Leading News Portal in Kerala

ശബരിമല വിമാനത്താവളത്തിൽ സര്‍ക്കാരിന് തിരിച്ചടി; ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി High Court quashes governments land acquisition notification for Sabarimala airport | Kerala


Last Updated:

വിമാനത്താവള നിർമ്മാണത്തിനായി ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഏറ്റെടുക്കാൻ പുറപ്പെടുവിച്ച വിജ്ഞാപനമാണ് റദ്ദാക്കിയത്

News18
News18

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനവും അനുബന്ധ റിപ്പോർട്ടുകളും കേരള ഹൈക്കോടതി റദ്ദാക്കി. വിമാനത്താവള നിർമ്മാണത്തിനായി ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഏറ്റെടുക്കാൻ പുറപ്പെടുവിച്ച വിജ്ഞാപനമാണ് റദ്ദാക്കിയത്. ചെറുവള്ളി എസ്റ്റേറ്റിലെ 2,263 ഏക്കർ ഉൾപ്പെടെ ആകെ 2,570 ഏക്കർ ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ അനുമതി നൽകിയിരുന്നത്.

വിമാനത്താവള പദ്ധതിക്ക് ഇത്രയധികം ഭൂമി ആവശ്യമാണെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സർക്കാരിന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. വലിയ വിമാനങ്ങൾ ഇറങ്ങുന്ന വിമാനത്താവളങ്ങൾക്ക് പോലും 1,200 ഏക്കർ ഭൂമി മതിയാകുമെന്നാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം, ഒരു പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ അത് ആ പദ്ധതിക്ക് ആവശ്യമുള്ള ഏറ്റവും കുറഞ്ഞ അളവ് മാത്രമായിരിക്കണം. എന്നാൽ ഇത്രയും വലിയ വിസ്തൃതിയിൽ ഭൂമി ഏറ്റെടുക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കാൻ സാമൂഹിക ആഘാത പഠനത്തിനോ വിദഗ്ധ സമിതിക്കോ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാവി വികസനത്തിനായി ഇത്രയും ഭൂമി ആവശ്യമാണെന്ന സർക്കാരിന്റെ വാദവും കോടതി തള്ളിക്കളഞ്ഞു.

പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ കൃത്യമായ അളവ് നിർണ്ണയിക്കുന്നതിനായി പുതിയ സാമൂഹിക ആഘാത പഠനം (SIA) നടത്താൻ കോടതി ഉത്തരവിട്ടു. ഈ പഠനസംഘത്തിൽ വിമാനത്താവളം, ഡാം തുടങ്ങിയ വൻകിട സാങ്കേതിക പദ്ധതികളെക്കുറിച്ച് അറിവുള്ള വിദഗ്ധരെ ഉൾപ്പെടുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.