Leading News Portal in Kerala

‘കുറ്റവാളി അല്ലാതിരുന്നിട്ടും ശിക്ഷിക്കപ്പെട്ടുവെന്ന് ദിലീപിന് തോന്നിയാൽ എന്താണ് തെറ്റ്’: രഞ്ജി പണിക്കര്‍| Renji Panicker Backs Court Stand in Actress Assault Case Supports Dileeps Feeling of Being Unjustly Punished | Kerala


Last Updated:

WCCക്ക് പ്രതിഷേധമുണ്ടാകും. ഏത് കേസിലും ഒരു ഭാഗത്തുള്ള ആളുകൾ അവർക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കും

രഞ്ജി പണിക്കർ
രഞ്ജി പണിക്കർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിയുടെ നിലപാട് ശരിയാണെന്ന് വിശ്വസിക്കുന്നതായി നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍. WCCക്ക് പ്രതിഷേധമുണ്ടാകുന്നത് സ്വാഭാവികമാണ്. കുറ്റവാളി അല്ലാതിരുന്നിട്ടും താൻ ശിക്ഷിക്കപ്പെട്ടുവെന്ന് ദിലീപിന് തോന്നിയാൽ അതിൽ എന്താണ് തെറ്റെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.

‘കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് എന്റെ വിശ്വാസം. ദിലീപ് കുറ്റവാളിയല്ല എന്നല്ലേ കോടതി പറഞ്ഞത്. WCCക്ക് പ്രതിഷേധമുണ്ടാകും. ഏത് കേസിലും ഒരു ഭാഗത്തുള്ള ആളുകൾ അവർക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കും, മറുഭാഗത്തുള്ളവർ അവർക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കും. അപ്പോൾ, സ്വാഭാവികമായും പ്രതീക്ഷിച്ചത് കിട്ടാത്തവർക്ക് പരിഭവും പ്രതിഷേധവും ആക്ഷേപവുമൊക്കെയുണ്ടാകും.

തനിക്കെതിരേ ഗൂഢാലോചന നടന്നുവെന്ന് ദിലീപ് പറയുന്നില്ലേ. ദിലീപ് പറഞ്ഞതിന്റെ ഉത്തരം ദിലീപ് പറയണം. ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടില്ലെന്നല്ലേ കോടതി പറയുന്നത്. ഞാൻ ഈ കേസിൽ കോടതിയുടെ നിലപാട് ആണ് ശരി എന്ന് വിശ്വസിക്കുന്ന ആളാണ്. ദിലീപിനെ സംബന്ധിച്ച് അയാൾ വേട്ടയാടപ്പെട്ടു എന്നതാണല്ലോ അദ്ദേഹത്തിന്റെ വികാരം. കുറ്റവാളിയല്ലാതെ ശിക്ഷിക്കപ്പെട്ട ആളാണ് താനെന്ന തോന്നൽ ദിലീപിനുണ്ടായാൽ എന്താണ് തെറ്റ്. പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ ദിലീപിനെതിരേ ഗൂഢാലോചന നടത്തിയെന്നല്ലേ അദ്ദേഹത്തിന്റെ വാദം. നമ്മുടെ രാജ്യത്ത് പോലീസ് ഉദ്യോഗസ്ഥർ കള്ളത്തെളിവ് ഉണ്ടാക്കിയ കേസുകൾ ഉണ്ടായിട്ടില്ലേ?

അതിജീവതയ്ക്കൊപ്പം എന്ന കൃത്യമായ നിലപാടുള്ള കേസിൽ അപ്പീൽ പോകാനുള്ള ബാധ്യതയും ഉത്തരവാദിത്തവും സർക്കാരിനുണ്ട്. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടതും ശിക്ഷിക്കപ്പെടാത്തതുമായ മിക്കവാറും കേസുകൾ മേൽക്കോടതിയിലേക്ക് പോകാറില്ലേ. സുപ്രീംകോടതി വരെയുള്ള സാധ്യതകൾ സർക്കാരിന് പരിശോധിക്കേണ്ടി വരും. കാരണം, ഇതൊരു സെൻസേഷണൽ കേസാണ്. ഇന്ത്യ മുഴുവൻ ശ്രദ്ധിച്ച കേസാണ്’- വോട്ട് ചെയ്തശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് രഞ്ജി പണിക്കര്‍ പ്രതികരിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘കുറ്റവാളി അല്ലാതിരുന്നിട്ടും ശിക്ഷിക്കപ്പെട്ടുവെന്ന് ദിലീപിന് തോന്നിയാൽ എന്താണ് തെറ്റ്’: രഞ്ജി പണിക്കര്‍