കടബാധ്യത തീര്‍ക്കാന്‍ കൂപ്പണ്‍ വെച്ച് നറുക്കെടുപ്പിനൊരുങ്ങിയ പ്രവാസിക്കെതിരെ കേസ് Case filed against expatriate who used coupons to enter lottery to pay off debt in kannur | Kerala
Last Updated:
ഒരാൾക്ക് 1500 രൂപ നിരക്കിലാണ് കൂപ്പണുകൾ നൽകിയത്
കടബാധ്യതകൾ തീർക്കുന്നതിനായി വൻ തുകയുടെ സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് കൂപ്പൺ നറുക്കെടുപ്പ് സംഘടിപ്പിച്ച പ്രവാസിക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ കേളകം അടക്കാത്തോട് സ്വദേശിയായ കാട്ടുപാലം ബെന്നിക്കെതിരെയാണ് ലോട്ടറി നിയമങ്ങൾ ലംഘിച്ചതിന് കേസെടുത്തിരിക്കുന്നത്. ലോട്ടറി വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഒരാൾക്ക് 1500 രൂപ നിരക്കിലാണ് ബെന്നി കൂപ്പണുകൾ വിറ്റഴിച്ചത്. ഒന്നാം സമ്മാനമായി 26 സെന്റ് സ്ഥലവും അതിലെ ഏഴ് മുറികളുള്ള ഇരുനില വീടുമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. കൂടാതെ രണ്ടാം സമ്മാനമായി ഉപയോഗിച്ച ഥാർ ജീപ്പും, മൂന്നും നാലും സമ്മാനങ്ങളായി കാറും ബുള്ളറ്റും നൽകുമെന്നും അറിയിച്ചിരുന്നു. ആകെ പതിനായിരം കൂപ്പണുകളാണ് നറുക്കെടുപ്പിനായി ഇയാൾ അച്ചടിച്ചിരുന്നത്.
ഡിസംബർ 20-ന് നിശ്ചയിച്ചിരുന്ന നറുക്കെടുപ്പിന് തൊട്ടുമുമ്പത്തെ ദിവസം പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും കൂപ്പണുകൾ പിടിച്ചെടുക്കുകയും ചെയ്തു. നിശ്ചയിച്ച ദിവസം നറുക്കെടുപ്പ് നടക്കാതെ വന്നതോടെ പണം നൽകി കൂപ്പൺ വാങ്ങിയവർ പരാതിയുമായി രംഗത്തെത്തി. സമീപത്തെ ഓഡിറ്റോറിയത്തിൽ നറുക്കെടുപ്പിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിരുന്നുവെന്ന് ബെന്നി പറഞ്ഞു. സംഭവസ്ഥലത്തെത്തിയ പോലീസ് നറുക്കെടുപ്പുമായി ബന്ധപ്പെട്ട സാമഗ്രികൾ പിടിച്ചെടുക്കുകയും സമ്മാനമായി വാഗ്ദാനം ചെയ്ത വീട് കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.
New Delhi,Delhi
