കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ച ദിലീപ് സിനിമ പറക്കും തളിക യാത്രക്കാരിയുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തി Dileeps movie screening on KSRTC bus stopped after protest by a lady passenger | Kerala
Last Updated:
അതിജീവിതയോടൊപ്പം നിൽക്കുമ്പോൾ ദിലീപിന്റെ സിനിമ കാണാനാവില്ലെന്നതാണ് തന്‍റെ നിലപാടെന്ന് യാത്രക്കാരി
കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ച ദിലീപിന്റെ സിനിമ യാത്രക്കാരിയുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു. തിരുവനന്തപുരം – തൊട്ടിൽപാലം സൂപ്പർ ഫാസ്റ്റ് ബസിൽ ദിലീപ് നായകനായ ‘പറക്കുംതളിക’ സിനിമ പ്രദർശിപ്പിച്ചതിനെത്തുടർന്ന് പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ. ശേഖർ എന്ന യുവതിയാണ് ആദ്യം പ്രതിഷേധം അറിയിച്ചത്. തുടർന്ന് മറ്റ് യാത്രക്കാർക്കിടയിൽ അഭിപ്രായ വെത്യാസമുണ്ടാവുകയും വാക്കുതർക്കത്തിൽകലാശിക്കുകയുമായിരുന്നു.
മറ്റ് യാത്രക്കാർ ലക്ഷ്മിയെ പിന്തുണച്ചതോടെ കണ്ടക്ടർ സിനിമ നിർത്തിവയ്ക്കുകയായിരുന്നു. യാത്രക്കാർക്ക് താൽപര്യമില്ലാത്ത സിനിമകൾ കെഎസ്ആർടിസി ബസിൽ നിർബന്ധിച്ച് കാണിപ്പിക്കരുതെന്നും യുവതി പറഞ്ഞു. ഭൂരിഭാഗം യാത്രക്കാരും തന്റെ അഭിപ്രായത്തോടൊപ്പമാണ് നിന്നതെന്നും യുവതി പറഞ്ഞു. അതിജീവിതയോടൊപ്പം നിൽക്കുമ്പോൾ ദിലീപിന്റെ സിനിമ കാണാനാവില്ലെന്നതാണ് തന്‍റെ നിലപാടെന്ന് യാത്രക്കാരി പറഞ്ഞു.
എന്നാൽ സിനിമ നിർത്തി വച്ചതിനെതിരെ ബസിലെ മറ്റ് ചിലയാത്രക്കാർ നടനെ അനുകൂലിച്ചുകൊണ്ടും രംഗത്തെത്തിയിരുന്നു. കോടതി വിധി വന്ന വിഷയത്തിൽ വെറുതെ സംസാരമെന്തിനെന്നായിരുന്നു ഇവരുടെ ചോദ്യം. എന്നാൽ സ്ത്രീകൾക്ക് ഈ സനിമ കാണാൻ താത്പര്യമില്ലെന്നും ദിലീപിന്റെ സിനിമ ഈ ബസിൽ കാണാൻ പറ്റില്ലെന്നുമായിരുന്നു യുവതിയുടെ മറുപടി. ബസിലെ മറ്റ് ചില സ്ത്രീകളും യുവതിയെ പിന്തുണച്ച് സംസാരിച്ചു.
Thiruvananthapuram,Kerala
December 14, 2025 10:23 PM IST
കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ച ദിലീപ് സിനിമ പറക്കും തളിക യാത്രക്കാരിയുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തി
