത്ത്” എന്ന യൂട്യൂബ് ചാനലിന് നിരവധി ഫോളോവേഴ്സ് ഉണ്ട്.
കൊളത്തൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത് അറിഞ്ഞ് പ്രതി ഒളിവിൽ പോയിരുന്നു. പ്രതിക്കെതിരെ കൂടുതൽ പരാതിക്കാർ രംഗത്ത് വരാൻ സാധ്യതയുണ്ടെന്നും പൊലീസ് കരുതുന്നു.
മലപ്പുറം ജില്ല പോലീസ് മേധാവി ആർ വിശ്വനാഥിൻ്റെ മേൽ നോട്ടത്തിൽ പെരിന്തൽമണ്ണ ഡിവൈ.എസ്പി എ.പ്രേംജിത്തിൻ്റെ നിർദ്ദേശാനുസരണം കൊളത്തൂർ പോലീസ് ഇൻസ്പെക്ടർ ജി.പ്രൈജുവിൻ്റെ നേതൃത്വത്തിൽ CPO മാരായ സുധീഷ്,നജ്മുദ്ദീൻ, ബിജു, സുധീഷ് മേൽമുറി, വനിതാ സിപിഒ ഗ്രേസ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ നെടുമങ്ങാട് നിന്നും അറസ്റ്റ് ചെയ്തത്.
Thiruvananthapuram,Kerala
November 29, 2025 4:50 PM IST
മലപ്പുറത്ത് ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്ത യൂട്യൂബറായ സിദ്ധന് പിടിയില്‍
