Leading News Portal in Kerala

50 വർഷം മുമ്പ് മരിച്ച ഭർത്താവിന്റെ പോലീസ് യൂണിഫോം തന്റെ ചിതയിൽ ഒപ്പംകൂട്ടാൻ കൊതിച്ച ഭാര്യ; ഒടുവിൽ സംഭവിച്ചത് | Kerala


Last Updated:

1972 ൽ കേരള പോലീസിലെ ചേർത്തല പോലീസ് സ്റ്റേഷനിലെ തങ്കപ്പൻ പിള്ള എന്ന പോലീസുകാരൻ ഹൃദയസ്തംഭനം മൂലം മരണപ്പെടുമ്പോൾ പ്രായം വെറും 36 വയസ്സ് മാത്രം

ശാന്തമ്മ സൂക്ഷിച്ച പോലീസ് യൂണിഫോം, ശാന്തമ്മയും തങ്കപ്പൻ പിള്ളയും
ശാന്തമ്മ സൂക്ഷിച്ച പോലീസ് യൂണിഫോം, ശാന്തമ്മയും തങ്കപ്പൻ പിള്ളയും

ഇനിയൊരിക്കലും ഒരുനോക്ക് കാണാനോ കൂടെയിരിക്കാനോ പ്രിയപ്പെട്ടവൻ ഉണ്ടാവില്ല എന്ന ചിന്തയിൽ, മരണം വരെയും അവർക്ക് വേണ്ടി ജീവിക്കുക. ജെൻ സീ, ആൽഫാ, ബീറ്റാ പരമ്പരകൾക്ക് അത്ര പരിചയമില്ലാത്ത തലമുറയിൽ അങ്ങനെ ചിലർ ജീവിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മുൻപ് വരെ അത്തരത്തിൽ ഒരു സ്ത്രീ ഉണ്ടായിരുന്നു. പേര് ശാന്തമ്മ. 36 വയസുള്ള ഭർത്താവ് മരിക്കുമ്പോൾ ആറു മാസം പ്രായമുള്ള മകനെ നെഞ്ചോടു ചേർത്തതുപോലെതന്നെ പോലീസുകാരനായിരുന്ന ഭർത്താവ് തങ്കപ്പൻ പിള്ള അണിഞ്ഞിരുന്ന യൂണിഫോം അവർ അതുപോലെ താലോലിച്ച് പരിപാലിച്ചു. ആഗ്രഹം ഇത്രയേ ഉണ്ടായിരുന്നുള്ളൂ, സ്വന്തം ചിതയ്‌ക്കൊപ്പം ആ യൂണിഫോമും എരിഞ്ഞടങ്ങണം. ശാന്തമ്മയുടെ ജീവിതത്തെ കുറിച്ച് ആ നാടിന്റെ എം.എൽ.എ. സി.ആർ. മഹേഷിന്റെ കുറിപ്പ്:

“അതിരുകൾ ഇല്ലാത്ത ആത്മബന്ധത്തിന്റെ ആഴമുള്ള ഒരു അമ്മ മനസ്സ്. വിടപറഞ്ഞ കാമുകൻ മൊയ്തീനെ മനസ്സാവരിച്ചു ജീവിക്കുന്ന കാഞ്ചനമാലയെ നാം സിനിമയിൽ കണ്ടു. കുലശേഖരപുരം ആദിനാട് തെക്ക് കാട്ടൂർത്തറയിൽ വീട്ടിൽ കഴിഞ്ഞ ദിവസം 70 വയസ്സുള്ള ഒരു അമ്മ മരണപ്പെട്ടു. ആ അമ്മ ഒരു സർക്കാർ ജീവനക്കാരിയായിരുന്നു. പക്ഷേ ആ ജീവിതം എൻ്റെ ഹൃദയത്തിൽ സ്പർശിച്ചത് മറ്റൊരു കണ്ണ് നിറയുന്ന കഥയിലൂടെയാണ്.

