‘തിരുവനന്തപുരം നഗരസഭയിൽ 40 ശതമാനം കമ്മീഷൻ ഭരണം;കേന്ദ്രഫണ്ട് ദുരുപയോഗത്തിൽ കേന്ദ്ര അന്വേഷണം വരും’: ബിജെപി 40 percent commission rule in Thiruvananthapuram corporation Centre to investigate misuse of central funds says BJP | Kerala
തിരുവനന്തപുരം നഗരസഭ 2016 മുതൽ 2025 വരെ ഉറവിട മാലിന്യ സംസ്കരണത്തിനായി നടപ്പിലാക്കിയ 15.5 കോടി രൂപയുടെ കിച്ചൻ ബിൻ പദ്ധതിയിൽ നടന്നത് വൻ അഴിമതിയും കൊള്ളയുമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മൂന്ന് ലക്ഷത്തിന് മുകളിലുള്ള പദ്ധതികൾക്ക് ടെൻഡർ വേണമെന്ന നിയമം ലംഘിച്ച് നടപടികൾ പാലിക്കാതെ കോയമ്പത്തൂർ ആസ്ഥാനമായുള്ള ഒമേഗ എക്കോടെക്ക് കമ്പനിയെ നഗരസഭ പദ്ധതി നടത്തിപ്പ് ഏൽപ്പിച്ചു. എന്നാൽ ശുചിത്വ മിഷൻ്റെ അംഗീകാരം ഒമേഗ എക്കോടെക്കിന് ഇല്ലാത്തത് ചൂണ്ടി കാണിച്ചപ്പോൾ പദ്ധതി IRTCE യെ ഏൽപ്പിക്കുകയും, ഉപകരണങ്ങൾ ഒമേഗ എക്കോടെക്കിൽ നിന്ന് തന്നെ വാങ്ങണമെന്ന നിബന്ധന കരാറിൽ വയ്ക്കുകയും ചെയ്തു. പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന് പറഞ്ഞ് 2019 ൽ ഒൻപത് കോടി രൂപ ഒമേഗ എക്കോടെക്കിന് തന്നെ നല്‍കുകയും മറ്റൊരു പതിന്നൊന്ന് ലക്ഷത്തി പതിമൂന്നായിരത്തി നൂറ്റി പതിനാല് രൂപ നഗരസഭയിൽ വേതനം വാങ്ങി കൺസൾട്ടൻ്റായി പ്രവർത്തിക്കുന്ന സുഗതൻ എന്ന വ്യക്തിക്ക് ഒമേഗാ ഇൻഫോടെക്കിന് വേണ്ടി നല്‍കിയതായും രേഖയുണ്ടന്നും, ഇക്കാര്യത്തിൽ ബി ജെ പി യുടെ ആവശ്യപ്രകാരം വിജിലൻസ് കേസ് എടുത്തപ്പോൾ അന്വേക്ഷിക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് നിയോഗിച്ചത് ഒമേഗ എക്കോടെക്കിൻ്റെ ഉല്പന്നങ്ങൾ തന്നെ വാങ്ങണമെന്ന് IRTC യോട് നിഷ്കർഷിച്ച ഉമ്മു സൽമ എന്ന ഉദ്യോഗസ്ഥയെ തന്നെയാണന്നും, ഒരു ബിൻ 1440 രൂപയ്ക്ക് വിതരണം ചെയ്യാമെന്ന് പറഞ്ഞ കരാറ് കാരനെ ഒരു സി പി എം കൗൺസിലറുടെ ഇടപെടലിനെ തുടർന്ന് ഒഴിവാക്കി, പർച്ചേസ് കമ്മിറ്റിയുടെ ഒരു കോടി എന്ന പരിധി ലംഘിച്ചാണ് ഒമേഗാ എക്കോടെക്കിന് അനുമതി നല്കിയെതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പദ്ധതി പ്രകാരം എത്തുന്ന കിച്ചൻ ബിൻ നഗരസഭയുടെ സെൻട്രൽ സ്റ്റോറിൽ സൂക്ഷിക്കേണ്ടതിന് പകരം ആതാത് സോണൽ ഓഫിസുകളിൽ കുറച്ച് വീതം കൊണ്ട് വച്ച് ബിന്നിൻ്റെ എണ്ണത്തിൻ്റെ കണക്ക് പെരുപ്പിച്ച് കാണിച്ചെന്നും, കണക്കിൽ അറുപതിനായിരം കിച്ചൻ ബിൻ ഉണ്ടെന്ന് നഗരസഭ പറയുന്ന നഗര പരിധിയിൽ രണ്ടായിരത്തിന് താഴെ മാത്രമേ യഥാർത്ഥത്തിൽ ബിന്നുകൾ ഉള്ളുവെന്നും, അതിൻ്റെ തെളിവാണ് അറുപതിനായിരം കിച്ചൺ ബിൻ പ്രവർത്തിപ്പിക്കാൻ തൊണ്ണൂറായിരം ഇനോക്കുലം വേണ്ട സ്ഥാനത്ത് നഗരസഭ വാങ്ങുന്നത് മൂവായിരം കിലോ മാത്രമാണെന്നുള്ളത്. ഇതിനർത്ഥം രണ്ടായിരത്തിന് താഴെ മാത്രമേ കിച്ചൻ ബിന്നുകൾ നഗരത്തിൽ സ്ഥാപിച്ചിട്ടുള്ളുവെന്നും ബാക്കി അൻപത്തിയെട്ടായിരം കിച്ചൺ ബിന്നുകളുടെ തുക മേയറും , ഉദ്യോഗസ്ഥരും, സിപിഎമ്മും കൂടി കൊള്ളയടിച്ചെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നഗരസഭയുടെ മരാമത്ത് പണികളിൽ നാല്പതു ശതമാനമാണ് ഉദ്യോഗസ്ഥരും പാർട്ടിയും കൂടി കൊള്ളയടിക്കുന്നത്. ഇതിന് ചുക്കാൻ പിടിക്കുന്നത് സി പി എം നേതാവ് പ്രസിഡന്റായ കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മരാമത്ത് പണികളിൽ അധിക പണികളും കൂടി കൂട്ടി ചേർത്ത് റിവൈസ്ഡ് എസ്റ്റിമേറ്റ് നൽകി പണം വെട്ടുന്ന രീതിയുടെ ഭാഗമായാണ് മരാമത്ത് പണികളുടെ മുന്നൂറ് കോടി രൂപയുടെ ഫയലുകൾ നഗരസഭയിൽ ആഡിറ്റ് ചെയ്യാൻ സാധിക്കാത്ത രീതിയിൽ കാണാതാക്കിയത് എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തിരുവനന്തപുരം നഗരസഭയെ സി പി എം വെള്ളരിക്കാപ്പട്ടണമാക്കി മാറ്റി. അഴിമതി മാത്രമാണ് സിപിഎമ്മിൻ്റെ ലക്ഷ്യവും രാഷ്ട്രിയവും. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ എല്‍ഡിഎഫും യുഡിഎഫും അഴിമതി നടത്തുന്നത് നമ്മള് എത്ര കൊല്ലമായി സഹിക്കുന്നു. എന്തുകൊണ്ടാണ് തിരുവനന്തപുരം കോര്പ്പറേഷന് ജനങ്ങളുടെയോ നഗരത്തിന്റെയോ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇവര്‍ക്ക് കഴിയാത്തത്. ഉത്തരം ഉത്തരം ലളിതമാണ്. സിപിഎമ്മിന്റെ അഴിമതി രാഷ്ട്രീയം തന്നെയാണ് പ്രധാന കാരണംമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പണം കട്ട് മുടിക്കുന്ന അഴിമതിക്കാരെ തുറന്ന് കാട്ടാനും അന്വേഷണത്തിലൂടെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാനും സമയമായിരിക്കുന്നു.
സര്‍ക്കാരിന്റെ പണം രാഷ്ട്രീയക്കാരുടെ കീശയിലേക്ക് പോവരുത്. രാഷ്ട്രീയക്കാര്‍ക്ക് തട്ടിക്കൊണ്ടുപോകാനുള്ളതല്ല ജനങ്ങളുടെ പണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അഴിമതിയാണ് ഇടതുപക്ഷത്തിന്റെയും ലക്ഷ്യം അഴിമതിയാണ് ഈ രണ്ടുകൂട്ടരുടേയും രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷം പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് അഴിമതിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. ഈ അഴിമതിയില്‍ അന്വേഷണം നടക്കണം. ഇതില്‍ അന്വേഷണം നടത്താന്‍ സംസ്ഥാനം തയ്യാറായില്ലങ്കില്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ജനാധിപത്യത്തില്‍ തദ്ദേശ സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നത് . കുടിവെള്ളമാണോ, റോഡാണോ, സീവേജ് ആണോ, ഡ്രൈനേജ് ആണോ, തെരുവുനായ ശല്യമാണോ, ഇതെല്ലാം പരിഹരിക്കേണ്ട ഉത്തരവാദിത്തം കോര്‍പ്പറേഷന്റേതാണ്.തിരുവനന്തപുരം കോര്പ്പറേഷന് 45 കൊല്ലമായി ഭരിച്ചത് എല്‍ഡിഎഫ് ആണ്. 45 കൊല്ലം മുമ്പ് ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ ഇന്നും പരിഹരിക്കാതെ തുടരുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ഒരു മാറ്റം കൊണ്ടുവരണം. അഴിമതി രഹിത ഭരണം ജനങ്ങളുടെ അവകാശമാണെന്നും രാജീവ് ചന്ദ്രശഖര്‍ പറഞ്ഞു.
ബി ജെ പി സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എസ് സുരേഷ്, അനുപ് ആൻ്റണി , സംസ്ഥാന ഉപാദ്ധ്യക്ഷ ആർ. ശ്രീലേഖ ( Retd.IPS ), സംസ്ഥാന സെക്രട്ടറി വി വി രാജേഷ് എന്നിവരും പങ്കെടുത്തു.
Thiruvananthapuram,Kerala
December 05, 2025 7:09 PM IST
‘തിരുവനന്തപുരം നഗരസഭയിൽ നടക്കുന്നത് 40 ശതമാനം കമ്മീഷൻ ഭരണം;കേന്ദ്ര ഫണ്ട് ദുരുപയോഗത്തിൽ കേന്ദ്ര അന്വേഷണം വരും’: ബിജെപി