Leading News Portal in Kerala

വിഐപി നമ്പർ ലേലത്തില്‍ 1.17 കോടിക്ക് സ്വന്തമാക്കിയിട്ടും പണമടച്ചില്ല; ആസ്തിയും വരുമാനവും അന്വേഷിക്കാന്‍ സര്‍ക്കാര്‍ | Man fails to pay money after winning a number plate in auction | India


Last Updated:

ഇന്ത്യയിലെ ഏറ്റവും വിലയേറിയ നമ്പര്‍ പ്ലേറ്റ് എന്ന നിലയ്ക്കാണ് ഈ ഇടപാടിനെ കുറിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നത്

ലേലത്തിൽപ്പോയ നമ്പർ പ്ളേറ്റ്
ലേലത്തിൽപ്പോയ നമ്പർ പ്ളേറ്റ്

വിഐപി നമ്പര്‍ പ്ലേറ്റായ ‘HR88B8888’ 1.17 കോടി രൂപയ്ക്ക് ലേലത്തില്‍ പിടിച്ച സുധീര്‍ കുമാര്‍ പണം അടയ്ക്കുന്നതില്‍ പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇയാളുടെ ആസ്തികളും വരുമാനവും അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍.

വിഐപി നമ്പര്‍ പ്ലേറ്റുകള്‍ നേടുന്നതിനായുള്ള സംസ്ഥാനത്തിന്റെ ഓണ്‍ലൈന്‍ പ്രതിവാര ലേലത്തിലാണ് റോമുലസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറായ സുധീര്‍ കുമാര്‍ മോഹിപ്പിക്കുന്ന വില പ്രഖ്യാപിച്ച് ‘HR88B8888’ എന്ന നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയത്. ഇത് വാര്‍ത്തകളില്‍ ഇടം നേടുകയും വലിയ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ ഏറ്റവും വിലയേറിയ നമ്പര്‍ പ്ലേറ്റ് എന്ന നിലയ്ക്കാണ് ഈ ഇടപാടിനെ കുറിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നത്.

എന്നാല്‍ ഇടപാട് പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ രേഖകള്‍ സുധീര്‍ കുമാര്‍ നല്‍കാതെ വന്നതോടെയാണ് കഥയില്‍ വഴിത്തിരിവായത്. ഇതോടെ ഇതേ നമ്പര്‍ പ്ലേറ്റ് വീണ്ടും ലേലം ചെയ്യേണ്ടി വന്നു. പണം നല്‍കാന്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും സുധീര്‍ കുമാറിന് ഇടപാട് പൂര്‍ത്തിയാക്കാനായില്ല. ഇതോടെ അദ്ദേഹത്തിന്റെ സ്വത്തുക്കളും വരുമാനവും അന്വേഷിക്കാന്‍ ഹരിയാന ഗതാഗത വകുപ്പ് മന്ത്രി അനില്‍ വിജ് ഉത്തരവിട്ടു.

വിഐപി നമ്പര്‍ പ്ലേറ്റ് ലേലം ചെയ്തപ്പോള്‍ സുധീര്‍ കുമാര്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കി ലേലം പിടിച്ചതായും എന്നാല്‍ അയാള്‍ക്ക് പണം നല്‍കാന്‍ കഴിഞ്ഞില്ലെന്നും ഗതാഗത വകുപ്പ് മന്ത്രി അനില്‍ വിജ് മാധ്യമങ്ങളോട് പറഞ്ഞു. വിഐപി നമ്പര്‍ പ്ലേറ്റിന് ലേലം വിളിച്ച തുകയായ 1.17 കോടി രൂപയുടെ ആസ്തി സുധീര്‍ കുമാറിനുണ്ടോ എന്ന് അധികൃതര്‍ അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇക്കാര്യം പരിശോധിക്കാന്‍ ആദായനികുതി വകുപ്പിനോട് അഭ്യര്‍ത്ഥിക്കുമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ ലേലത്തില്‍ പങ്കെടുത്ത് നമ്പര്‍ പ്ലേറ്റിന്റെ വില വര്‍ദ്ധിപ്പിക്കുന്നത് തടയുന്നതിനാണ് ഈ നടപടിയെന്നും മന്ത്രി വ്യക്തമാക്കി.

ലേല തുക അടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ ഒന്ന് ആയിരുന്നു. ഈ തീയതിക്ക് മുമ്പ് രണ്ട് തവണ ശ്രമിച്ചിട്ടും തുക അടയ്ക്കാന്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നതായി സുധീര്‍ കുമാര്‍ അറിയിച്ചിരുന്നു. മാത്രമല്ല, ഇത്ര വലിയ തുക നമ്പര്‍ പ്ലേറ്റിന് ചെലവഴിക്കുന്നതില്‍ നിന്ന് തന്റെ കുടുംബം വിലക്കിയതായും അയാള്‍ അവകാശപ്പെട്ടു. നമ്പര്‍ പ്ലേറ്റിന് വേണ്ടി ഇത്ര വലിയ തുക ചെലവഴിക്കുന്നത് ബുദ്ധിപരമല്ലെന്നാണ് കുടുംബത്തിലെ മുതിര്‍ന്നവര്‍ പറയുന്നതെന്നും കടുംബാംഗങ്ങളുമായി ഇക്കാര്യത്തില്‍ സംസാരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നമ്പര്‍ പ്ലേറ്റിന്റെ പ്രത്യേകത

വളരെ വ്യത്യസ്ഥവും പ്രത്യേകവുമായ നമ്പര്‍ പ്ലേറ്റ് ആണ് ‘HR88B8888′ . ഇതിലെ എച്ച്ആര്‍ (HR) എന്ന അക്ഷരങ്ങള്‍ ഹരിയാനയെ സൂചിപ്പിക്കുന്നു. ’88’ എന്നത് ജില്ലയെയോ റീജിയണല്‍ ട്രാന്‍സ്‌ഫോര്‍ട്ട് ഓഫീസിനെയോ സൂചിപ്പിക്കുന്നു. ‘ബി’ (B) എന്ന അക്ഷരം വാഹന സീരീസിനെ സൂചിപ്പിക്കുന്നതാണ്. അവസാനത്തെ ‘8888’ വാഹനത്തിന് നല്‍കിയിട്ടുള്ള നാലക്ക രജിസ്‌ട്രേഷന്‍ നമ്പറാണ്. ഈ നമ്പര്‍ പ്ലേറ്റ് തുടര്‍ച്ചയായ എട്ടുകളുടെ ഒരു നിര പോലെ തോന്നുന്നു എന്നതാണ് ഇതിന്റെ സവിശേഷത.

മലയാളം വാർത്തകൾ/ വാർത്ത/India/

വിഐപി നമ്പർ ലേലത്തില്‍ 1.17 കോടിക്ക് സ്വന്തമാക്കിയിട്ടും പണമടച്ചില്ല; ആസ്തിയും വരുമാനവും അന്വേഷിക്കാന്‍ സര്‍ക്കാര്‍