Leading News Portal in Kerala

Chief Minister Pinarayi Vijayan Responds to Dileep’s Allegations | Kerala


Last Updated:

ഗൂഢാലോചന നടത്തിയെന്ന് ദിലീപ് പരാതിപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

News18
News18

കണ്ണൂർ: നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന നടൻ ദിലീപിൻ്റെ പ്രസ്താവന അദ്ദേഹത്തിൻ്റെ തോന്നൽ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിനെതിരെയുള്ള ദിലീപിൻ്റെ പ്രസ്താവന എന്തുകൊണ്ടെന്ന് വ്യക്തമാണെന്നും, എന്നാൽ ഗൂഢാലോചന നടത്തിയെന്ന് ദിലീപ് പരാതിപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ തെളിവുകൾ വന്നതിൻ്റെ അടിസ്ഥാനത്തിലാണ് കേസിൻ്റെ അന്വേഷണം മുന്നോട്ട് പോയത്. അത് ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് പറയാൻ പാടില്ല. പോലീസിനെതിരെയുള്ള ദിലീപിൻ്റെ ആരോപണം സ്വയം ന്യായീകരിക്കാനുള്ള ശ്രമം മാത്രമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേസിലെ അതിജീവിതയ്ക്ക് എല്ലാ ഘട്ടത്തിലും പിന്തുണ നൽകുന്ന പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഈ നിലപാട് തുടരും. പ്രോസിക്യൂഷൻ നല്ല രീതിയിൽ കേസ് കൈകാര്യം ചെയ്തെന്നും, കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് പൊതുസമൂഹവും നിയമവൃത്തങ്ങളും നല്ല അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

“കൃത്യമായ നിലപാട് സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നു എന്ന സന്ദേശമാണ് ഇതിലൂടെ ഉണ്ടായത്. കോടതി വിധി എന്താണെന്ന് കണ്ടശേഷമേ പ്രതികരിക്കാൻ സാധിക്കൂ. വിധിയുമായി ബന്ധപ്പെട്ട് നിയമപരമായി പരിശോധന നടത്തിയ ശേഷം തുടർനടപടി സ്വീകരിക്കും.”- മുഖ്യമന്ത്രി അറിയിച്ചു. വിധിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൺവീനർ പ്രതികരിച്ചത് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ നിലപാടാണ്.

“എന്തിനാണ് ധൃതിപ്പെട്ട് ഇങ്ങനെ ഒരു പ്രതികരണമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. പൊതുസമൂഹത്തിൻ്റെ വിലയിരുത്തലല്ല അത്. അതിജീവിതയ്ക്കൊപ്പമാണ് പൊതുസമൂഹം. സർക്കാരിനും അതേ നിലപാടാണ്.” അദ്ദേഹം പറഞ്ഞു.

സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദുമായി ബന്ധപ്പെട്ട് ചലച്ചിത്ര പ്രവർത്തക നൽകിയ പരാതി ഇ-മെയിൽ സന്ദേശമായാണ് തനിക്ക് ലഭിച്ചത്. അത് ശ്രദ്ധയിൽപ്പെട്ട ഉടൻ പോലീസിനു കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

​’ഗൂഢാലോചന നടന്നെന്ന ദിലീപിന്റെ പ്രസ്താവന തോന്നൽ; പൊലീസിനെതിരെയുള്ള ആരോപണം ന്യായീകരിക്കൽ’: മുഖ്യമന്ത്രി