ബംഗളുരുവിൽ വിദ്യാർത്ഥിയായ 19-കാരിയെ മലയാറ്റൂരിൽ മരിച്ച നിലയിൽ കണ്ടെത്തി | Malayali student studying in Bengaluru was found dead in Malayattoor | Kerala
Last Updated:
ആൺസുഹൃത്തിനെ അടക്കം ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ്
കൊച്ചി: രണ്ടു ദിവസം മുൻപ് കാണാതായ 19 വയസ്സുള്ള മലയാളി ബിരുദ വിദ്യാർഥിനിയെ വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിൻ്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19) ആണ് മരിച്ചത്.
ബെംഗളൂരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർഥിയായിരുന്ന ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. തുടർന്ന് മാതാപിതാക്കൾ കാലടി പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ ഇന്ന് മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
പെൺകുട്ടി ജീവനൊടുക്കിയതാണോ കൊലപാതകമാണോ എന്നതിനെക്കുറിച്ച് അന്വേഷണം നടന്നു വരികയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ. മരണവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മൊബൈൽ ഫോൺ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ആൺസുഹൃത്തിനെ അടക്കം ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Kochi [Cochin],Ernakulam,Kerala
December 09, 2025 9:05 PM IST
