Leading News Portal in Kerala

‘ആഘോഷങ്ങൾ അതിരുവിടരുത്’: ലീഗ് വേദികളിലെ ആൺ-പെൺ ഡാൻസിനെതിരെ ഷാഫി ചാലിയം | Muslim League State Secretary Shafi Chaliyam Says He Cannot Accept Muslim Men and Women Dancing Together at League Venues | Kerala


Last Updated:

പൊതുനിരത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന് ഡാൻസ് കളിക്കുന്നത് സാമൂഹിക അപചയത്തിന് കാരണമാകും എന്ന് ഷാഫി ചാലിയം

News18
News18

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികൾ വിജയിച്ചതിനെ തുടർന്ന് നടന്ന ആഘോഷങ്ങൾക്കെതിരെ ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. വിജയം ആഘോഷിക്കാമെങ്കിലും അത് അതിരുവിടാതിരിക്കാൻ ശ്രദ്ധിക്കണം എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

പൊതുനിരത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന് ഡാൻസ് കളിക്കുന്നത് സാമൂഹിക അപചയത്തിന് കാരണമാകും എന്ന് ഷാഫി ചാലിയം ചൂണ്ടിക്കാട്ടി. വിമൺസ് കോളേജ് വിജയാഘോഷം പോലെയായിരിക്കില്ല പൊതുവേദിയിലെ ജെൻഡറുകൾ ഇടകലർന്നുള്ള ഇടപെഴകൽ.

“മറ്റ് പാർട്ടികളുടെ വേദികളിൽ മുസ്‌ലിം ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന് നൃത്തം ചവിട്ടിയാലും ചുംബിച്ചാലും കെട്ടിപ്പിടിച്ചാലും ഒരു മൗല്യാരും ഒന്നും പറയില്ല. എന്നാൽ ലീഗ് വേദിയിലാണെങ്കിൽ അതിൻ്റെ സ്വഭാവം മാറും.” അദ്ദേഹം പറഞ്ഞു. ലീഗ് വേദിയിൽ ആധുനിക പാശ്ചാത്യ ഡിജെ ഡാൻസും പാട്ടുമായി ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന് കളിക്കുന്നത് കാണുന്നത് ദുഃഖമുണ്ടാക്കുന്ന രക്ഷാകർതൃ സമൂഹവും ആദരണീയരായ പണ്ഡിതരും ലീഗിലുണ്ട്. അവരോടുള്ള ബഹുമാനം മറന്ന് മുന്നോട്ടുപോകാൻ കഴിയില്ലെന്നും ഷാഫി ചാലിയം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ആഘോഷം അതിര് വിടാതിരിക്കട്ടെ

വിജയം ആഘോഷിക്കേണ്ടത് തന്നെയാണ്. ഒരു വിമൺ കോളേജ് തെരഞ്ഞെടുപ്പ് വിജയം വിദ്യാർത്ഥിനികൾ ഡാൻസ് കളിച്ചും കെട്ടിപ്പിടിച്ചും ആഘോഷിക്കുന്ന പോലെയല്ല പൊതു നിരത്തിൽ ജെന്ററുകൾ തമ്മിൽ ഇടപഴുകി ചെയ്താലുണ്ടാവുക. അത് സാമൂഹിക അപചയത്തിന് ഹേതുവാകും. മറ്റ് പാർട്ടികളെ ഓഡിറ്റ് ചെയ്യുന്ന പോലെയല്ല മുസ്ലിംലീഗിനെ. ഇതര പാർട്ടി വേദികളിൽ മുസ്ലിം ആൺ പെൺകൊടിമാർ ഇട കലർന്ന് നൃത്തം ചവിട്ടിയാലും ചുംബിച്ചാലും കെട്ടിപ്പിടിച്ചാലും ഒരു മൗല്യാരും ഒന്നും പറയില്ല. എന്നാൽ ലീഗ് വേദിയിലാണെങ്കിൽ അതിന്റെ സ്വഭാവം മാറും. ആദ്യം അത് മനസ്സിലാക്കേണ്ടത് ലീഗുകാർ തന്നെയാണ്. നമ്മുടെ മഹത്തായ സംസ്കാരങ്ങളും പാരമ്പര്യങ്ങളും മാറ്റി വെച്ച് ആധുനിക പാശ്ചാത്യ ഡീജേ ഡാൻസുകളും അട്ടഹാസിക്കുന്ന പാട്ടുകളും ഇടകലർന്ന നൃത്തങ്ങളുമായി നമ്മുടെ കുട്ടികളെ കാണുന്നതിൽ ദുഃഖിക്കുന്ന ഒരു രക്ഷാകൃത്ത സമൂഹവും ആദരണീയരായ പണ്ഡിതരും നമ്മുടെ പാർട്ടിയിലുണ്ട്. അവരോടുള്ള ബഹുമാനവും അദബും മറന്ന് നമുക്ക് മുന്നോട്ട് പോവാനാവില്ല. ആഘോഷം അതിര് വിടാതിരിക്കാൻ ശ്രദ്ധിക്കുക