Leading News Portal in Kerala

ആസ്തി 31 കോടി, സത്യപ്രതിജ്ഞാ വാചകം വായിക്കാന്‍ പാടുപെട്ട് ബീഹാര്‍ എംഎല്‍എ; നാണക്കേടായി വീഡിയോ | Bihar MLA Vibha Devi Struggles While Taking Oath in Assembly | India


Last Updated:

രണ്ടാമത്തെ തവണയാണ് വിഭാ ദേവി എംഎല്‍എ ആകുന്നത്

News18
News18

ബീഹാര്‍ നിയമസഭയില്‍ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വാക്കുകള്‍ കിട്ടാതെ ജനതാദള്‍ (യു) എംഎല്‍എ വിഭാ ദേവി. നവാഡയില്‍ നിന്നും നിയമസഭയിലേക്ക് എത്തിയ ജെഡിയു എംഎല്‍എ വിഭാ ദേവി സത്യപ്രതിജ്ഞാ വാചകം വായിക്കാന്‍ പാടുപെടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇത് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

ഡിസംബര്‍ ഒന്നിനാണ് 18-ാമത് ബീഹാര്‍ നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞാ വാചകം ചൊല്ലുന്നതിനിടയില്‍ വിഭാ ദേവി വാക്കുകള്‍ കിട്ടാതെ ആവര്‍ത്തിച്ച് ഇടറുകയായിരുന്നു. ഒരു ഘട്ടത്തില്‍ അടുത്തിരിക്കുന്ന എംഎല്‍എ മനോരമ ദേവിയുടെ സഹായത്തിനായി അവര്‍ തിരിയുകയും ചെയ്യുന്നുണ്ട്. മനോരമ ചൊല്ലിക്കൊടുത്താണ് വിഭാ ദേവി സത്യപ്രതിജ്ഞാ ചടങ്ങ് പൂര്‍ത്തിയാക്കിയത്.

ചടങ്ങില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. വൈറല്‍ വീഡിയോയ്ക്കു താഴെ രാഷ്ട്രീയക്കാരെ വിമര്‍ശിച്ചുകൊണ്ടുള്ള നിരവധി പ്രതികരണങ്ങളും വന്നു. ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്കും മിനിമം യോഗ്യത നിര്‍ബന്ധമാക്കേണ്ട സമയമായോ എന്ന് പലരും ചോദിച്ചു.

നമ്മുടെ നിയമങ്ങളും ബജറ്റുകളും തീരുമാനിക്കുന്നവര്‍ക്ക് സ്വന്തം സത്യപ്രതിജ്ഞാ വാചകം പോലും വായിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ലക്ഷകണക്കിന് ആളുകളെ ബാധിക്കുന്ന നിയമങ്ങള്‍ വായിക്കാനും മനസ്സിലാക്കാനും നടപ്പിലാക്കാനും എങ്ങനെയാണ് അവരെ നമ്മള്‍ വിശ്വസിക്കുകയെന്ന് ഒരാള്‍ ചോദിച്ചു. വിദ്യാഭ്യാസം പൊങ്ങച്ചമല്ലെന്നും അത് ഒരു അടിസ്ഥാന ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

നിയമങ്ങള്‍ നടപ്പാക്കുന്നവര്‍ക്കൊഴികെ ബാക്കി എല്ലാ ജോലികള്‍ക്കും സര്‍ക്കാര്‍ യോഗ്യതകള്‍ നിശ്ചയിക്കുന്ന സംവിധാനത്തിലാണ് വിരോധാഭാസമെന്ന് മറ്റൊരാള്‍ കുറിച്ചു. എന്‍ട്രി ലെവല്‍ സര്‍ക്കാര്‍ സ്ഥാനങ്ങള്‍ക്ക് പോലും അടിസ്ഥാന വിദ്യാഭ്യാസം ആവശ്യമാണെങ്കിലും നിയമസഭാംഗങ്ങള്‍ക്ക് അത്തരം ആവശ്യകതകള്‍ ഒന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും അതിന്റെ പിന്നിലെ യുക്തി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും മറ്റുള്ളവര്‍ കൂട്ടിച്ചേര്‍ത്തു.

ബീഹാര്‍ രാഷ്ട്രീയത്തില്‍ വിഭാ ദേവി ഒരു അപരിചിതയല്ല. നവാഡയില്‍ നിന്ന് 18-ാം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവര്‍ ജയിലില്‍ കഴിയുന്ന മുന്‍ നിയമസഭാംഗം ബാഹുബലി രാജ് ബല്ലഭ് യാദവിന്റെ ഭാര്യയാണ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയതു പ്രകാരം 31 കോടി രൂപയുടെ ആസ്തിയാണ് വിഭാ ദേവിക്കുള്ളത്. 5.2 കോടി രൂപയുടെ ബാധ്യതകളാണ് കാണിച്ചിട്ടുള്ളത്. വാര്‍ഷിക വരുമാനം 1.1 കോടി രൂപയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

എന്നാല്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കേണ്ട കോളത്തില്‍ അവര്‍ സാക്ഷരത നേടിയിട്ടുണ്ട് എന്ന് മാത്രമാണ് ചേര്‍ത്തത്. രണ്ടാമത്തെ തവണയാണ് വിഭാ ദേവി എംഎല്‍എ ആകുന്നത്.