Leading News Portal in Kerala

‘നീതി കിട്ടിയില്ല, അതിജീവിതയ്‌ക്കൊപ്പം’; മലക്കം മറിഞ്ഞ് അടൂര്‍ പ്രകാശ്| Controversy Forces UDF Convener Adoor Prakash to Reverse Stand on Dileep Case Verdict | Kerala


Last Updated:

ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നതെന്നായിരുന്നു അടൂര്‍ പ്രകാശ് ആദ്യം പറഞ്ഞത്

അടൂർ പ്രകാശ്
അടൂർ പ്രകാശ്

പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിലെ കോടതിവിധിയുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ച പ്രതികരണം വിവാദമായതിന് പിന്നാലെ മലക്കം മറിഞ്ഞ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് തന്നെയാണ് താന്‍ പറഞ്ഞതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ചില ഭാഗങ്ങള്‍ മാത്രമാണ് സംപ്രേഷണം ചെയ്തതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു.

‘നീതിന്യായ കോടതിയില്‍ നിന്ന് വിധി വരുമ്പോള്‍ തള്ളിപ്പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിജീവിതയ്ക്ക് നീതി കിട്ടിയില്ല, നീതി കിട്ടാനുള്ള കാര്യങ്ങള്‍ നടക്കണം. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചയ്ക്ക് സര്‍ക്കാര്‍ ഉരുണ്ട് കളിക്കേണ്ട കാര്യമില്ല. അതിജീവിതയ്ക്ക് ഒപ്പമാണ്. കോണ്‍ഗ്രസ് അത് വ്യക്തമാക്കിയിട്ടുണ്ട്’- അടൂര്‍ പ്രകാശ് പറഞ്ഞു.

ഇതും വായിക്കുക: ‘ദിലീപിന് നീതി ലഭ്യമായി; അപ്പീൽ പോകുന്നത് സർക്കാരിന് വേറെ പണിയില്ലാത്തതിനാൽ’: അടൂർ പ്രകാശ്

നടിയെ ആക്രമിച്ച കേസില്‍ കുറെ ആളുകള്‍ ശിക്ഷിക്കപ്പെട്ടെന്നും ദിലീപിനെ ഒഴിവാക്കിയെന്നും അതേക്കുറിച്ചുള്ള അഭിപ്രായമാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു അടൂര്‍ പ്രകാശിന്‍റെ വിശദീകരണം. അപ്പീല്‍ പോയി അതിജീവിതകള്‍ക്ക് നീതി ലഭിക്കുന്നുണ്ടോയെന്നും അടൂര്‍ പ്രകാശ് ചോദിച്ചു. അപ്പീല്‍ പോകുന്നതിനെ കുറിച്ച് സര്‍ക്കാര്‍ തീരുമാനിക്കണം. അപ്പീല്‍ പോകണോ വേണ്ടയോ എന്നത് അടൂര്‍ പ്രകാശോ യുഡിഎഫോ അല്ല തീരുമാനിക്കേണ്ടത്. അപ്പീല്‍ പോകരുതെന്ന് തടസം നിന്നിട്ടില്ലെന്നും പാര്‍ട്ടി നിലപാടിനൊപ്പമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നതെന്നായിരുന്നു അടൂര്‍ പ്രകാശ് ആദ്യം പറഞ്ഞത്. നടിയെന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവര്‍ക്കും കിട്ടണമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങവേയായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം. ഈ പ്രതികരണം യുഡിഎഫിനെ പ്രതിസന്ധിലാക്കിയിരുന്നു. യുഡിഎഫ് നേതാക്കളെല്ലാം അടൂര്‍ പ്രകാശിനെ തള്ളി രംഗത്തെത്തിയതിന് പിന്നാലെയാണ് അടൂര്‍ പ്രകാശിന്‍റെ മലക്കം മറിച്ചില്‍.