Leading News Portal in Kerala

‘ബീഫ്’ എന്ന പേര് ഭയപ്പെടുത്തിയിട്ടുണ്ടാകും; കേന്ദ്ര നടപടി യുക്തിക്ക് നിരക്കുന്നതല്ല: ശശി തരൂർ | Tharoor Criticizes Information Ministry for Denying Clearance to 19 Films at IFFK | Kerala


Last Updated:

നിഷേധിക്കപ്പെട്ട സിനിമകളിൽ ചരിത്രപരമായ ക്ലാസിക്കുകളും മുൻപ് പുരസ്കാരം നേടിയ ചിത്രങ്ങളുമുണ്ടായിരുന്നവെന്ന് ശശി തരൂർ

News18
News18

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFK) 19 സിനിമകൾക്ക് കേന്ദ്ര വിവരാവകാശ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ കോൺഗ്രസ് നേതാവും ലോക്‌സഭാംഗവുമായ ശശി തരൂർ രൂക്ഷ വിമർശനവുമുയർത്തി. കേന്ദ്രത്തിൻ്റെ ഈ നടപടി യുക്തിക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ അഭിപ്രായപ്പെട്ടു. “സ്പാനിഷ് ഭാഷയിലുള്ള ബീഫ് എന്ന ചിത്രത്തിന്റെ പേര് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തിയെന്ന് തോന്നുന്നു. ഇതെല്ലാം യുക്തിക്ക് നിരക്കാത്ത നടപടിയാണ്,” എന്നും തരൂർ ആരോപിച്ചു.

30-ാമത് IFFK നേരിടുന്ന അഭൂതപൂർവമായ പ്രതിസന്ധിയാണിതെന്നും ഈ നിഷേധങ്ങൾ ഇന്ത്യയിലെ സിനിമാ സെൻസർഷിപ്പിൻ്റെ സ്ഥിരതയില്ലായ്മയാണ് കാണിക്കുന്നതെന്നും തരൂർ ചൂണ്ടിക്കാട്ടി. നിഷേധിക്കപ്പെട്ട സിനിമകളിൽ ചരിത്രപരമായ ക്ലാസിക്കുകളും മുൻപ് പുരസ്കാരം നേടിയ ചിത്രങ്ങളുമുണ്ടായിരുന്നു.

ഉദാഹരണത്തിന്, 2017-ലെ 22-ാമത് IFFK-യിൽ സുവർണ ചകോരം നേടിയ ചിത്രമാണ് വാജിബ് (Wajib). ഇതേ മേളയിൽ 2025-ൽ ഈ സിനിമ നിഷേധിക്കുന്നത് ഏകപക്ഷീയമായ തീരുമാനമെടുക്കലിനെ സൂചിപ്പിക്കുന്നു. അതുപോലെ, 2014-ൽ ഗോവയിൽ കേന്ദ്ര മന്ത്രാലയം നേരിട്ട് സംഘടിപ്പിച്ച IFFI-യിൽ പ്രദർശിപ്പിച്ച ടിംബക്ടു (Timbuktu) എന്ന ക്ലാസിക് നിലവാരമുള്ള ചിത്രത്തിനും ഇപ്പോൾ അനുമതി നിഷേധിച്ചിരിക്കുകയാണ്. 100 വർഷം പഴക്കമുള്ള ക്ലാസിക് ചിത്രമായ ബാറ്റിൽഷിപ്പ് പൊട്ടെംകിൻ (Battleship Potemkin) ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പ്രധാന പഠനവിഷയമായിരുന്നിട്ടും അതിൻ്റെ നിരോധനം സിനിമാപരമായ നിരക്ഷരതയെയാണ് സൂചിപ്പിക്കുന്നതെന്നും തരൂർ പറഞ്ഞു.

വിഷയത്തിൽ വിദേശകാര്യ മന്ത്രിമാരുമായും വിവരാവകാശ പ്രക്ഷേപണ മന്ത്രിമാരുമായും നേരിട്ട് സംസാരിച്ചിട്ടുണ്ട്. ഒഴിവാക്കലുകൾ പുനഃപരിശോധിക്കാൻ അവരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും തരൂർ അറിയിച്ചു. നയതന്ത്രപരമായ സംവേദനക്ഷമതകളാണ് ‘പലസ്തീൻ’ വിഷയത്തിലുള്ള ചിത്രങ്ങൾ നിഷേധിക്കാൻ കാരണമെങ്കിൽ പോലും, “ഇസ്രായേലുമായുള്ള നമ്മുടെ ബന്ധം ഒരു സിനിമ പ്രദർശിപ്പിക്കുന്നതുകൊണ്ട് കാര്യമായി തകരാൻ സാധ്യതയില്ല.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയുടെ ഭാഗമായി പ്രദർശിപ്പിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിരുന്നു. വിലക്കിയ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കാൻ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചലച്ചിത്ര അക്കാദമിക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.