കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിലെ മുസ്ലിംലീഗ് പ്രവർത്തകരുടെ ശുദ്ധികലശം; SC-ST വകുപ്പ് പ്രകാരം 10 പേർക്കെതിരെ കേസ്| Purification Ritual by Muslim League Workers in Kozhikode Changaroth Panchayat Case Filed Against 10 Under SC-ST Act | Kerala
Last Updated:
അഴിമതി ഭരണം തുടച്ചുനീക്കിയതിന്റെ പ്രതീകാത്മക ആഘോഷമാണ് നടത്തിയതെന്നു വിശദീകരിച്ച ലീഗ് നേതൃത്വം രംഗത്തെത്തി
കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ മുസ്ലിംലീഗ് പ്രവർത്തകർ ശുദ്ധികലശം നടത്തിയ സംഭവത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിൽ കേസെടുത്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയുടെ പരാതിയിൽ 10 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എസ് സി- എസ് ടി വകുപ്പ് പ്രകാരമാണ് കേസ്. കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിന് മുന്നിൽ വിജയാഹ്ലാദ പ്രകടനത്തിനിടെ ലീഗ് പ്രവർത്തകർ വെള്ളം തളിച്ച് പ്രതീകാത്മക ശുദ്ധീകരണം നടത്തിയത് വിവാദത്തിലായിരുന്നു.
എസ് സി വിഭാഗത്തിൽപ്പെട്ട തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ആയിരുന്നു നടപടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയുടെ പ്രതികരണം. എന്നാൽ അഴിമതി ഭരണം തുടച്ചുനീക്കിയതിന്റെ പ്രതീകാത്മക ആഘോഷമാണ് നടത്തിയതെന്നു വിശദീകരിച്ച ലീഗ് നേതൃത്വം ആർക്കെങ്കിലും മനോവിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ തവണ നഷ്ടപെട്ട ചങ്ങരോത്ത് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചതിന് പിന്നാലെ നടന്ന വിജയാഹ്ലാദപ്രകടനത്തിനിടയിലാണ് മുസ്ലിം ലീഗ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെള്ളം തളിച്ച് പ്രതീകാത്മക ശുദ്ധീകരണം നടത്തിയത്. ചാണക വെള്ളം തളിച്ച് പഞ്ചായത്ത് ശുദ്ധീകരിച്ചെന്ന അടിക്കുറിപ്പോടെ ഇത് സോഷ്യൽ മീഡിയയിലും പ്രചരിപ്പിച്ചു.
എസ് സി വിഭാഗത്തിൽപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയെ ജാതീയമായി അധിക്ഷേപിക്കുകയായിരുന്നു മുസ്ലിം ലീഗ് എന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. സംഭവത്തിൽ മനോവിഷമമുണ്ടെന്നും ദളിത് സമൂഹത്തെയാണ് ലീഗ് ആക്ഷേപിച്ചതെന്നും ഉണ്ണി വെങ്ങേരി പറഞ്ഞു. ലീഗ് പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.
പട്ടികജാതി ക്ഷേമ സമിതിയും പ്രതിഷേധം സംഘടിപ്പിച്ചു. എന്നാൽ ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ല എന്നായിരുന്നു ലീഗ് പ്രതികരണം. അഴിമതി നിറഞ്ഞ ഭരണസമിതിയെ പുറത്താക്കി പഞ്ചായത്ത് ശുദ്ധീകരിച്ചതിന്റെ പ്രതീകാത്മക ആഘോഷമാണ് നടത്തിയതെന്നു ലീഗ് നേതൃത്വം വിശദീകരിച്ചു. 20സീറ്റുകളുള്ള പഞ്ചായത്തിൽ ഇത്തവണ ഒറ്റ സീറ്റിൽ മാത്രമാണ് എൽ ഡി എഫ് വിജയിച്ചത്.
Kozhikode [Calicut],Kozhikode,Kerala
December 18, 2025 6:39 AM IST
കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിലെ മുസ്ലിംലീഗ് പ്രവർത്തകരുടെ ശുദ്ധികലശം; SC-ST വകുപ്പ് പ്രകാരം 10 പേർക്കെതിരെ കേസ്
