Leading News Portal in Kerala

‘ചോദ്യങ്ങള്‍ക്ക് മറുപടിയില്ല, പ്രതിപക്ഷമെന്നാല്‍ നശീകരണപക്ഷമെന്ന് കരുതുന്നതിന്റെ ദുരന്തം’; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി| Pinarayi Vijayan Responds to VD Satheesans Public Debate Challenge on Facebook | Kerala


Last Updated:

എന്തിനെയും എതിര്‍ക്കുക എന്നത് നയമായി സ്വീകരിച്ചവര്‍ക്ക് ഓരോ വിഷയത്തിലും സ്വീകരിച്ച നിലപാടുകളെ പിന്നീട് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ഒരിക്കല്‍ കൂടി ഓർമിപ്പിക്കുന്നെന്നും മുഖ്യമന്ത്രി

പിണറായി വിജയൻ, വി ഡി സതീശൻ
പിണറായി വിജയൻ, വി ഡി സതീശൻ

തിരുവനന്തപുരം: സംവാദത്തിന് ക്ഷണിച്ചുകൊണ്ടുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാന്‍ പ്രതിപക്ഷനേതാവിന് കഴിയുന്നില്ലെന്നും പകരം, വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ നിരത്തുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു.

‘ഇന്നലെ പ്രതിപക്ഷ നേതാവിനോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അതിന് മറുപടി എന്ന മട്ടില്‍ അദ്ദേഹം ചില കാര്യങ്ങള്‍ ഇന്ന് ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിനുപോലും ദൗര്‍ഭാഗ്യവശാല്‍ അതില്‍ ഉത്തരം കാണുന്നില്ല. പകരം വസ്തുതാവിരുദ്ധവും അബദ്ധജഡിലവുമായ കുറെ കാര്യങ്ങള്‍ നിരത്തുകയാണ്. ഞാന്‍ ഉന്നയിച്ച ഒരു വിഷയത്തിന് പോലും കൃത്യമായ മറുപടി പറയാന്‍ കഴിയാത്തതിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാകൂ. പ്രതിപക്ഷം എന്നാല്‍ നശീകരണ പക്ഷമാണ് എന്ന് സ്വയം വിശ്വസിക്കുന്നതിന്റെ ദുരന്തമാണ് ഇത്’- മുഖ്യമന്ത്രി വിമര്‍ശിക്കുന്നു.

ലൈഫ് മിഷന്‍, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെന്‍ഷന്‍, ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്‌ലൈന്‍, കിഫ്ബി, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോണ്‍, ചൂരല്‍മല-മുണ്ടക്കൈ, കെ-റെയില്‍ എന്നീ വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാട് എന്ത്, ഇതിനുമുന്‍പ് സ്വീകരിച്ചതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നതാണ് അക്കമിട്ടുള്ള ചോദ്യം. അവയ്ക്കുള്ള മറുപടി പ്രതീക്ഷിക്കുന്നെന്നും മുഖ്യമന്ത്രി കുറിപ്പില്‍ പറയുന്നു.

ലൈഫ്മിഷന്‍, വിഴിഞ്ഞം, തുരങ്കപാത, ദേശീയപാത വികസനം, തീരദേശ ഹൈവേ, ക്ഷേമപെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ചത്. മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതിനൊപ്പം ചില ചോദ്യങ്ങള്‍ തിരിച്ച് ചോദിക്കാനുണ്ടെന്നും അതിന് മറുപടി നല്‍കാന്‍ തയ്യാറുണ്ടോ എന്നും സതീശന്‍ ചോദിച്ചിരുന്നു. സംവാദത്തിനുള്ള സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് സതീശന്‍ പറഞ്ഞിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘ചോദ്യങ്ങള്‍ക്ക് മറുപടിയില്ല, പ്രതിപക്ഷമെന്നാല്‍ നശീകരണപക്ഷമെന്ന് കരുതുന്നതിന്റെ ദുരന്തം’; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി