അടിയന്തര പരിശോധനകള്‍ക്കായി 6,000 എയര്‍ബസ് എ320 വിമാനങ്ങള്‍ തിരിച്ചുവിളിച്ചു|6000 airbus A320 planes called back for urgent checks india flight worries mount | India
6,000 വിമാനങ്ങളാണ് സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം സര്‍വീസ് നിര്‍ത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (ഇഎഎസ്എ) അടിയന്തര നിര്‍ദേശം പുറപ്പെടുവിക്കുകയായിരുന്നു.
ഒരു എ320 വിമാനത്തില്‍ ഫ്ളൈറ്റ് കണ്‍ട്രോള്‍ കമ്പ്യൂട്ടര്‍ അപ്രതീക്ഷിതമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നുണ്ടായ സുരക്ഷാ ആശങ്കയെ തുടര്‍ന്നാണ് നടപടി. വിമാനങ്ങളിലെ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയറുകളില്‍ അപ്‌ഡേറ്റ് നടത്താന്‍ കമ്പനികള്‍ ഇതോടെ നിര്‍ബന്ധിതരായിരിക്കുകയാണ്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനമെങ്കിലും അത് നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ടെന്ന് എയര്‍ബസും പറയുന്നു.
വിമാനത്തിലെ എലിവേറ്റര്‍ ആന്‍ഡ് ഐലറോണ്‍ കമ്പ്യൂട്ടറില്‍ (ഇഎല്‍എസി) സുരക്ഷാ പ്രശ്‌നം കണ്ടെത്തിയതായി എയര്‍ബസ് അറിയിച്ചു. ഫ്ളൈറ്റ് കണ്‍ട്രോള്‍ ഉയര്‍ന്ന തോതിലുള്ള സൗരോര്‍ജ്ജ വികിരണത്തിന് ഇരയാകുമെന്ന് കണ്ടെത്തുകയായിരുന്നു. ഇങ്ങനെ സംഭവിച്ചാല്‍ തെറ്റായ സിഗ്നല്‍ പുറപ്പെടുവിച്ചേക്കാം. ഇത് വിമാനത്തിന്റെ അപ്രതീക്ഷിതമായ ചലനത്തിന് കാരണമാകാം. ഇതേത്തുടര്‍ന്നാണ് ഇഎഎസ്എ വിമാനങ്ങളില്‍ പരിശോധന നടത്തി പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ചത്.
സോഫ്റ്റ്‍വെയര്‍ അല്ലെങ്കില്‍ ഹാര്‍ഡ്‍വെയര്‍ സജ്ജീകരണങ്ങളില്‍ സുരക്ഷാ നടപടികള്‍ നടപ്പാക്കാനും വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. സേവനയോഗ്യമായ ഇഎല്‍എസി യൂണിറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ബാധിക്കപ്പെടാത്ത സോഫ്റ്റ്‍വെയര്‍ പതിപ്പിലേക്ക് മടങ്ങുകയോ വേണമെന്നാണ് നിര്‍ദ്ദേശം. ഈ നടപടി യാത്രാ തടസം സൃഷ്ടിക്കുമെങ്കിലും സുരക്ഷ ഉറപ്പാക്കാന്‍ ഇത് അത്യാവശ്യമാണെന്ന് എയര്‍ബസ് സമ്മതിച്ചിട്ടുണ്ട്.
പൂര്‍ണ്ണമായും സുരക്ഷിതമായ പതിപ്പ് പുറത്തിറക്കുന്നതുവരെ പഴയ പതിപ്പിലേക്ക് മടങ്ങുന്നതും പ്രശ്‌നത്തിന് പരിഹാരമാകും. സോഫ്റ്റ്‍വെയര്‍ കോണ്‍ഫിഗറേഷനില്‍ മാറ്റം വരുത്താന്‍ മിക്ക വിമാനങ്ങള്‍ക്കും ഏകദേശം രണ്ട് മണിക്കൂര്‍ വരെ സമയമെടുത്തേക്കും. ചിലതിന് കൂടുതല്‍ സമയം ആവശ്യമായി വന്നേക്കുമെന്നാണ് വിവരം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഓപ്പറേറ്റര്‍മാര്‍ക്ക് അപ്‌ഡേറ്റുകള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ റെഗുലേറ്റര്‍മാരുമായി ഏകോപിപ്പിച്ചിട്ടുണ്ടെന്ന് എയര്‍ബസ് പറഞ്ഞു.
പുനര്‍ക്രമീകരണം പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി നല്‍കിയിട്ടുള്ള സമയപരിധി ഞായറാഴ്ച രാവിലെ 5.30-ന് അവസാനിക്കും. പരിശോധനകള്‍ പൂര്‍ത്തിയാക്കി പരിഷ്‌കരിക്കാത്ത വിമാനങ്ങള്‍ക്ക് സര്‍വീസ് തുടരാനാകില്ല.
എ320 കുടുംബത്തില്‍ നിന്നുള്ള 370 വിമാനങ്ങളാണ് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നത്. എയര്‍ ഇന്ത്യയില്‍ 127 വിമാനങ്ങളും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 40 വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്. മൂന്ന് വിമാനക്കമ്പനികളും നിര്‍ദ്ദേശം അനുസരിച്ചുള്ള സുരക്ഷാ ക്രമീകരണ നടപടികള്‍ ആരംഭിച്ചതായാണ് വിവരം. ഇത് സംബന്ധിച്ച് യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്.
നടപടി യാത്ര സമയത്തെ ബാധിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാനും കമ്പനി യാത്രികര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായും കമ്പനി വ്യക്തമാക്കി.
ആഗോളതലത്തില്‍ ഇതിന്റെ ആഘാതം പ്രദേശങ്ങള്‍ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ബ്രിട്ടീഷ് എയര്‍വേസ് പോലുള്ള ചില കമ്പനികളുടെ സര്‍വീസിനെ ഇത് പരിമിതമായേ ബാധിക്കുകയുള്ളു. അമേരിക്കന്‍ എയര്‍ലൈന്‍സിന് ഏകദേശം 340 എ320 വിമാനങ്ങള്‍ അറ്റകുറ്റപ്പണി നടത്തേണ്ടതായുണ്ട്. കൊളംബിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, മെക്‌സിക്കോ, സൗദി അറേബ്യ എന്നിവിടങ്ങളിലെ എയര്‍ലൈനുകളും ഇതിനകം സര്‍വീസ് റദ്ദാക്കലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹാര്‍ഡ്‌വെയര്‍ മാറ്റിസ്ഥാപിക്കല്‍ ആവശ്യമായി വരുമ്പോള്‍ പത്ത് ദിവസം വരെ കാലതാമസം ഉണ്ടാകുമെന്ന് ചിലര്‍ പ്രതീക്ഷിക്കുന്നു.
New Delhi,New Delhi,Delhi
November 30, 2025 8:43 AM IST