ഏഷ്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ്; മെക്‌സിക്കോ തീരുമാനം ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ? | Mexico imposes 50 percent tariff on Asian products how India gonna impact | India
അതേസമയം, സ്വതന്ത വ്യാപാര കരാർ നിലനിൽക്കുന്ന രാജ്യങ്ങളായ യുഎസ്, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവയെ ഈ നിരക്ക് വർധന ബാധിക്കില്ല. ഇന്ത്യയ്ക്ക് മെക്‌സിക്കോയുമായി വ്യാപാര കരാർ ഇല്ലാത്തതിനാൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഉയർത്തിയ പുതിയ തീരുവ ബാധകമാകും.
സെനറ്റ് അംഗീകരിച്ച താരിഫ് ഘടനയിൽ ഇറക്കുമതി ചെയ്യുന്ന 1460ലധികം ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം മുതൽ 50 ശതമാനം വരെ തീരുവകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചില നിർദ്ദിഷ്ട വിഭാഗങ്ങളിലാണ് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റുള്ളവ 30 മുതൽ 35 ശതമാനം വരെയുള്ള സ്ലാബിലും താഴ്ന്ന സ്ലാബുകൾ അഞ്ച് ശതമാനമായും കണക്കാക്കിയിരിക്കുന്നു. വാഹനങ്ങൾ, യന്ത്രങ്ങൾ, സ്റ്റീൽ, കെമിക്കൽ ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ, പാദരക്ഷകൾ, ഇലക്രിക്കൽ-ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ, പാസ്റ്റിക്കിൽ നിർമിച്ച വസ്തുക്കൾ തുടങ്ങിയ നിലവിൽ മെക്‌സിക്കോ എഫ്ടിഎ പങ്കാളികളല്ലാത്ത രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇവയെല്ലാം ഇപ്പോൾ പുതുക്കിയ താരിഫ് നിരക്കുകൾക്ക് വിധേയമായിരിക്കും.
സ്വതന്ത്രവ്യാപാര കരാറിന്റെ ഭാഗമാകുന്ന രാജ്യങ്ങൾക്കിടയിൽ വ്യാപാരം ചെയ്യുന്ന സാധനങ്ങളുടെ താരിഫ് കുറയ്ക്കുകയോ അല്ലെങ്കിൽ അവ ഇല്ലാതാക്കാക്കുകയോ ചെയ്യുന്നു. താരിഫ് വർധിപ്പിക്കുന്നത് എഫ്ടിഎ പങ്കാളികളല്ലാത്തവർക്ക് മാത്രമാണ് ബാധകമാകുന്നത്. അതിനാൽ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കും.
ഒന്നിലധികം കാരണങ്ങളാണ് താരിഫ് ഉയർത്തുന്നതിന് മെക്സിക്കോ ഉയർത്തിക്കാട്ടുന്നത്. അതിൽ പ്രധാന കാരണം ചൈനയിൽ നിന്നുള്ള കുറഞ്ഞ വിലയ്ക്കുള്ള ഇറക്കുമതി തോതാണ്. ചൈനയ്ക്ക് മെക്‌സിക്കോയുമായി 100 ബില്ല്യൺ ഡോളറിലധികം വ്യാപാര മിച്ചമുണ്ട്. ഇത് രാജ്യത്തെ സ്റ്റീൽ, വാഹന ഘടകങ്ങൾ, ടെക്‌സ്റ്റൈൽ മേഖലകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ചൈനീസ് കമ്പനികൾ മെക്‌സിക്കോയിൽ പ്രവർത്തനം ആരംഭിക്കുകയും അമേരിക്കയ്ക്ക് സാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്ന സാഹചര്യമുണ്ട്. യുഎസ്-മെക്‌സിക്കോ-കാനഡ കരാറിന്റെ 2026ലെ അവലോകനത്തിന് മുന്നോടിയായാണ് താരിഫിൽ മാറ്റം വരുത്തിയത്. മെക്‌സിക്കൻ ചാനലുകൾ വഴി ചൈനീസ് ഉത്പന്നങ്ങൾ യുഎസിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച് ബൈഡൻ ഭരണകൂടവും പുതിയ ട്രംപ് ഭരണകൂടവും മെക്‌സിക്കോയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
മെക്‌സിക്കോയ്ക്ക് അമേരിക്ക ഇതിനോടകം തന്നെ 25 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തീരുവ നയം മെക്‌സിക്കോ പ്രഖ്യാപിച്ചത്. മെക്‌സിക്കോയ്‌ക്കെതിരേ കൂടുതൽ നടപടിയെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ മെക്‌സിക്കോ വഴി ഏഷ്യൻ ഉത്പ്പനങ്ങൾ യുഎസിൽ എത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകളും വർധിച്ചിട്ടുണ്ട്.
