Leading News Portal in Kerala

ഒരു വര്‍ഷം മുമ്പ് മരിച്ച ഭാര്യയുടെ സാരിയിൽ മക്കളെ കെട്ടിത്തൂക്കി പിതാവ് ജീവനൊടുക്കി|Father Hangs Children Using Deceased Wife’s Saree Then end his life | India


Last Updated:

രക്ഷപ്പെട്ട രണ്ട് ആൺമക്കളും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്

News18
News18

മുസാഫർപുർ: ഭാര്യയുടെ സാരിയിൽ അഞ്ചു മക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പിതാവ് ജീവനൊടുക്കി. സംഭവത്തിൽ മൂന്ന് പെൺമക്കൾ മരിക്കുകയും രണ്ടു മക്കൾ രക്ഷപ്പെടുകയും ചെയ്തു. ബിഹാറിലെ മുസാഫർപുറിൽ ഞായറാഴ്ച രാത്രിയിലാണ് സംഭവം. മുസാഫർപുർ സ്വദേശി അമർനാഥ് റാം (35) ആണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. മക്കളായ അനുരാധ കുമാരി (12), ശിവാനി കുമാരി (11), രാധിക കുമാരി (7) എന്നിവരാണ് മരിച്ചത്. ആൺമക്കളായ ശിവം കുമാർ (6), ചന്ദൻ കുമാർ (5) എന്നിവർ രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.

അഞ്ച് മക്കളോടും ഒരു പെട്ടിക്കുമുകളിൽ കയറി നിൽക്കാൻ ആവശ്യപ്പെട്ട ശേഷം അമർനാഥ് എല്ലാവരുടെയും കഴുത്തിൽ കയർ കുരുക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. അമർനാഥ് മൂന്ന് പെൺമക്കളോടൊപ്പം ചാടി. ചാടാതിരുന്ന രണ്ട് കുട്ടികളാണ് രക്ഷപ്പെട്ടത്.

സംഭവത്തിന് ദൃക്‌സാക്ഷിയായ മകൻ ശിവം കുമാർ (6), താൻ എങ്ങനെയോ കഴുത്തിലെ കുരുക്ക് അഴിച്ചുമാറ്റി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞു. രക്ഷപ്പെട്ട രണ്ട് ആൺമക്കളും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

അമർനാഥിന്റെ ഭാര്യ കഴിഞ്ഞ വർഷം മരിച്ചതിനുശേഷം അദ്ദേഹം മാനസികമായി അസ്വസ്ഥനായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. അഞ്ച് കുട്ടികളെ ഒറ്റയ്ക്ക് വളർത്തുന്നതിലെ വ്യക്തിപരമായ ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രതിസന്ധികളും അമർനാഥിനെ അലട്ടിയിരുന്നതായി ഗ്രാമവാസികൾ പോലീസിനോട് പറഞ്ഞു. എന്നാൽ സംഭവത്തിനു പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, എല്ലാ സാധ്യതകളും അന്വേഷിക്കുമെന്നും രക്ഷപ്പെട്ട മക്കളുടെ മൊഴി കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുമെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ സക്ര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഫോറൻസിക് സയൻസ് ലബോറട്ടറി (FSL) ടീം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.