Cyclone Ditwah|ഡിറ്റ് വാ ചുഴലിക്കാറ്റ്: ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത; 47 വിമാന സർവീസുകൾ റദ്ദാക്കി|cyclone ditwah triggers orange alert in tamil nadu 47 flights cancelled at chennai airport | India
Last Updated:
ചുഴലിക്കാറ്റ് ശക്തിപ്പെട്ടാൽ കൂടുതൽ വിമാനങ്ങൾ റദ്ദാക്കാൻ സാധ്യത
ചെന്നൈ: ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് അടുക്കുന്നു. ചെന്നൈ, കടലൂർ, വില്ലുപുരം, കാഞ്ചീപുരം ഉൾപ്പെടെ 9 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് (IMD) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 47 വിമാന സർവീസുകൾ റദ്ദാക്കി. ഇതിൽ 36 ആഭ്യന്തര സർവീസുകളും 11 അന്താരാഷ്ട്ര സർവീസുകളുമാണ്. ചുഴലിക്കാറ്റ് ശക്തിപ്പെട്ടാൽ കൂടുതൽ വിമാനങ്ങൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ശ്രീലങ്കയിൽ കനത്ത നാശനഷ്ടമുണ്ടാക്കിയ ശേഷമാണ് ‘ഡിറ്റ് വാ ‘ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് എത്തുന്നത്. കഴിഞ്ഞ ആറ് മണിക്കൂറായി 10 കിലോമീറ്റർ വേഗതയിൽ വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. ഞായറാഴ്ച രാവിലെ വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിലേക്ക് ഇത് അടുക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെ, തമിഴ്‌നാട്-പുതുച്ചേരി തീരപ്രദേശങ്ങളിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ദൂരത്തിലൂടെ ഇത് കടന്നുപോകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, ഡിറ്റ് വാ’ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ കാറ്റോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലകളിലും കാലാവസ്ഥ വകുപ്പ് പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 14 ജില്ലകളിലും നേരിയ മഴ സാധ്യത നിലനിൽക്കുന്നുണ്ട്.
Chennai [Madras],Chennai,Tamil Nadu
November 30, 2025 8:10 AM IST
