പ്രവാസിയുടെ വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്ന എസി നാടോടിസ്ത്രീകൾ മോഷ്ടിക്കുന്നത് സിസിടിവിയിൽ ലൈവായി കണ്ട് ഉടമ|owner watches AC theft live on CCTV suspects apprehended | Crime
Last Updated:
വീട്ടിൽ ആളനക്കമില്ലെന്ന് മനസ്സിലാക്കിയ പ്രതികൾ നിലത്ത് ഊരിവെച്ചിരുന്ന പഴയ എസിയുമായി കടന്നുകളയുകയായിരുന്നു
കാസർഗോഡ്: പ്രവാസിയുടെ വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്ന എയർ കണ്ടീഷണർ മോഷ്ടിച്ചു ആക്രിക്കടയിൽ വിറ്റ നാടോടിസ്ത്രീകൾ പിടിയിൽ. ദുബായിയിലിരുന്ന് സംഭവം സിസിടിവിയിൽ കണ്ട വീട്ടുടമ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. മേൽപ്പറമ്പ് പോലീസാണ് നാടോടിസ്ത്രീകളെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും പരാതി ഇല്ലാത്തതിനാൽ പോലീസ് താക്കീത് നൽകി വിട്ടയച്ചു.
മാങ്ങാട് കൂളിക്കുന്നിലെ വീട്ടിലാണ് കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മോഷണം നടന്നത്. പ്രവാസി കുടുംബസമേതം ദുബായിലാണ് താമസം. സംഭവസമയത്ത് വീട്ടിലെ ജോലിക്കാരൻ പുറത്തുപോയ തക്കം നോക്കിയാണ് മൂന്ന് നാടോടി സ്ത്രീകൾ വീട്ടുപരിസരത്ത് എത്തിയത്. വീട്ടിൽ ആളനക്കമില്ലെന്ന് മനസ്സിലാക്കിയ ഇവർ നിലത്ത് ഊരിവെച്ചിരുന്ന പഴയ എസിയുമായി കടന്നുകളയുകയായിരുന്നു. രണ്ട് സ്ത്രീകൾ എസി താങ്ങിപ്പിടിച്ച് പോകുന്നത് ദുബായിലിരുന്ന് വീട്ടുടമ സിസിടിവിയിൽ കാണുകയും ഉടൻ തന്നെ ജോലിക്കാരനെ വിവരമറിയിക്കുകയും ചെയ്തു. ജോലിക്കാരൻ തിരിച്ചെത്തുമ്പോഴേക്കും പ്രതികൾ സ്ഥലം വിട്ടിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ കളനാട്ടെ ആക്രിക്കടയിൽ 5200 രൂപയ്ക്ക് എസി വിറ്റതായി കണ്ടെത്തി. കടയുടമ നൽകിയ സൂചന പ്രകാരം പൂച്ചക്കാട്ടെ ക്വാർട്ടേഴ്സിലാണ് പ്രതികൾ താമസിക്കുന്നതെന്ന് വ്യക്തമായി. ശനിയാഴ്ച മേൽപ്പറമ്പ് പോലീസ് സംഘം ഇവരെ പിടികൂടി. വീട്ടുകാർ വിറ്റതാണെന്നാണ് ഇവർ കടക്കാരനോട് പറഞ്ഞിരുന്നത്. വീട്ടുടമകൾ പരാതിയുമായി മുന്നോട്ട് പോകാത്തതിനാൽ എസി തിരിച്ചുനൽകി നാടോടിസ്ത്രീകളെ താക്കീത് നൽകി വിട്ടയക്കുകയായിരുന്നുവെന്ന് മേൽപ്പറമ്പ് പോലീസ് അറിയിച്ചു.
Kasaragod,Kasaragod,Kerala
November 30, 2025 12:03 PM IST
പ്രവാസിയുടെ വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്ന എസി നാടോടിസ്ത്രീകൾ മോഷ്ടിക്കുന്നത് സിസിടിവിയിൽ ലൈവായി കണ്ട് ഉടമ
