Leading News Portal in Kerala

Kerala Local Body Election Results: തദ്ദേശപ്പോരിൽ വീണവര്‍| Leaders Who Faced Unexpected Defeat in Local Polls | Kerala


Last Updated:

മുൻ എംഎൽഎമാരടക്കം പല പ്രമുഖരും തിരഞ്ഞെടുപ്പ് ഗോദയിൽ കാലിടറി വീണു. ഈ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പ്രമുഖരെ അറിയാം

തദ്ദേശ തിരഞ്ഞെടുപ്പ്
തദ്ദേശ തിരഞ്ഞെടുപ്പ്

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ നേട്ടം സ്വന്തമാക്കി യുഡിഎഫ്. കൈവശമുണ്ടായിരുന്ന കോർപറേഷനുകളടക്കം ഇടതുമുന്നണിയെ കൈവിട്ടപ്പോൾ ബിജെപിയും അപ്രതീക്ഷിത മുന്നേറ്റം നടത്തി. മുൻ എംഎൽഎമാരടക്കം പല പ്രമുഖരും തിരഞ്ഞെടുപ്പ് ഗോദയിൽ കാലിടറി വീണു. ഈ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പ്രമുഖരെ അറിയാം.

ഇ എം അഗസ്തി- കട്ടപ്പന നഗരസഭയില്‍ മത്സരത്തിനിറങ്ങിയ ഇ എം അഗസ്തിക്ക് പരാജയത്തിന്റെ കയ്പ്പുനീര്. 22-ാം വാർഡ് ഇരുപതേക്കറിലാണ് അഗസ്തി മത്സരിച്ചത്. ഇടതുപക്ഷ സ്ഥാനാർത്ഥി സി ആർ മുരളി 60 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വാർഡ് പിടിച്ചെടുത്തത്. മുൻ പീരുമേട്, ഉടുമ്പഞ്ചോല എംഎൽഎയായ അഗസ്തി, ഈ പരാജയത്തിന് പിന്നാലെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിടപറയുകയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു.

എ വി ഗോപിനാഥ്- എല്‍ഡിഎഫ് ടിക്കറ്റില്‍ മല്‍സരിച്ച മുന്‍ ഡിസിസി പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ എ വി ഗോപിനാഥ് പെരിങ്ങോട്ടുകുറിശ്ശിയില്‍ തോറ്റു. ഗോപിനാഥിന്‍റെ സ്വതന്ത്ര ജനാധിപത്യ മുന്നണി എല്‍ഡിഎഫിനോട് ചേര്‍ന്നാണ് മല്‍സരിച്ചത്. സിപിഐയ്ക്കൊപ്പം ലീഗിലെ ഒരു വിഭാഗവും തനിക്ക് വോട്ടുചെയ്യുമെന്നായിരുന്നു ഗോപിനാഥ് നേരത്തെ അവകാശപ്പെട്ടിരുന്നത്.

ലതിക സുഭാഷ്- കോട്ടയം നഗരസഭയിലെ തിരുനക്കര വാർഡിൽ മത്സരിച്ച എൻസിപി നേതാവ് ലതികാ സുഭാഷിന് വൻതോൽവി. അപ്രതീക്ഷിത സ്ഥാനാർത്ഥി യായി എത്തിയ ലതിക ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യു‍ഡിഎഫിലെ സുശീല ഗോപകുമാറാണ് ഇവിടെ വൻ വിജയം നേടിയത്. സുശീലക്ക് 703 വോട്ടുകളും ബിജെപി സ്ഥാനാർഥി നിത്യ രതീഷിന് 279 വോട്ടുകളും ലഭിച്ചപ്പോൾ ലതിക സുഭാഷ് നേടിയത് കേവലം 113 വോട്ടുകളാണ്. 2021ൽ സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞതിന്റെ പേരിൽ കോൺഗ്രസ് വിട്ട ലതികാ സുഭാഷ്, പിന്നീട് എൻസിപിയിൽ ചേരുകയായിരുന്നു. തുടർന്നാണ് കോട്ടയം നഗരസഭയിൽ അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയായി എൽഡിഎഫ് നിയോഗിച്ചത്.

പത്മിനി തോമസ്- മുൻ കായിക താരത്തിന് തിരഞ്ഞെടുപ്പിന്റെ പുതിയ ട്രാക്കിൽ കാലിടറി. തിരുവനന്തപുരം കോർപറേഷനിലെ പാളയം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച പത്മിനി തോമസ്, മുൻ എംപി ചാൾസിന്റെ മരുമകൾ ഷേര്‍ളിയോടാണ് പരാജയപ്പെട്ടത്. മുൻ അത്ലീറ്റും സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമാണ് പത്മിനി തോമസ്.

