ലയണൽ മെസ്സിയുടെ കൊൽക്കത്ത പരിപാടിയുടെ മുഖ്യ സംഘാടകൻ അറസ്റ്റിൽ; ടിക്കറ്റ് ഫീസ് റീ ഫണ്ട് ചെയ്യും Chief organizer of Lionel Messis Kolkata event arrested ticket fees will be refunded | Sports
Last Updated:
ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ സംഘാടകന് കോടതി ജാമ്യം നിഷേധിക്കുകയും 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു
ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി പങ്കെടുത്ത കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ‘ഗോട്ട് ഇന്ത്യ ടൂർ 2025′ പരിപാടിയിലുണ്ടായ സംഘർഷാവസ്ഥയെത്തുടർന്ന്, മുഖ്യ സംഘാടകനായ സതാദ്രു ദത്തയെ പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്തയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ക്രമസമാധാന ചുമതലയുള്ള അഡീഷണൽ ഡയറക്ടർ ജനറൽ (എഡിജി) ജാവേദ് ഷമീം ഇക്കാര്യം സ്ഥിരീകരിച്ചു.
ഗോട്ട് ഇന്ത്യ ടൂർ 2025 ന്റെ സംഘാടകനായ സതാദ്രു ദത്തയെ ശനിയാഴ്ച വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. മുമ്പ്, പെലെ, ഡീഗോ മറഡോണ തുടങ്ങിയ ഇതിഹാസങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ പ്രധാന പങ്ക് വഹിച്ചയാളാണ് ദത്ത. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തിന് കോടതി ജാമ്യം നിഷേധിക്കുകയും 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. ഇപ്പോൾ സ്ഥിതി സാധാരണനിലയിലായെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുയാണെന്നും എഡിജി ജാവേദ് ഷമീം പറഞ്ഞു. കൂടാതെ, പരിപാടിയുടെ ടിക്കറ്റ് ഫീസ് റീഫണ്ട് ചെയ്തുതരാമെന്ന് സംഘാടകർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ‘ഗോട്ട് ഇന്ത്യ ടൂര്‍ 2025’ന്റെ ഭാഗമായാണ് മെസി കൊല്‍ക്കൊത്തയിലെത്തിയത്. മെസിയെ കാണാനായി 50,000 ല്‍ അധികം ആളുകളാണ് സ്റ്റേഡിയത്തിൽ തടിച്ചു കൂടിയത്. 5,000 മുതൽ 45,000 രൂപ വരെ ടിക്കറ്റിന് ചിലവാക്കിയിട്ട് മെസിയെ കാണാനാകാതെ മടങ്ങേണ്ടി വന്നതോടെ ആരാധകർ രോഷാകുലരാകുകയായിരുന്നു. എന്നാൽ 10 മിനിറ്റിനുള്ളിൽ തന്നെ മെസി സ്റ്റേഡിയം വിട്ടു.
ബംഗാളിലെ കായിക പ്രേമികൾക്ക് ഇതൊരു ഇരുണ്ട ദിനമാണെന്നാണ് സംസ്ഥാന ഗവർണർ സി.വി. ആനന്ദ ബോസ് സംഭവത്തെ വിശേഷിപ്പിച്ചത്. പരിപാടിയുടെ സംഘാടകരെ കുറ്റപ്പെടുത്തിയ ഗവർണർ, സംഭവത്തിൽ പോലീസിന്റെ നിഷ്ക്രിയത്വത്തെയും രൂക്ഷമായി വിമർശിച്ചു. ടിക്കറ്റ് വാങ്ങിയവർക്ക് പണം തിരികെ നൽകണമെന്നും, സ്റ്റേഡിയത്തിനും മറ്റ് പൊതു സ്ഥലങ്ങൾക്കും കേടുപാടുകൾ വരുത്തിയതിന് സംഘാടകരിൽ നിന്ന് പിഴ ഈടാക്കണമെന്നും, മുൻകരുതലുകൾ എടുക്കാത്ത പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
Kolkata,West Bengal
December 14, 2025 8:24 PM IST
