Leading News Portal in Kerala

Kerala Local Body Polls 2025 Live: തിരുവനന്തപുരം മുതൽ എറണാകുളം വരെ 7 ജില്ലകൾ പോളിങ് ബൂത്തിലേക്ക്; വോട്ടിങ് 7ന് തുടങ്ങും | Kerala


തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,167 വാര്‍ഡുകളിലേക്ക് 36,620 സ്ഥാനാർത്ഥികളാണുള്ളത്. രാവിലെ ആറിന് മോക്പോളിങ് തുടങ്ങി. ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ മൂന്നുവോട്ട് ചെയ്യണം. (ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്). മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഒരു വോട്ട് മാത്രമാണ്. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴുജില്ലകളിൽ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 13-ന് രാവിലെ വോട്ടെണ്ണും.

1.32 കോടിയിലധികം വോട്ടർമാർക്കായി 15,422 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. അതേസമയം, സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിലേക്കുള്ള വോട്ടെടുപ്പ് മാറ്റിവെച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കനുസരിച്ച് 480 പ്രശ്നബാധിത ബൂത്തുകളുണ്ട്. ഈ കേന്ദ്രങ്ങളിൽ പ്രത്യേക പോലീസ് സുരക്ഷയും വെബ് കാസ്റ്റിംഗും വീഡിയോ ഗ്രാഫിയും ഉണ്ടാകും. വോട്ടെടുപ്പിനായി 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000 പോലീസുകാരെയുമാണ് നിയോഗിച്ചിട്ടുള്ളത്.