ആഭ്യന്തര വ്യവസായത്തെയും തൊഴിലിനെയും സംരക്ഷിക്കുന്നതിനും വിലകുറഞ്ഞ ഇറക്കുമതി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമുള്ള ഒരു മാർഗമായാണ് മെക്‌സിക്കോ താരിഫ് വർധനവിനെ കാണുന്നത്. കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി നടക്കുന്നതിനാൽ കടുത്ത മത്സരം നേരിടുന്ന മെക്‌സിക്കൻ തൊഴിലാളികളുടെ പ്രതിരോധമായാണ് മെക്‌സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൽബോമും ഭരണകക്ഷിയായ മൊറീന പാർട്ടിയും താരിഫ് നിരക്ക് ഉയർത്തിയതിനെ വിശേഷിപ്പിച്ചത്. ഇത് പ്രതിവർഷം ഏകദേശം 3.7 മുതൽ 3.75 ബില്ല്യൺ ഡോളറിന്റെ അധികവരുമാനം തരുമെന്ന് കരുതുന്നു.
2024ൽ ഇന്ത്യ മെക്‌സിക്കോയിലേക്ക് 8.9 ബില്ല്യൺ ഡോളറിന്റെ ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. 1.86 ബില്ല്യൺ ഡോളറിന്റെ വാഹനങ്ങൾ, 612.38 മില്ല്യൺ ഡോളറിന്റെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ, 560.87 മില്ല്യൺ ഡോളറിന്റെ യന്ത്രങ്ങൾ, 388.04മില്ല്യൺ ഡോളറിന്റെ ജൈവരാസ വസ്തുക്കൾ, 386.03 മില്ല്യൺ ഡോളറിന്റെ അലുമിനിയം, 211.20 മില്ല്യൺ ഡോളറിന്റെ ഫാർമസ്യൂട്ടിക്കൽ ഉത്പ്പന്നങ്ങൾ എന്നിവ ഇന്ത്യൻ കയറ്റുമതിയിൽ ഉൾപ്പെടുന്നതായി 2025ലെ ട്രേഡിംഗ് ഇക്കണോമിക്‌സ് ഡാറ്റയിൽ പറയുന്നു.
മെക്സിക്കോ താരിഫ് നിരക്ക് ഉയർത്തിയതോടെ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഓട്ടോമൊബൈൽ മേഖലയെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. ഇന്ത്യ പ്രതിവർഷം 800 മില്ല്യൺ മുതൽ ഒരു ബില്ല്യൺ ഡോളർ വരെ മൂല്യമുള്ള പാസഞ്ചർ വാഹനങ്ങൾ മെക്‌സിക്കോയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കും സൗദി അറേബ്യയ്ക്കും ശേഷം ഇന്ത്യയുടെ മൂന്നാമത്തെ വലിയ പാസഞ്ചർ വാഹന കയറ്റുമതി വിപണിയാണ് മെക്‌സിക്കോ. പുതിയ നിരക്ക് പ്രകാരം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന പാസഞ്ചർ വാഹനങ്ങൾക്ക് 50 ശതമാനം താരിഫ് നേരിടേണ്ടി വരും. മുമ്പ് ഇത് ഏകദേശം 20 ശതമാനമായിരുന്നു.
