തിരൂരിൽ അപേക്ഷകര്‍ വിദേശത്തിരിക്കേ ലേണിങ് ടെസ്റ്റ് നടത്താതെ 18 മാസത്തിൽ നൽകിയത് 767 ലൈസന്‍സ് In Tirur 767 licenses were issued in 18 months without taking the learning test while applicants were abroad | Kerala
Last Updated:
കണ്ടെടുത്ത ഫയലില്‍ വിശദമായ പരിശോധന നടത്തുമെന്നും പരിശോധനാ റിപ്പോര്‍ട്ട് ഉടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു
വിദേശ ലൈസന്‍സുള്ളവര്‍ക്ക് ചട്ടംപാലിക്കാതെ ഇന്ത്യന്‍ ലൈസന്‍സ് നല്‍കിയതിലെ ക്രമക്കേട് കണ്ടെത്തി വിജിലന്‍സ്. തിരൂര്‍ ജോയിന്റ്‌റ് ആര്‍ടിഓ ഓഫീസില്‍ 2024 ജൂണ്‍ മുതല്‍ ഇതേ വരെ 767 ഡ്രൈവിങ് ലൈസന്‍സുകള്‍ നല്‍കിയതായി വിജിലന്‍സന്‍സ് കണ്ടെത്തി.
വിദേശ ലൈസന്‍സുള്ളവര്‍ക്ക് ലേണേഴ്സ് ടെസ്റ്റ് എഴുതാതെ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് തരപ്പെടുത്തിക്കൊടുക്കുന്ന സംഘം തിരൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായാണ് വിജിലന്‍സിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. മലപ്പുറത്തു നിന്നെത്തിയ വിജിലന്‍സ് സംഘം തിരൂര്‍ ജോയിന്റ്‌റ് ആര്‍ടി ഓഫീസില്‍ മലപ്പുറം വിജിലന്‍സ് സി.ഐ. ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രേഖകള്‍ കണ്ടെടുത്തത്. 2024 ജൂണ്‍ മുതല്‍ ഇതേ വരെ ഇത്തരത്തില്‍ 767 ഡ്രൈവിങ് ലൈസന്‍സുകള്‍ നല്‍കിയതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
14 ഫയലുകള്‍ പരിശോധിച്ചതില്‍ നാലു ഫയലുകളില്‍ ക്രമക്കേടുണ്ട്. വിദേശരാഷ്ട്രങ്ങളില്‍ ലൈസന്‍സുള്ളവര്‍ നാട്ടില്‍വന്ന് അതത് ജോയിന്റ്‌റ് ആര്‍ടി ഓഫീസില്‍ അപേക്ഷനല്‍കി ലേണേഴ്സ് ടെസ്റ്റ് പാസായാല്‍ ലൈസന്‍സ് ലഭിക്കുമെന്നതാണ് വ്യവസ്ഥ. എന്നാല്‍ അപേക്ഷകര്‍ വിദേശത്തിരിക്കേ ലേണിങ് ടെസ്റ്റ് നടത്താതെത്തന്നെ ലൈസന്‍സ് കൊടുത്തതായാണ് കണ്ടെത്തല്‍. മറ്റ് ജില്ലക്കാര്‍ക്കും ഈ ജില്ലക്കാരെന്ന മേല്‍വിലാസത്തില്‍ ലൈസന്‍സ് നല്‍കിയതായും കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ തിരൂരിലുള്ളയാള്‍ക്ക് മലപ്പുറം ജില്ലയിലെ തിരൂര്‍ മേല്‍വിലാസത്തില്‍ ലൈസന്‍സ് നല്‍കിയതായി കണ്ടെത്തി.
പരിശോധന നടത്തുമ്പോള്‍ ജോയിന്റ് ആര്‍ടി ഓഫീസില്‍ ടെസ്റ്റ് നടത്താതെവന്ന രണ്ടുപേരെ കണ്ടെത്തിയതായും ഏജന്റില്‍നിന്ന് അപേക്ഷാ രേഖ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ പത്തിന് തുടങ്ങിയ പരിശോധന വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. രേഖകളുടെ സാങ്കേതികത്വം ഉറപ്പുവരുത്താന്‍ കൊണ്ടോട്ടി ജോയിന്റ് ആര്‍ടിഒ മിനിയെ തിരൂര്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തി തെളിവിനായി മൊഴിയെടുത്തു.
കണ്ടെടുത്ത ഫയലില്‍ വിശദമായ പരിശോധന നടത്തുമെന്നും പരിശോധനാ റിപ്പോര്‍ട്ട് ഉടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലേണേഴ്‌സ് ടെസ്റ്റ് നടത്തിയിട്ടാണ് ലൈസന്‍സ് കൊടുത്തതെന്നും ആള്‍മാറാട്ടം നടത്തി ടെസ്റ്റ് എഴുതിയിട്ടില്ലെന്നും മറ്റു ജില്ലക്കാര്‍ക്ക് മലപ്പുറം ജില്ലയില്‍ ലൈസന്‍സ് കൊടുക്കാമെന്നും തിരൂര്‍ ജോയിന്റ് ആര്‍ടിഒ സാജു എ.ബക്കര്‍ പറഞ്ഞു.
Malappuram,Kerala
