Leading News Portal in Kerala

എന്നാലും ആരാടാ അത്! തനിക്ക് വോട്ട് ചെയ്ത ഏക വോട്ടറെ തേടി ഒരു സ്ഥാനാർത്ഥി| Kerala Local Poll Candidate Searches for Lone Voter After Getting Just One Vote in Pathanamthitta | Kerala


Last Updated:

വാർഡിൽ തനിക്കോ കുടുംബത്തിനോ വോട്ടില്ലെങ്കിലും അറിയാവുന്നവരും ബന്ധുക്കളുമായി 350ഓളം പേരുണ്ട്‌. അവരുടെ വോട്ട് കിട്ടുമെന്നായിരുന്നു വിശ്വാസം. ഒടുവിൽ ഫലം വന്നപ്പോൾ സ്ഥാനാർത്ഥിക്ക് കിട്ടിയതാകട്ടെ ഒരു വോട്ട്

എബ്രഹാം പി എസ്
എബ്രഹാം പി എസ്

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ തികഞ്ഞ വിജയ പ്രതീക്ഷയിൽ സ്വതന്ത്രനായി നിന്നു. വാർഡിൽ തനിക്കോ കുടുംബത്തിനോ വോട്ടില്ലെങ്കിലും അറിയാവുന്നവരും ബന്ധുക്കളുമായി 350ഓളം പേരുണ്ട്‌. അവരുടെ വോട്ട് കിട്ടുമെന്നായിരുന്നു വിശ്വാസം. ഒടുവിൽ ഫലം വന്നപ്പോൾ സ്ഥാനാർത്ഥിക്ക് കിട്ടിയതാകട്ടെ ഒരു വോട്ട്. പരിചയക്കാരും ബന്ധുക്കളും കൈവിട്ടപ്പോൾ തനിക്ക് താങ്ങായി ഒരു വോട്ട് ചെയ്തതാരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥി.

പത്തനംതിട്ട നഗരസഭയിലെ ചുരുളിക്കോട് 24-ാംവാർഡിൽ നിന്ന് മത്സരിച്ച എബ്രഹാം പി എസ് എന്ന സോണിയാണ് തന്റെ ഏക വോട്ടറെ തേടി അലയുന്നത്. പത്തനംതിട്ട നഗരത്തോട് ചേർന്ന് ഒരു മൊബൈൽ ഷോപ്പ് നടത്തുകയാണ് സോണി. തനിക്കോ കുടുംബത്തിനോ ഈ വാർഡിൽ വോട്ടില്ലെങ്കിലും 350ഓളം വരുന്ന പരിചയക്കാരെയും ബന്ധുക്കളെയും വിശ്വസിച്ചാണ് എബ്രഹാം, മൊബൈല്‍ ഫോൺ‌ ചിഹ്നത്തിൽ പോരിനിറങ്ങിയത്. ഇതിൽ 100 പേരെ ഒഴിവാക്കിയാലും 250 വോട്ട് നേടി വിജയിക്കാനാകുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. എന്നാൽ ഫലം വന്നപ്പോൾ ഒരു വോട്ട് മാത്രമാണ് കിട്ടിയത്. ആരാണ് തനിക്ക് വോട്ട് ചെയ്തതെന്ന ആകാംക്ഷയിലും കൗതുകത്തിലും വോട്ടറെ തപ്പി നടക്കുകയാണ് ഇപ്പോൾ സ്ഥാനാർത്ഥി.

‌’വോട്ട് ചെയ്ത വ്യക്തിയെ കാണണമെന്ന് ആഗ്രഹമുണ്ട്. എന്തുകൊണ്ടാണ് എനിക്ക് വോട്ട് ചെയ്തതെന്ന് അറിഞ്ഞാൽ ഭാവിയിൽ ഗുണം ചെയ്യും. ജനങ്ങളുടെ സംസാരവും ആവേശവും കണ്ടപ്പോൾ അനുകൂലമായ തരംഗം ഉണ്ടെന്നാണ് ആദ്യം കരുതിയത്. അവസാന നിമിഷവും എന്റെ പേര് പലരും പറഞ്ഞുകേള്‍ക്കുന്നുണ്ടല്ലോ എന്ന് വീടിന് അടുത്തുള്ളവര്‍ പറഞ്ഞതോടെ വളരെ ആകാംക്ഷയായി. 250 വോട്ട് കിട്ടി ജയിക്കുമെന്ന കണക്കുകൂട്ടലിലാണ് നിന്നത്. ഒരു വോട്ട് മാത്രം കിട്ടിയപ്പോൾ രാഹുൽ ഗാന്ധി ആരോപിക്കുന്ന വോട്ട് ചോരിപോലെ യന്ത്രത്തിൽ എന്തെങ്കിലും കൃത്രിമം നടത്തിയെന്നാണ് കരുതിയത്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോൾ ചില തന്ത്രങ്ങളുണ്ടെന്നും ചിരിച്ചുകാണിക്കുന്നവർ എല്ലാവരും വോട്ട് ചെയ്യില്ലെന്നതടക്കം കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. ഒരുവോട്ട് പോലും കിട്ടിയില്ലെങ്കിൽ ചിലപ്പോൾ എനിക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും പറ്റില്ലായിരുന്നു. ഉരുണ്ടുവീണുപോകുമായിരുന്നു. ഈ ഘട്ടത്തിൽ കൈത്താങ്ങായി നിന്ന മനുഷ്യനെ ഒന്നു കാണണമെന്ന അതിയായ ആഗ്രഹമുണ്ട്’- എബ്രഹാം പറയുന്നു.

എത്രയൊക്കെ പരിചയവും ബന്ധങ്ങളും ഉണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ 80 ശതമാനത്തോളം പേർ ശക്തമായ രാഷ്ട്രീയം ഉള്ളവരാണെന്ന് ഇതോടെ ബോധ്യമായതായും എബ്രഹാം പറയുന്നു. സ്ഥാനാർത്ഥിയായി നിന്നതിന് ആകെ 15,000 രൂപയാണ് ചെലവായതെന്നും അദ്ദേഹം പറയുന്നു.