ഇന്ത്യയുടെ 1.8 ബില്ല്യൺ ഡോളറിന്റെ കാർ കയറ്റുമതി ഭീഷണി നേരിടുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സ്‌കോഡ ഓട്ടോ ഫോക്‌സ്വാഗൺ, ഹ്യുണ്ടായ്, നിസ്സാൻ, മാരുതി സുസുക്കി എന്നിവ ഇതിൽ ഉൾപ്പെടുന്നു. മെക്‌സിക്കോയിലേക്കുള്ള ഇന്ത്യയുടെ പാസഞ്ചർ വാഹന കയറ്റുമതിയുടെ പകുതിയും സ്‌കോഡ ഓട്ടോയാണ് വഹിക്കുന്നത്.
ഇരുമ്പ് -സ്റ്റീൽ കയറ്റുമതി 35 ശതമാനം മതുൽ 40 ശതമാനം വരെയുള്ള താരിഫ് നിരക്കുകളുടെ പരിധിയിൽ വരും. തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവയുടെ കയറ്റുമതി 30 മുതൽ 35 ശതമാനം വരെയുള്ള സ്ലാബ് പരിധിയിൽ ഉൾപ്പെടും.
പുതിയ താരിഫ് നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ മെക്‌സിക്കോയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ 25 ശതമാനം മുതൽ 40 ശതമാനം വരെ കുറയാൻ സാധ്യതയുണ്ട്. വാഹന വിപണിയിലായിരിക്കും ഇത് ഏറ്റവും കൂടുതൽ പ്രതിഫലിക്കുക.
പുതിയ താരിഫ് വർധനവ് അംഗീകരിക്കുന്നതിന് മുമ്പ് അത് തടയാൻ ഇന്ത്യയിലെ കയറ്റുമതിക്കാൻ ശ്രമം നടത്തിയിരുന്നു. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ഓട്ടോമൊബൈൽ കയറ്റുമതിക്കാർ ഇന്ത്യൻ സർക്കാരിനുമേലും സമ്മർദം ചെലുത്തിയതായി റോയിട്ടേഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ ശ്രമങ്ങൾ വിജയം കണ്ടില്ല. പുതിയ തീരുവ പ്രാബല്യത്തിൽ വന്നാൽ ആഘാതം പരിമിതപ്പെടുത്തുന്നതിന് മെക്‌സിക്കോയുമായി ഒരു സ്വതന്ത്ര വ്യാപാര കരാറിന്റെയോ ഓട്ടോമൊബൈൽ, സ്റ്റീൽ തുടങ്ങിയ മേഖലകളെ ഉൾക്കൊള്ളുന്ന ഒരു ഭാഗിക സ്‌കോപ്പ് ക്രമീകരണത്തിന്റെയോ സാധ്യത ഇന്ത്യ പരിശോധിച്ചു വരികയാണ്.
താരിഫ് വർധിപ്പിക്കുന്നതോടെ സ്റ്റീൽ, തുണിത്തരങ്ങൾ, നിർദ്ദിഷ്ട ഓട്ടോ-പാർട്ട്‌സ് വിഭാഗങ്ങളിലെ മെക്സിക്കൻ വ്യവസായങ്ങൾ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം എഫ്‌ടിഎ ഇതര രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കൂടുതൽ ചെലവേറിയതായിത്തീരും. പുതിയ താരിഫ് ഘടനയിൽ നിന്ന് മെക്സിക്കൻ സർക്കാർ അധിക വരുമാനവും കണ്ടെത്തും. ഇന്ത്യ, ചൈന, മറ്റ് എഫ്‌ടിഎ ഇതര ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള കയറ്റുമതിക്കാർക്ക് ഉയർന്ന ചെലവുകൾ നേരിടേണ്ടിവരും. കൂടാതെ മെക്സിക്കൻ ഉപഭോക്താക്കൾക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ഉയർന്ന വില നൽകേണ്ടിയും വന്നേക്കാം. ഏഷ്യൻ ഉത്പന്നങ്ങളെ ആശ്രയിക്കുന്ന മെക്സിക്കോയിലെ നിർമ്മാതാക്കൾക്കും വർദ്ധിച്ച ഉൽപാദനച്ചെലവ് നേരിടേണ്ടി വന്നേക്കാം.
Thiruvananthapuram,Kerala
December 12, 2025 4:58 PM IST