Leading News Portal in Kerala

തിരുവനന്തപുരത്ത് സിപിഎമ്മിന്റെ കുത്തക വാർഡിൽ കോൺഗ്രസിന്റെ വൈഷ്‌ണയെ ജയിപ്പിച്ചതാര്? | Vyshna Suresh of UDF wins Muttada ward in thiruvananthapuram corporation | Kerala


Last Updated:

തളർത്താൻ പറ്റിയില്ല, തകർക്കാനും. യു.ഡി.എഫിന്റെ വൈഷ്‌ണ സുരേഷിന് ഈ വിജയം അതിമധുരം

വൈഷ്‌ണ സുരേഷ്
വൈഷ്‌ണ സുരേഷ്

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വൈഷ്‌ണ സുരേഷ് (Vyshna Suresh) എന്ന 24കാരി കന്നിയങ്കം വിജയിച്ചതിന്റെ തിളക്കത്തിലാണ്. പ്രായം കുറഞ്ഞ മത്സരാർത്ഥി എന്ന നിലയിൽ തുടക്കം മുതലേ വൈഷ്‌ണയുടെ പേര് മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇടതു കോട്ടയായ മുട്ടട വാർഡിൽ എതിർ സ്ഥാനാർത്ഥിയെക്കാൾ 397 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വൈഷ്‌ണയുടെ തിളക്കമാർന്ന വിജയം. തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിൽ യു.ഡി.എഫ്. ഇറക്കിയ തുറുപ്പ് ചീട്ട് ചുറുചുറുക്കുള്ള ഈ യുവതിയാണ് എന്ന് കേട്ട നിമിഷം മുതൽ മാധ്യമങ്ങളുടെ ക്യാമറാക്കണ്ണുകൾ അവിടേയ്ക്ക് തിരിഞ്ഞു. സോഷ്യൽ മീഡിയയിൽ തിരഞ്ഞപ്പോഴാകട്ടെ, ആൾ ചില്ലറക്കാരി അല്ല എന്ന് മനസിലാക്കാൻ സാധിച്ചു. തെരഞ്ഞെടുപ്പിൽ ആദ്യമെങ്കിലും, കെ.എസ്.യുവിന്റെ സജീവ പ്രവർത്തകയായി നിന്ന വൈഷ്‌ണ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും, തിരുവനന്തപുരം എം.പി. ശശി തരൂരിനും, രാഹുൽ ഗാന്ധിക്കും, വിവാദനേതാവ് രാഹുൽ മാങ്കൂട്ടത്തിലിനുമൊപ്പം വരെ നിൽക്കുന്ന ചിത്രങ്ങൾ കാണാം.

നിറഞ്ഞ പുഞ്ചിരിയോട് കൂടി മാധ്യമങ്ങളുടെ മുന്നിൽ നിന്ന വൈഷ്‌ണ ഒരു ഘട്ടത്തിൽ മത്സരവേദിയിൽ നിന്നും പുറത്തേക്ക് എന്ന നിലയിൽ വരെ കാര്യങ്ങൾ എത്തി.

വോട്ടർ പട്ടികയിൽ നിന്ന് വൈഷ്ണയുടെ പേര് നീക്കം ചെയ്തതായി അറിയിച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് വൈഷ്ണ കേരള ഹൈക്കോടതിയെ സമീപിച്ചു. പ്രചാരണം ആരംഭിച്ചതിനു ശേഷമാണ് തന്റെ വോട്ട് ഒഴിവാക്കിയ വിവരം വൈഷ്ണയ്ക്ക് മനസ്സിലായത്. വിലാസത്തിൽ തെറ്റുണ്ടെന്നും വോട്ടർ പട്ടികയിൽ നിന്ന്  ഒഴിവാക്കണമെന്നും കാണിച്ച് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയായിരുന്നു.

തുടർന്ന്, അവരുടെ അവകാശവാദം പുനഃപരിശോധിക്കാൻ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിട്ടു. കമ്മീഷൻ വാദം കേൾക്കുകയും വോട്ടർ പട്ടികയിൽ അവരുടെ പേര് പുനഃസ്ഥാപിക്കുകയും ചെയ്തു. വോട്ടർ പട്ടികയിൽ നിന്ന് വൈഷ്ണയുടെ പേര് നീക്കം ചെയ്തതിന് പിന്നിൽ എൽഡിഎഫ് ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. മേയർ ആര്യ രാജേന്ദ്രന്റെ ഇടപെടൽ ഉണ്ടായി എന്ന വാദവും വിവാദത്തിനു തിരികൊളുത്തി.

പോരെ പൂരം? ചുവപ്പുകോട്ടയിൽ ഇന്ന് കോൺഗ്രസ് പതാക പാറിയെങ്കിൽ ഈ വിവാദങ്ങളിലൂടെ വൈഷ്‌ണ കൂടുതൽ ജനപ്രിയയായി മാറി എന്ന് തന്നെ പറയാം. പൊങ്കാല ചൂടിൽ തളർന്നു വാടിയ ഭക്തജനങ്ങൾക്ക് ശീതള പാനീയം വിതരണം ചെയ്യുന്നതും, വയോജനങ്ങൾക്ക് താങ്ങായി നിൽക്കുന്നതും, മനോഹരമായ പുഞ്ചിരിയുമായി ക്യാമറകണ്ണുകൾക്ക് മുന്നിൽ പോസ് ചെയ്യുന്ന സുന്ദരിയും ഒരാൾ തന്നെ.

എൽ.ഡി.എഫ്. കൗൺസിലർ അംശു വാമദേവനെ പരാജയപ്പെടുത്തിയാണ് വൈഷ്‌ണ ഈ നേട്ടം കയ്യെത്തിപ്പിടിച്ചത്. ഇദ്ദേഹം നിലവിൽ കേശവദാസപുരം വാർഡ് കൗൺസിലറാണ്. അംശുവിനു 1210 വോട്ടുകൾ ലഭിച്ചു. ബി.ജെ.പിയുടെ അജിത് കുമാറിന് നേടാനായത് 460 വോട്ടുകളും.

Summary: UDF’s 24-year-old Vyshna Suresh is basking in the glory of winning the local body elections in Kanniyankam. As the youngest contestant, Vyshna’s name was in the media from the beginning. Vyshna’s brilliant victory was achieved by a margin of 397 votes over her opponent in Muttada ward, a Left stronghold