സ്വത്ത് വീതംവച്ച പകയിൽ മാതൃസഹോദരിയെ തീകൊളുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം| Life Term for Man Who Set Aunt on Fire Over Property Dispute in Idukki | Crime
Last Updated:
കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് കൊലപാതകമെന്ന് ജില്ലാ കോടതി കണ്ടെത്തി. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പഴുതടച്ച അന്വേഷണമാണ് സുനിൽകുമാറിനെ കുരുക്കിയത്
ഇടുക്കി വെള്ളത്തൂവലിൽ 72കാരിയായ സരോജിനിയെ തീകൊളുത്തി കൊന്ന കേസിൽ സഹോദരി പുത്രന് ജീവപര്യന്തം തടവ്. പ്രതി ഒന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു. വീട്ടിലെ പാചകവാതക സിലിണ്ടർ തുറന്നുവിട്ട് തീപിടുത്തമുണ്ടായെന്നു വരുത്തി തീർക്കാനും തെളിവുകൾ നശിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. ശാസ്ത്രീയ പരിശോധനയിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. വിവിധ വകുപ്പുകളിലായി പ്രതി 33 വർഷം ശിക്ഷ അനുഭവിക്കണം. കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് കൊലപാതകമെന്ന് ജില്ലാ കോടതി കണ്ടെത്തി. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പഴുതടച്ച അന്വേഷണമാണ് സുനിൽകുമാറിനെ കുരുക്കിയത്.
ഇടുക്കി വെള്ളത്തൂവൽ സ്വദേശിനി സരോജിനി സ്വന്തം മകനെ പോലെ അവനെ കരുതിയതാണ്. സഹോദരിയുടെ പുത്രനാണെങ്കിലും വീട്ടിൽ എല്ലാ സ്വാതന്ത്രവും നൽകി. എന്നാൽ സുനിൽകുമാർ സഹായിയായി ഒപ്പം കൂടിയത് മാതൃസഹോദരിയുടെ കോടികൾ വിലമതിക്കുന്ന സ്വത്ത് മാത്രം ലക്ഷ്യമിട്ടാണ്. ഒടുവിൽ സരോജിനി സ്വത്തു മുഴുവൻ എല്ലാ സഹോദരിമാരുടെയും മക്കൾക്കായി വീതം വച്ചതിന്റെ പക. അത് ഒടുവിൽ അരുംകൊലയിൽ കലാശിക്കുന്നു. 2021ലാണ് 72കാരിയെ സുനിൽകുമാർ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ചുട്ടെരിച്ച് കൊലപ്പെടുത്തിയത്.
2021 മാർച്ച് 31-ന് രാത്രിയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. മുട്ടം തോട്ടുങ്കര ഭാഗത്ത് ഊളാനിയിൽ വീട്ടിൽ സരോജിനിയെയാണ് സഹോദരി പുത്രനായ സുനിൽകുമാർ ചുട്ടുകൊന്നത്. ആറു വർഷമായി സരോജിനിയുടെ വീട്ടിൽ സഹായിയായി താമസിച്ചു വരികയായിരുന്നു സുനിൽ കുമാർ. അവിവാഹിതയായ സരോജിനിക്ക് 2 ഏക്കർ സ്ഥലമടക്കം ഏകദേശം ആറ് കോടിയോളം രൂപയുടെ സ്വത്തുണ്ടായിരുന്നു. സ്വത്തുക്കൾ തനിക്ക് നൽകുമെന്ന് സരോജിനി പറഞ്ഞിരുന്നെങ്കിലും, പിന്നീട് അത് രണ്ട് സഹോദരിമാരുടെയും ഒൻപത് മക്കളുടെയും പേരിൽ വീതം വെച്ചു നൽകാൻ തീരുമാനിച്ചു. ഇതിലുള്ള വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം.
