റെയിൽവെ ടിക്കറ്റ് നിരക്കുകൾ പരിഷ്കരിച്ചു ; ദീർഘദൂര യാത്രകൾക്ക് നേരിയ വർദ്ധനവ് Indian Railways revises ticket prices slight increase for long-distance journeys | India
Last Updated:
പുതുക്കിയ യാത്രാ നിരക്കിൽ നിന്ന് നടപ്പ് സാമ്പത്തിക വർഷത്തിൽ ഏകദേശം 600 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് ഇന്ത്യൻ റെയിൽവേയുടെ പ്രതീക്ഷ
ടിക്കറ്റ് നിരക്കുകൾ പരിഷ്കരിച്ച് ഇന്ത്യൻ റെയിൽവെ. ദീർഘദൂര യാത്രകൾക്ക് നേരിയ വർദ്ധനവുണ്ടാകും. ഡിസംബർ 26 മുതൽ നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരും. വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവുകൾ സന്തുലിതമാക്കുന്നതിനൊപ്പം ഭൂരിഭാഗം യാത്രക്കാർക്കും യാത്രാസൗകര്യം ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് റെയിൽവെ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം സബർബൻ, ഹ്രസ്വദൂര നിരക്കുകൾ മാറ്റമില്ല.
215 കിലോമീറ്ററിന് മുകളിലുള്ള സാധാരണ ക്ലാസ് യാത്രയ്ക്ക്, കിലോമീറ്ററിന് ഒരു പൈസ വീതം നിരക്ക് വർദ്ധിക്കും. മെയിൽ, എക്സ്പ്രസ് നോൺ-എസി ട്രെയിനുകളിൽ കിലോമീറ്ററിന് 2 പൈസ വീതം കൂടും. എസി ക്ലാസ് നിരക്കുകളിൽ വിവിധ വിഭാഗങ്ങളിൽ കിലോമീറ്ററിന് 2 പൈസ വീതം കൂടും. നോൺ-എസി കോച്ചിൽ 500 കിലോമീറ്റർ സഞ്ചരിക്കുന്ന യാത്രക്കാരന് 10 രൂപ മാത്രമേ അധികമായി നൽകേണ്ടതുള്ളൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സബർബൻ ട്രെയിൻ സർവീസുകൾക്കോ പ്രതിമാസ ടിക്കറ്റുകൾക്കോ നിരക്കുകളിൽ വർദ്ധനവുണ്ടാകില്ല. ഇത് ദൈനംദിന യാത്രക്കാർക്ക് ആശ്വാസം നൽകും. 215 കിലോമീറ്റർ വരെയുള്ള സാധാരണ ക്ലാസ് യാത്രയിലും മാറ്റമില്ല. സ്ഥിര വരുമാനക്കാരും താഴ്ന്ന വരുമാനക്കാരുമായ യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്ക് ഉറപ്പാക്കുന്നതിനാണിതെന്നും റെയിൽവേ അറിയിച്ചു.
പുതുക്കിയ യാത്രാ നിരക്കിൽ നിന്ന് നടപ്പ് സാമ്പത്തിക വർഷത്തിൽ ഏകദേശം 600 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് ഇന്ത്യൻ റെയിൽവേയുടെ പ്രതീക്ഷ.സമീപ വർഷങ്ങളിൽ പ്രവർത്തനച്ചെലവ് കുത്തനെ വർദ്ധിച്ചതായി റെയിൽവേ ചൂണ്ടിക്കാട്ടി. മാനവശേഷി ചെലവ് 1.15 ലക്ഷം കോടി രൂപയായി വർദ്ധിച്ചു, അതേസമയം പെൻഷൻ ചെലവുകൾ ഇപ്പോൾ 60,000 കോടി രൂപയായി. 2024–25 ൽ പ്രവർത്തനങ്ങളുടെ ആകെ ചെലവ് 2.63 ലക്ഷം കോടി രൂപയിലെത്തി.
കഴിഞ്ഞ ഉത്സവ സീസണിൽ 12,000-ത്തിലധികം അധിക ട്രെയിനുകൾ വിജയകരമായി ഓടിച്ചത് മെച്ചപ്പെട്ട ആസൂത്രണത്തിന്റെയും കാര്യക്ഷമതയുടെയും തെളിവാണെന്നും റെയിൽവേ ചൂണ്ടിക്കാട്ടി.
New Delhi,Delhi
