Leading News Portal in Kerala

രാജ്യത്താദ്യം; സർക്കാര്‍ ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ; നേപ്പാൾ സ്വദേശിനിക്ക് കൊല്ലം സ്വദേശിയുടെ ഹൃദയം| Indias First Heart Transplant in a Government General Hospital Performed in Kerala | Kerala


Last Updated:

കേരളം അഭിമാനപൂർവ്വം ഓർക്കാൻ പോകുന്ന ഇത്തരമൊരു ചരിത്രദൗത്യം ഏറ്റെടുത്ത എല്ലാവർക്കും അഭിവാദ്യങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

 ചരിത്രദൗത്യം ഏറ്റെടുത്ത എല്ലാവർക്കും അഭിവാദ്യങ്ങളെന്ന് മുഖ്യമന്ത്രി
ചരിത്രദൗത്യം ഏറ്റെടുത്ത എല്ലാവർക്കും അഭിവാദ്യങ്ങളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നു. എറണാകുളം ജനറൽ ആശുപത്രിയാണ് ഈ നേട്ടം കൈവരിച്ചത്. അപൂർവ ജനിതക രോഗം ബാധിച്ച് ഹൃദയം തകരാറിലായ നേപ്പാൾ സ്വദേശിനി ദുർഗ (21)യിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ മസ്തിഷ്ക മരണം സംഭവിച്ച ഷിബുവിന്റെ ഹൃദയംവച്ചുപിടിപ്പിച്ചു.

കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി 47 വയസുള്ള ഷിബുവിന്‍റെ ഹൃദയമാണ് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് എയർ ആംബുലൻസിൽ എത്തിച്ചത്. ഷിബുവിന്‍റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയം, 2 നേത്ര പടലങ്ങൾ, സ്കിൻ എന്നിവയും ദാനം ചെയ്യും. വാഹനാപകടത്തിലാണ് ഷിബുവിന് മസ്തിഷ്ക മരണം സംഭവിച്ചത്.

കൊല്ലത്ത് ജനറൽ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പത്തുമണിയോടുകൂടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിയത്. ശസ്ത്രക്രിയ ഒരു മണിക്കൂർ കൊണ്ട് പൂർത്തിയാക്കി ഹൃദയവുമായി ഡോക്ടർമാരുടെ സംഘം റോഡുമാർഗം തിരുവനന്തപുരം ഡൊമസ്റ്റിക് വിമാനത്താവളത്തിലെത്തി. അവിടെ നിന്ന് എയർ ആംബുലൻസിൽ കൊച്ചിയിലേക്ക് എത്തിച്ചു.

കഴിഞ്ഞ ആറ് മാസത്തിലധികമായി ജനറൽ ആശുപത്രിയിലെ ചികിത്സയിലാണ് ദുർഗ. അപൂർവമായ ജനിതകാവസ്ഥയായ ഡാനോൻ മൂലം ഹൃദയസംബന്ധമായ ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി എന്ന രോഗമാണ് ദുർഗക്ക്. അമ്മയും സഹോദരിയും ഇതേ അസുഖം ബാധിച്ചാണ് മരിച്ചത്. ആറ് മാസം മുമ്പ് കേരളത്തിലെത്തി ചികിത്സ തേടിയെങ്കിലും വിദേശി എന്ന നിലയിൽ ഹൃദയം ലഭിക്കുക നിയമപരമായി ബുദ്ധിമുട്ടായിരുന്നു.

അവയവ കൈമാറ്റവുമായി ബന്ധപ്പെട്ട കേന്ദ്ര നിയമം അനുസരിച്ച് സംസ്ഥാനം, മേഖല, ദേശീയ, ഇന്ത്യൻ വംശജർ കഴി​ഞ്ഞിട്ടു മാത്രമേ വിദേശികൾക്ക് അവയവം ദാനം ചെയ്യാൻ കഴിയൂ. ഒടുവിൽ ഹൈക്കോടതിയെ സമീപിച്ചാണ് തന്റെ രോഗാവസ്ഥ ബോധ്യപ്പെടുത്തുന്നതും അവയവം സ്വീകരിക്കാൻ ദുർഗക്ക് മുൻഗണന ലഭിക്കുന്നതും.

കോട്ടയം മെഡിക്കൽ കോളജില്‍ മുമ്പ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നിട്ടുണ്ടെങ്കിലും ഒരു ജില്ലാ തല ആശുപത്രിയിൽ ഇത് ആദ്യമായാണ്. കഴി‍ഞ്ഞ വർഷം ഡിസംബറിൽ തന്നെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനുള്ള ലൈസന്‍സ് സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പ്രക്രിയ ഏകോപിപ്പിക്കുന്ന കെ സോട്ടോ, എറണാകുളം ജനറല്‍ ആശുപത്രിക്ക് കൈമാറിയിരുന്നു. കേരളം അഭിമാനപൂർവ്വം ഓർക്കാൻ പോകുന്ന ഇത്തരമൊരു ചരിത്രദൗത്യം ഏറ്റെടുത്ത എല്ലാവർക്കും അഭിവാദ്യങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

രാജ്യത്താദ്യം; സർക്കാര്‍ ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ; നേപ്പാൾ സ്വദേശിനിക്ക് കൊല്ലം സ്വദേശിയുടെ ഹൃദയം