ബെംഗളൂരൂ-എറണാകുളം വന്ദേഭാരതിന് മികച്ച പ്രതികരണം; ആദ്യ ഒരു മാസത്തില്‍ യാത്ര ചെയ്തത് 55,000 പേര്‍ Bengaluru-Ernakulam Vande Bharat receives excellent response fifty-five thousand people travelled in the first month | India
Last Updated:
കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആദ്യത്തെ അന്തര്‍ സംസ്ഥാന സെമി ഹൈസ്പീഡ് പ്രീമിയം ട്രെയിനാണിത്
നവംബര്‍ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസിന് ആദ്യ മാസത്തില്‍ തന്നെ മികച്ച പ്രതികരണം. രണ്ട് ദിശയിലേക്കുമുള്ള യാത്രക്കാരുടെ ശേഷിയുടെ 100 ശതമാനം ബുക്കിംഗുകള്‍ കടന്നതായും ഇതുവരെ 55,000ലധികം പേര്‍ യാത്ര ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആദ്യത്തെ അന്തര്‍ സംസ്ഥാന സെമി ഹൈസ്പീഡ് പ്രീമിയം ട്രെയിന്‍ ആണിത്. നവംബറില്‍ ബെംഗളൂരു-എറണാകുളം സര്‍വീസില്‍ 11,447 പേരാണ് യാത്ര ചെയ്തത്, ശരാശരി ബുക്കിംഗ് 127 ശതമാനം.
ഡിസംബറില്‍ ബെംഗളൂരു-എറണാകുളം സര്‍വീസില്‍ 16,129 പേര്‍ യാത്ര ചെയ്തു. ശരാശരി ബുക്കിംഗ് 117 ശതമാനം. ബെംഗളൂരു ഡിവിഷനിലെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വെയുടെ(എസ്ഡബ്ല്യുആര്‍) കണക്കുകള്‍ പ്രകാരം ഡിസംബറില്‍ ശരാശരി 117 ശതമാനം ബുക്കിംഗ് ആണ് നടത്തിയത്. നവംബറില്‍ എറണാകുളം-ബെംഗളൂരു സര്‍വീസില്‍ 12,786 യാത്രക്കാരുണ്ടായിരുന്നു. ശരാശരി ബുക്കിംഗ് 141 ശതമാനം. ഡിസംബറില്‍ ഇത് 14,742 ആയി ഉയര്‍ന്നു. ശരാശരി ബുക്കിംഗ് 106 ശതമാനമാണെന്ന് കണക്കുകള്‍ വ്യക്തമാക്കി.
വെയിറ്റിംഗ് ലിസ്റ്റ് ഉള്‍പ്പെടെ ആകെ ബുക്കിംഗുകളുടെ എണ്ണമാണ് റെയില്‍വെ ഒക്യുപെന്‍സി(ഉള്‍ക്കൊള്ളുന്നവരുടെ എണ്ണം) കണക്കാക്കുന്നത്. അതായത് 100 സീറ്റുകള്‍ ലഭ്യമാകുകയും 27 ബുക്കിംഗുകള്‍ വെയിറ്റിംഗ് ലിസ്റ്റില്‍ വരികയും ചെയ്താല്‍ അത് 127 ശതമാനമായി കണക്കാക്കുന്നു.
ക്രിസ്തുമസ് പുതുവത്സരാഘോഷം, ശബരിമല തീര്‍ത്ഥാടനം എന്നിവയുള്ളതിനാല്‍ ഡിസംബറില്‍ ട്രെയിന്‍ ടിക്കറ്റുകളുടെ ആവശ്യകതയില്‍ വര്‍ധനവുണ്ടാകുമെന്ന് എസ്‌ഡബ്ല്യുആര്‍ പ്രതീക്ഷിക്കുന്നു. ദിവസേന യാത്ര ചെയ്യുന്നവര്‍, ബിസിനസ് ആവശ്യത്തിനായി യാത്ര ചെയ്യുന്നവര്‍, വിദ്യാര്‍ഥികള്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ക്ക് ഈ ട്രെയിന്‍ ഒരു മികച്ച തിരഞ്ഞെടുപ്പാണെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Ernakulam,Kerala
December 13, 2025 6:57 PM IST
