ഉറങ്ങിക്കിടന്ന മാതാപിതാക്കള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന് 23 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു | 23-day-old baby accidentally smothered while sleeping beside parents | India
Last Updated:
നവജാത ശിശുക്കളെ ഉറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലേക്ക് ഈ സംഭവം വിരല്‍ ചൂണ്ടുന്നു
രാത്രിയില്‍ ഉറങ്ങിക്കിടക്കവെ മാതാപിതാക്കള്‍ക്കിടയിൽ ഞെരിഞ്ഞമര്‍ന്ന് ശ്വാസം മുട്ടി 23 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയിലാണ് സംഭവം. നവജാത ശിശുക്കളെ ഉറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലേക്ക് ഈ സംഭവം വിരല്‍ ചൂണ്ടുന്നു.
വിവാഹം കഴിഞ്ഞ് നാല് വര്‍ഷം കാത്തിരുന്നതിന് ശേഷമാണ് ദമ്പതികള്‍ക്ക് കുഞ്ഞു ജനിച്ചത്. ഞായറാഴ്ച രാത്രി ഇരുവരും കുഞ്ഞിനൊപ്പം കിടന്നുറങ്ങിയതായിരുന്നു. പിറ്റേദിവസം ഉണര്‍ന്നപ്പോള്‍ കുഞ്ഞ് അനക്കമറ്റ് കിടക്കുന്നത് കണ്ടു. ഉടന്‍ തന്നെ കുഞ്ഞിനെ ഗജ്രൗളിയിലെ കമ്യൂണിറ്റ് ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നതായി അവിടെയുള്ള ഡോക്ടര്‍ യോഗേന്ദ്ര സിംഗ് സ്ഥിരീകരിച്ചു. പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് അസ്വസ്ഥരായ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കാതെ മടങ്ങിയതായി ഡോക്ടര്‍ പറഞ്ഞു.
അബദ്ധത്തില്‍ ഞെരിഞ്ഞമര്‍ന്ന് ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. തണുപ്പുകാലത്ത് ചൂട് ലഭിക്കുന്നതിനായി ആളുകള്‍ ചേര്‍ന്ന് കിടക്കുമ്പോള്‍ ഇത്തരം അപകടസാധ്യതകള്‍ നിലനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. ”ചെറിയ കുട്ടികള്‍ക്കൊപ്പം കിടന്നുറങ്ങുമ്പോള്‍ മാതാപിതാക്കള്‍ അതീവ ജാഗ്രത പാലിക്കണം, പ്രത്യേകിച്ച് തണുപ്പുകാലത്ത്,” ഡോ. സിംഗ് കൂട്ടിച്ചേര്‍ത്തു. കുഞ്ഞുങ്ങള്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്.
തണുപ്പുകാലങ്ങളില്‍ കുഞ്ഞുങ്ങൾക്ക് ഉറക്കത്തില്‍ സംഭവിക്കുന്ന സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം(എസ്ഐഡിഎസ്) സംബന്ധിച്ച് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു. മിക്ക എസ്ഐഡിഎസ് കേസുകളും ഒന്ന് മുതല്‍ നാല് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളിലാണ് സംഭവിക്കുന്നതെന്നും തണുപ്പ് കൂടുതലുള്ള മാസങ്ങളില്‍ ഇത്തരം കേസുകള്‍ വര്‍ധിക്കുന്നതായും അവർ കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തില്‍ മരണപ്പെട്ട കുട്ടികളുടെ മരണകാരണം വിശദീകരിക്കാന്‍ പര്യാപ്തമായ ആന്തരികമോ ബാഹ്യമോ ആയ പരിക്കുകള്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ കാണാറില്ലെന്നും ഡോക്ടര്‍മാര്‍ വിശദീകരിച്ചു.
December 11, 2025 1:20 PM IST
