ആവേശമായി കലാശക്കൊട്ട്; ആദ്യഘട്ടത്തിലെ പരസ്യപ്രചാരണത്തിന് സമാപനം the first phase of local body election campaign in seven district concludes | Kerala
Last Updated:
അവസാനഘട്ടത്തിൽ വോട്ടുറപ്പിക്കാനായി റോഡ് ഷോകളും ബൈക്ക് റാലികളുമായി മുന്നണികൾ സജീവമായിരുന്നു
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിലെ പരസ്യ പ്രചാരണത്തിന് ആവേശകരമായ സമാപനം.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യ പ്രചാരണമാണ് അവസാനിച്ചത്. വൈകിട്ട് ആറിനാണ് പരസ്യ പ്രചരണം അവസാനിപ്പിച്ചത്.
അവസാനഘട്ടത്തിൽ വോട്ടുറപ്പിക്കാനായി റോഡ് ഷോകളും ബൈക്ക് റാലികളുമായി മുന്നണികൾ സജീവമായിരുന്നു. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രമുഖ നേതാക്കൾ കലാശക്കൊട്ടിന് നേതൃത്വം നൽകി. തിങ്കളാഴ്ച നിശബ്ദ പ്രചരണമാണ്. ചൊവ്വാഴ്ചയാണ് ആദ്യ ഘട്ട വോട്ടെടുപ്പ്.തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍.ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.
സംഘർഷം ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.ഉദ്യോഗസ്ഥരുടെ നിരീക്ഷണം എല്ലാ കലാശക്കൊട്ട് കേന്ദ്രങ്ങളിലും ഉണ്ടായിരുന്നു. ഇടുക്കി കട്ടപ്പന വെട്ടിക്കുഴകവലയിൽ യു ഡി എഫ് വിമത സ്ഥാനാർത്ഥിയുടെ പ്രവർത്തകർക്ക് മർദനമേറ്റു.തിരുവനന്തപുരം പോത്തൻകോട് കലാശക്കൊട്ടിനിടയിൽ സിപിഎം- കോൺഗ്രസ് സംഘർഷമുണ്ടായി.
പോളിങ് സാധനങ്ങളുടെ വിതരണം തിങ്കളാഴ്ച രാവിലെ 9 ന് ആരംഭിക്കും. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ആകെ 117 വിതരണ കേന്ദ്രങ്ങളാണുള്ളത്. വിതരണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി.11നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. 13 നു വോട്ടെണ്ണൽ നടക്കും.
Thiruvananthapuram,Kerala
December 07, 2025 7:34 PM IST
