മുഖ്യമന്ത്രിയായിരിക്കെ ജഗന്മോഹന് റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ Jaganmohan Reddy spent more than two hundred crore rupees on air travel in 5 years as Chief Minister | India
Last Updated:
2019-നും 2024-നും ഇടയില്‍ സര്‍ക്കാര്‍ വിമാന യാത്രയ്ക്കായി 222.85 കോടി രൂപ ചെലവഴിച്ചതായി ആന്ധ്രാപ്രദേശ് ഏവിയേഷന്‍ കോര്പ്പറേഷന് ലിമിറ്റഡിന്റെ കണക്കുകള്‍ പറയുന്നു
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അഞ്ച് വര്‍ഷ കാലയളവിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേതാവ് വൈസ്എസ് ജഗന്മോഹന് റെഡ്ഡി വിമാന യാത്രകള്‍ക്കായി 222 കോടി രൂപ ചെലവഴിച്ചതായി ആരോപണം. സംസ്ഥാന ട്രഷറിയില്‍ നിന്നും വിമാന യാത്രാ ചെലവുകള്‍ വഹിക്കുന്നതിനായി ഇത്രയും തുക ജഗന്മോഹന് റെഡ്ഡി പിന്‍വലിച്ചതായാണ് ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടി (ടിഡിപി) ആരോപണമുന്നയിച്ചിട്ടുള്ളത്. ഈ വാദം സാധൂകരിക്കുന്ന കണക്കുകളും ടിഡിപി പങ്കുവെച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ ഇത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി.
സംസ്ഥാന മാനവവിഭവശേഷി വികസന വകുപ്പ് മന്ത്രി നരാ ലോകേഷ് ഹൈദരാബാദിലേക്ക് ഇടയ്ക്കിടെ പറക്കുന്നതിന് പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്യുന്നതായി വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ഇതോടെ മുന്‍ മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയും അദ്ദേഹത്തിന്റെ ഭരണകാലയളവില്‍ ചാര്‍ട്ടേര്‍ഡ് വിമാന യാത്രകള്‍ക്കായി പൊതുപണം ദുരുപയോഗം ചെയ്തതായി ആരോപണം ഉയരുകയായിരുന്നു.
അതേസമയം, മന്ത്രി ലോകേഷിന്റെ വിമാന യാത്രകളുടെ ചെലവുകള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഒരു വകുപ്പും വഹിച്ചിട്ടില്ലെന്ന് കൊടമല സുരേഷ് ബാബു സമര്‍പ്പിച്ച വിവരാവകാശ രേഖയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം, ഐടി, റിയല്‍ ടൈം ഗവേണന്‍സ് എന്നീ വകുപ്പുകളും മന്ത്രി കൈകാര്യം ചെയ്യുന്നുണ്ട്. ലോകേഷ് ഹൈദരാബാദിലേക്ക് നടത്തിയ 77 യാത്രകള്‍ക്കും മന്ത്രി സ്വന്തം പോക്കറ്റില്‍ നിന്നാണ് പണം നല്‍കിയതെന്ന് വിവരാവകാശ രേഖയില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു.
മന്ത്രി ലോകേഷിനെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ടിഡിപി നിഷേധിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ നഗ്നമായ നുണകള്‍ എന്നുപറഞ്ഞാണ് ടിഡിപി തള്ളിയത്. ജഗന്മോഹന് റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്തെ വിമാന യാത്ര ചെലവുകളുടെ കണക്കുകളും പാര്‍ട്ടി പുറത്തുവിട്ടു.
2019-നും 2024-നും ഇടയില്‍ സര്‍ക്കാര്‍ വിമാന യാത്രയ്ക്കായി 222.85 കോടി രൂപ ചെലവഴിച്ചതായി ആന്ധ്രാപ്രദേശ് ഏവിയേഷന്‍ കോര്പ്പറേഷന് ലിമിറ്റഡിന്റെ കണക്കുകള്‍ പറയുന്നു. 2019-20-ല്‍ 31.43 കോടി രൂപയും 2020-21-ല്‍ 44 കോടി രൂപയും 2021-22-ല്‍ 49.45 കോടി രൂപയും 2022-23-ല്‍ 47.18 കോടി രൂപയും 2023-24-ല്‍ 50.81 കോടി രൂപയും ചെലവഴിച്ചിട്ടുണ്ടെന്ന് രേഖകള്‍ പറയുന്നു.
ഫിക്സഡ് വിംഗ് വിമാനങ്ങള്‍ക്ക് 112.50 കോടി രൂപയും ഹെലികോപ്റ്റര്‍ ചാര്‍ജുകള്‍ക്ക് 87.02 കോടി രൂപയും ക്രൂ, ഹാന്‍ഡ്ലിംഗ് തുടങ്ങിയ പ്രവര്‍ത്തന ചെലവുകള്‍ക്കായി 23.31 കോടി രൂപയും ചെലവഴിച്ചതായി ഡാറ്റ വെളിപ്പെടുത്തുന്നു.
എന്‍ഡിഎ സര്‍ക്കാരിന്റെ 18 മാസത്തെ എല്ലാ ഔദ്യോഗിക യാത്രകള്‍ക്കും ലോകേഷ് വ്യക്തിഗത ഫണ്ട് ഉപയോഗിച്ചപ്പോള്‍ ജഗന്മോഹന് റെഡ്ഡിയുടെ അഞ്ച് വര്‍ഷത്തെ ഭരണകാലത്ത് വിമാന യാത്രയ്ക്കായി സംസ്ഥാന ട്രഷറിയില്‍ നിന്ന് 222 കോടി രൂപ ചെലവഴിച്ചതായി കാണിക്കുന്ന കണക്കുകള്‍ പങ്കുവെച്ച് ടിഡിപി കൃത്യമായ താരതമ്യം നടത്തി. മന്ത്രിയായിരുന്ന 18 മാസത്തിനിടെ ലോകേഷ് തന്റെ യാത്രകള്‍ക്കായി സര്‍ക്കാരില്‍ നിന്ന് ഒരു രൂപ പോലും വാങ്ങിയില്ലെന്നും ടിഡിപി എക്സില്‍ കുറിച്ചു.
New Delhi,Delhi
December 04, 2025 10:22 PM IST
