ക്ഷേത്രത്തിൽ ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്; സഹകരണ ബാങ്കിന് ഉപയോഗിക്കാനാകില്ല; സുപ്രീം കോടതി | Temple Funds Cannot Be Diverted to Cooperative Banks, Rules Supreme Court | India
Last Updated:
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം, തൃശിലേരി ശിവക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ രണ്ട് സഹകരണ ബാങ്കുകളിൽ നടത്തിയ സ്ഥിരനിക്ഷേപം പിൻവലിച്ച് ദേശസാൽകൃത ബാങ്കുകളിലേക്ക് മാറ്റാൻ കേരള ഹൈക്കോടതി നിർദേശിച്ചിരുന്നു
ന്യൂഡൽഹി: ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടതാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ആ പണം ക്ഷേത്രത്തിന്റെ താത്പര്യത്തിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ക്ഷേത്രത്തിന്റെ പണം ഉപയോഗിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം, തൃശിലേരി ശിവക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ രണ്ട് സഹകരണ ബാങ്കുകളിൽ നടത്തിയ സ്ഥിരനിക്ഷേപം പിൻവലിച്ച് ദേശസാൽകൃത ബാങ്കുകളിലേക്ക് മാറ്റാൻ കേരള ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനെതിരെ മാനന്തവാടി അർബൻ കോപ്പറേറ്റീവ് സൊസൈറ്റിയും തിരുനെല്ലി സർവ്വീസ് കോപ്പറേറ്റിവ് ബാങ്കുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിന്റെ 1.73 കോടി സ്ഥിരനിക്ഷേപമാണ് മാനന്തവാടി അർബൻ കോപ്പറേറ്റീവ് സൊസൈറ്റിയിലുള്ളത്. തൃശിലേരി ശിവക്ഷേത്രത്തിന്റെ 15.68 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും മാനന്തവാടി അർബൻ കോപ്പറേറ്റീവ് സൊസൈറ്റിയിൽ ഉണ്ട്.
തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിന്റെ 8.5 കോടി സ്ഥിരനിക്ഷേപവും തൃശിലേരി ശിവക്ഷേത്രത്തിന്റെ 1.5 കോടിയുടെ സ്ഥിരനിക്ഷേപവുമാണ് തിരുനെല്ലി സർവ്വീസ് കോപ്പറേറ്റീവ് ബാങ്കിൽ ഉള്ളത്. കാലാവധി പൂർത്തിയാകാത്ത ഈ നിക്ഷേപങ്ങൾ ഒറ്റയടിക്ക് പിൻവലിച്ചാൽ സഹകരണ സംഘങ്ങൾ പ്രതിസന്ധിയിലാകുമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി. സുരേന്ദ്ര നാഥ്, അഭിഭാഷകൻ മനു കൃഷ്ണൻ എന്നിവർ വാദിച്ചു.
ഈ വാദം അംഗീകരിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് തയ്യാറായില്ല. ഹൈക്കോടതി ഉത്തരവിൽ ഇടപെടുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. പണം ദേശസാൽകൃത ബാങ്കുകളിലേക്ക് മാറ്റുന്നതിൽ എന്താണ് കുഴപ്പമെന്ന് സുപ്രീം കോടതി ചോദിച്ചു.
December 06, 2025 11:06 AM IST
ക്ഷേത്രത്തിൽ ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്; സഹകരണ ബാങ്കിന് ഉപയോഗിക്കാനാകില്ല; സുപ്രീം കോടതി
