Leading News Portal in Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിന് ജാമ്യമില്ല Former Devaswom Board President A Padmakumar denied bail in Sabarimala gold loot case | Kerala


Last Updated:

കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്

എ പത്മകുമാർ
എ പത്മകുമാർ

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി.കട്ടിളപ്പാളി കേസിലെ ജാമ്യ ഹ‍ർജിയിലാണ് കൊല്ലം വിജിലൻസ് കോടതി വിധി പറഞ്ഞത്. സഭവം നടക്കുന്ന സമയത്ത് പത്മകുമാറായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റെന്നും അതുകൊണ്ടുതന്നെ കേസിൽ പത്മകുമാറിന് നിര്‍ണായ പങ്കുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.

സംഭവത്തിൽ ദേവസ്വം ബോർഡിന് കൂട്ടുത്തരവാദിത്തമാണുള്ളതെന്നും അന്ന് ശബരിമലയിൽ ഉണ്ടായിരുന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെല്ലാം കേസില്‍ പ്രതികളാണ് എന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഉന്നത സ്വാധീനമുള്ള പ്രതികൾ ജാമ്യത്തിലിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന അന്വേഷണ സംഘത്തിൻ്റെ ആശങ്ക ശരിവച്ച കോടതി പത്മകുമാറിന് ജാമ്യം നല്‍കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

ദ്വാരപാലക വിഗ്രഹങ്ങളിൽ ചാർത്താനുള്ള സ്വർണം തട്ടിയെടുത്ത കേസിലാണ് പത്മകുമാറിനെ എസ്‌ഐടി ആദ്യം പ്രതിചേര്‍ത്തത്. ഇതിന് പിന്നാലെ, ദ്വാരപാലക ശില്‍പപാളികള്‍ കടത്തിയ കേസിലും പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ പ്രതിചേർക്കുകയായിരുന്നു.

കേസിലെ മറ്റ് പ്രതികളായ മുരാരി ബാബു, കെ എസ് ബൈജു, എൻ വാസു എന്നിവരും ജാമ്യാപേക്ഷയുമായി നേരത്തെ കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പത്മകുമാറിൻ്റെ ജാമ്യ ഹർജിയും തള്ളിയിരിക്കുന്നത്. ജാമ്യാപേക്ഷയുമായി മേല്‍ക്കോടതിയെ സമീപിക്കാനാണ് പത്മകുമാറിന്റെ തീരുമാനം.