പൂജപ്പുര രാധാകൃഷ്ണൻ‌- തിരുവന്തപുരം കോർപറേഷൻ ജഗതി വാര്‍ഡില്‍ മത്സരിച്ച നടനും കേരളാ കോണ്‍ഗ്രസ് ബി നേതാവുമായ പൂജപ്പുര രാധാകൃഷ്ണന്‍ പരാജയപ്പെട്ടു. ബിജെപി സ്ഥാനാർത്ഥി ഇവിടെ വിജയിച്ചപ്പോൾ രാധാകൃഷ്ണന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

ഫെന്നി നൈനാൻ- രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വിശ്വസ്തനും കെഎസ്‍യു സംസ്ഥാന ഭാരവാഹിയും അടൂർ നഗരസഭ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ഫെന്നി നൈനാന് തോൽവി. ബിജെപി സ്ഥാനാർത്ഥി പ്രമോദ് (കുട്ടൻ) ആണ് ഇവിടെ വിജയിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ 23–കാരി നല്‍കിയ പീഡന പരാതിയില്‍ ഫെന്നി നൈനാനും ആരോപണ വിധേയനായിരുന്നു. ഫെന്നിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷം ഉയര്‍ന്ന ആരോപണം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഫെന്നി നൈനാനൊപ്പമാണ് രാഹുൽ തന്നെ കാണാന്‍ എത്തിയതെന്നും പീ‍ഡന ശേഷം ഫെന്നിയാണ് തന്നെ യാതൊരു ദയയുമില്ലാതെ വീട്ടിലേക്കുള്ള വഴിയിൽ ഇറക്കിവിട്ടതെന്നും ആയിരുന്നു യുവതിയുടെ ആരോപണം. ഇത് ഫെന്നി നിഷേധിച്ചിരുന്നു.

മായാ വി – പേരിലെ കൗതുകം കൊണ്ട് സോഷ്യൽമീഡിയയിൽ താരമായ കൂത്താട്ടുകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി മായാ വിക്ക് തോൽവി. കൂത്താട്ടുകുളം മുൻസിപ്പാലിറ്റിയിലെ 26ാം ഡിവിഷനിലെ ഇടയാർ വെസ്റ്റിൽ നിന്നാണ് മായ വി(35) മത്സരിച്ചത്. യുഡിഎഫ് സ്ഥാനാർഥി പി.സി ഭാസ്കരൻ ജയിച്ചു. 295 വോട്ടാണ് യുഡിഎഫ് സ്ഥാനാർത്ഥി നേടിയത്. 146 വോട്ടാണ് മായാ വി നേടിയത്. കൊല്ലം പത്തനാപുരം പുത്തൂര്‍ സ്വദേശിയാണ് മായ.

പി എം നിയാസ്- കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാർത്ഥിയായ പി എം നിയാസ് തോറ്റു. കെപിസിസി ജനറല്‍ സെക്രട്ടറിയായ നിയാസ് പാറോപ്പടിയില്‍ നിന്നാണ് ജനവിധി തേടിയത്. ബിജെപിയിലെ ഹരീഷ് പൊറ്റങ്ങാടാണ് ഇവിടെ വിജയിച്ചത്.

സി പി മുസാഫര്‍ അഹമ്മദ്- കോര്‍പറേഷനില്‍ നിലവിലെ ഡെപ്യൂട്ടി മേയറും ഇത്തവണത്തെ സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ഥിയുമായ സി പി മുസാഫര്‍ അഹമ്മദിന് ഞെട്ടുന്ന തോൽവി. കോര്‍പ്പറേഷന്‍ 39-ാം വാർഡായ മീഞ്ചന്തയില്‍ നിന്നായിരുന്നു മുസാഫിർ ജനവിധി തേടിയത്. യുഡിഎഫ് സ്ഥാനാർത്ഥി എസ്‌കെ അബൂബക്കറാണ് വിജയിച്ചത്. നിലവിൽ വലിയങ്ങാടിയിൽ നിന്നുള്ള കൗണ്‍സിലറാണ്. മുസാഫിർ മത്സരിക്കുന്നത് കൊണ്ടുതന്നെ മീഞ്ചന്തയിലേത് എല്‍ഡിഎഫിന്റെ അഭിമാനപോരാട്ടവുമായിരുന്നു.