SIR| പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയിൽ ഡിസംബർ ഒന്നു വരെ കണ്ടെത്തിയത് 21 ലക്ഷത്തിലധികം മരിച്ചുപോയവർ| West Bengal SIR Reveals Over 21 Lakh Deceased Voters by December 1 | India
Last Updated:
നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ മാത്രം 2.75 ലക്ഷത്തിലധികം മരിച്ചുപോയവരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വെസ്റ്റ് ബര്‍ദ്വാന്‍ ജില്ലയില്‍ 1.57 ലക്ഷം മരണപ്പെട്ട വോട്ടര്‍മാരുണ്ടെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു
സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനിടെ (എസ്‌ഐആര്‍) പശ്ചിമബംഗാളില്‍ 21 ലക്ഷം മരിച്ചുപോയ വോട്ടര്‍മാരെ തിരിച്ചറിഞ്ഞതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ മാത്രം 2.75 ലക്ഷത്തിലധികം മരിച്ചുപോയവരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വെസ്റ്റ് ബര്‍ദ്വാന്‍ ജില്ലയില്‍ 1.57 ലക്ഷം മരണപ്പെട്ട വോട്ടര്‍മാരുണ്ടെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച ഉച്ചവരെയുള്ള കണക്കാണിത്.
സംസ്ഥാനത്ത് എന്യുമറേഷന്‍ ഫോമുകളുടെ 90 ശതമാനത്തിലധികം ഡിജിറ്റലൈസേഷന്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള ശേഖരിക്കാത്ത (അണ്‍കളക്ടഡ്) എന്യൂമറേഷന്‍ ഫോമുകളുടെ ഡിജിറ്റലൈസേഷന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പൂര്‍ത്തിയാക്കുന്നതോടെ നിലവില്‍ ജീവിച്ചിരിപ്പില്ലാത്ത മൊത്തം വോട്ടര്‍മാരുടെ എണ്ണം കണ്ടെത്താനാകും. ഹാജരാകാത്തവര്‍, സ്ഥിരമായി സ്ഥലംമാറിയവര്‍, മരിച്ചവര്‍, ഡൂപ്ലിക്കേറ്റ് വോട്ടര്‍മാര്‍ എന്നിവരാണ് ബിഎല്‍ഒമാര്‍ ശേഖരിക്കാത്ത ഫോമുകളില്‍ ഉള്‍പ്പെടുന്നത്.
പല ബിഎല്‍ഒമാരും ഇതുവരെ ഈ ഫോമുകള്‍ അപ്‍ലോഡ് ചെയ്യാത്തതിനാല്‍ മരിച്ച വോട്ടര്‍മാരെ തിരിച്ചറിയുന്ന പ്രക്രിയ വൈകുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് നിരവധി ജില്ലകളില്‍ ബിഎല്‍ഒമാര്‍ ഈ ഫോമുകള്‍ അപ്‍ലോഡ് ചെയ്യാന്‍ മടിക്കുന്നതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നു.
പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രക്രിയ കാര്യക്ഷമമാക്കുന്നതിന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ മനോജ് അഗര്‍വാളും ഇലക്ട്രല്‍ റോള്‍സ് ഒബ്‌സെര്‍വര്‍ ആയ സുബ്രത ഗുപ്തയും ജില്ലാ തിരഞ്ഞെടുപ്പ് നിരീക്ഷകരായി (ഡിഇഒ) പ്രവര്‍ത്തിക്കുന്ന ജില്ലാ മജിസ്‌ട്രേറ്റുമാരുമായി കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്.
നിരവധി ബിഎല്‍ഒമാര്‍ മതിയായ സമയം കഴിഞ്ഞിട്ടും എന്യൂമറേഷന്‍ ഫോമുകളില്‍ എഎസ്ഡിഡി (ഹാജരാകാത്ത, സ്ഥലം മാറിയ, മരണപ്പെട്ട, ഡൂപ്ലിക്കേറ്റ് വോട്ടര്‍) വോട്ടര്‍മാരെ രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. എഎസ്ഡിഡി എന്ന് മാര്‍ക്ക് ചെയ്യാന്‍ മനപൂർവം നിരവധി ബിഎല്‍ഒമാര്‍ മടിക്കുന്നതായുള്ള സംഭവങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മനസ്സിലാക്കിയിട്ടുണ്ട്.
ചിലയിടങ്ങളില്‍ മരിച്ചുപോയവരെയും സ്ഥലംമാറ്റപ്പെട്ട വോട്ടര്‍മാരെയും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി എന്യൂമറേഷന്‍ ഫോമുകള്‍ കൃത്രിമമായി കൈകാര്യം ചെയ്യാന്‍ ഒരു വിഭാഗം ബിഎല്‍ഒമാരെ നിര്‍ബന്ധിക്കുന്നുണ്ടെന്നും ബിജെപി ആരോപിക്കുന്നുണ്ട്.
Kolkata [Calcutta],Kolkata,West Bengal
December 02, 2025 11:53 AM IST
