രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിൽ എത്തിച്ച മലയാളി ഡ്രൈവർ കസ്റ്റഡിയിൽ | Driver Who Transported Rahul Mamkootathil to Bengaluru Taken Into Custody | Kerala
Last Updated:
ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ അവസാന ലൊക്കേഷൻ സുള്ള്യയിലാണെന്ന് അന്വേഷണസംഘം
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലേക്ക് എത്തിച്ച മലയാളി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽ ജോലി ചെയ്യുന്ന ഇയാളെ, രാഹുൽ മാങ്കൂട്ടത്തിലിന്റെ യാത്രാവിവരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ചോദ്യം ചെയ്തുവരികയാണ്. കേസന്വേഷണത്തിന്റെ ഭാഗമായാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
രാഹുൽ വിവിധ വാഹനങ്ങളിൽ മാറി മാറി സഞ്ചരിക്കുന്നതായും അദ്ദേഹത്തിന് അവിടുത്തെ ആളുകളുടെ സഹായം ലഭിക്കുന്നുണ്ടെന്നുമാണ് സൂചന. രാഹുലിനെ നിശ്ചിത കേന്ദ്രത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു ഇയാളുടെ ദൗത്യം മാത്രമായിരുന്നു എന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം.
രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയിട്ട് ഇന്ന് എട്ടാം ദിവസമാണ്. ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ അവസാന ലൊക്കേഷൻ സുള്ള്യയിലാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതോടെ, കർണാടക – കേരള അതിർത്തിയിലെ തിരച്ചിൽ പോലീസ് ശക്തമാക്കി. പൊലീസിൽനിന്ന് വിവരങ്ങൾ ചോരുന്നതായി അന്വേഷണസംഘത്തിന് സംശയമുണ്ട്. ഈ സാഹചര്യത്തിൽ, പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി.) നീക്കങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കണമെന്നാണ് ഉന്നതതലത്തിൽനിന്ന് ലഭിച്ചിട്ടുള്ള നിർദേശം.
Thiruvananthapuram,Kerala
December 04, 2025 11:07 AM IST