1972 ൽ കേരള പോലീസിലെ ചേർത്തല പോലീസ് സ്റ്റേഷനിലെ തങ്കപ്പൻ പിള്ള എന്ന പോലീസുകാരൻ ഹൃദയസ്തംഭനം മൂലം മരണപ്പെടുമ്പോൾ പ്രായം വെറും 36 വയസ്സ് മാത്രം. ആറുമാസം പ്രായമുള്ള അനിൽകുമാർ എന്ന ആൺകുഞ്ഞുമായി ജീവിതത്തിൽ പകച്ചുനിന്ന ശാന്തമ്മ പിന്നീട് ഈ കഴിഞ്ഞ ആഴ്ച മരണപ്പെടുന്നതുവരെയും ജീവിക്കുകയായിരുന്നു, ജീവിതത്തോട് പൊരുതുകയായിരുന്നു.

വിവാഹേതര ബന്ധങ്ങളും, ഒളിച്ചോട്ടങ്ങളും, രണ്ടും മൂന്നും വിവാഹങ്ങളുമൊക്കെ ചർച്ച ചെയ്യപ്പെടുന്ന കാലത്ത് ഭർത്താവ് അകാലത്തിൽ നഷ്ടപ്പെട്ടെങ്കിലും മറ്റൊരു പുരുഷനെ വിവാഹം കഴിക്കാൻ അവർ തയ്യാറായില്ല. ഭർത്താവുമൊത്തുള്ള മധുരോദാരമായ ഓർമ്മകളുടെ തണലിൽ ഏകമകനു വേണ്ടി ആ അമ്മ ജീവിച്ചു. ഈ മകനായി എല്ലാം മാറ്റിവെച്ചു. ഏറ്റവും ഒടുവിൽ കഴിഞ്ഞദിവസം മരിച്ച വേളയിൽ ഈ 50 വർഷങ്ങൾക്കപ്പുറം ഭർത്താവ് അണിഞ്ഞിരുന്ന പഴയ പോലീസ് യൂണിഫോമിന്റെ (നിക്കറും ഉടുപ്പും) ഒരു ജോഡി വസ്ത്രങ്ങൾ ഭംഗിയായി സൂക്ഷിച്ചു വെക്കുന്നു. തൻ്റെ ചിതയോടൊപ്പം അത് വെക്കണം എന്നായിരുന്നു ആ അമ്മയുടെ ആഗ്രഹം. എന്നാൽ ഇത്രമേൽ ഇഷ്ടത്തോടെ ജീവിച്ച ഒരു അച്ഛന്റെയും അമ്മയുടെയും ഓർമ്മയ്ക്കായി അത് ബാക്കി വെക്കുകയായിരുന്നു മകൻ. ഓർക്കണം എല്ലാം മറക്കുന്ന ലോകത്ത് നിമിഷങ്ങൾ കൊണ്ട് എന്തും മായിച്ചു കളയുന്ന ലോകത്ത് മായാത്ത ഹൃദയമുദ്രയായി 50 വർഷങ്ങൾക്കപ്പുറം മരണപ്പെട്ടുപോയ ഭർത്താവിനെ മരണം വരെ വരിച്ച് ജീവിച്ച മനോഹരമായ ഒരു അമ്മ മനസ്സ്. ചിതയിൽ കനലാകുന്നത് വരെ പ്രാണന്റെ ഭാഗമായ ഭർത്താവിന്റെ ഓർമ്മകളെ പ്രാണനിൽ ഇട്ടു നടന്ന അമ്മ മനസ്സ്.”

മലയാളം വാർത്തകൾ/ വാർത്ത/Kerala/

50 വർഷം മുമ്പ് മരിച്ച ഭർത്താവിന്റെ പോലീസ് യൂണിഫോം തന്റെ ചിതയിൽ ഒപ്പംകൂട്ടാൻ കൊതിച്ച ഭാര്യ; ഒടുവിൽ സംഭവിച്ചത്