ഇവരല്ലേ സെലിബ്രിറ്റികൾ! കോളേജ് ആര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തത് സെക്യൂരിറ്റി ജീവനക്കാരനും സ്വീപ്പറും; സോഷ്യൽ മീഡിയയിൽ കൈയടി| Pandalam NSS College Arts Club Inaugurated by Security Guard and Sweeper Wins Social Media Applause | Kerala
Last Updated:
രമേശൻ ചേട്ടനും സിന്ധു ചേച്ചിയും ചേർന്ന് വിളക്ക് കൊളുത്തി യൂണിയൻ, ആർട്സ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. താരജാടകളില്ലാത്ത ഈ ‘നാട്ടുകാരായ’ ഉദ്ഘാടകർ വേദിയിലേക്ക് വന്നപ്പോൾ, വിദ്യാർത്ഥികൾ ഹർഷാരവത്തോടെ എഴുന്നേറ്റുനിന്ന് അവരെ വരവേറ്റു
പത്തനംതിട്ട: ആർട്സ് ക്ലബ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പന്തളം എൻഎസ്എസ് കോളേജ് യൂണിയൻ ഭാരവാഹികൾ പ്രിൻസിപ്പൽ ഡോ. എം ജി സനൽകുമാറിനെ കാണാനെത്തി. ഉദ്ഘാടകരുടെ പേരുകൾ കേട്ടപ്പോൾ പ്രിൻസിപ്പൽ ആദ്യമൊന്ന് അമ്പരന്നു. സിനിമാ താരങ്ങളുടെയോ സെലിബ്രിറ്റികളുടെയോ പ്രശസ്ത സാഹിത്യകാരന്മാരുടെയോ പേരുകളല്ല യൂണിയൻ ഭാരവാഹികൾ മുന്നോട്ട് വെച്ചത്.
അവരുടെ മനസ്സിൽ എന്നും കണ്ടുമുട്ടുന്ന, സ്നേഹത്തോടെ വിശേഷങ്ങൾ തിരക്കുന്ന, ചിരിച്ച മുഖത്തോടെ വരവേൽക്കുന്ന, കോളേജിനെ വൃത്തിയായും സുരക്ഷിതമായും കാത്തുസൂക്ഷിക്കുന്ന സെക്യൂരിറ്റി ജീവനക്കാരൻ രമേശൻ ചേട്ടനും സ്വീപ്പർ സിന്ധു ചേച്ചിയുമായിരുന്നു ആർട്സ് ക്ലബ് ഉദ്ഘാടകർ!
കോളേജിലെ വിദ്യാർത്ഥികളെ സ്വന്തം മക്കളെപ്പോലെ കാണുന്നവരാണ് ഇരുവരും. കുട്ടികളുടെ സ്നേഹവും കൊച്ചുവർത്തമാനങ്ങളും കേട്ട് തങ്ങളുടെ ജോലിഭാരം പോലും മറക്കുന്ന അവർക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു ഇത്.
പ്രിൻസിപ്പൽ സന്തോഷത്തോടെ സമ്മതം അറിയിച്ചതോടെ, രമേശൻ ചേട്ടനും സിന്ധു ചേച്ചിയും ചേർന്ന് വിളക്ക് കൊളുത്തി യൂണിയൻ, ആർട്സ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. താരജാടകളില്ലാത്ത ഈ ‘നാട്ടുകാരായ’ ഉദ്ഘാടകർ വേദിയിലേക്ക് വന്നപ്പോൾ, വിദ്യാർത്ഥികൾ ഹർഷാരവത്തോടെ എഴുന്നേറ്റുനിന്ന് അവരെ വരവേറ്റു. ഇതിന്റെ ചിത്രവും പത്രക്കട്ടിങ്ങും സമൂഹ മാധ്യമങ്ങളിലും വൈറലായി. ഒട്ടേറെ പേരാണ് കുട്ടികളെ അഭിനന്ദിച്ച് രംഗത്തുവന്നത്.
Pathanamthitta,Pathanamthitta,Kerala
December 02, 2025 2:05 PM IST
ഇവരല്ലേ സെലിബ്രിറ്റികൾ! കോളേജ് ആര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തത് സെക്യൂരിറ്റി ജീവനക്കാരനും സ്വീപ്പറും; സോഷ്യൽ മീഡിയയിൽ കൈയടി
