സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പക്ഷിപ്പനി; അടിയന്തര നടപടികൾക്ക് നിർദേശം | Bird Flu Outbreak Confirmed in Alappuzha and Kottayam Districts | Kerala
Last Updated:
രോഗബാധിത പ്രദേശങ്ങൾക്ക് ചുറ്റുമുള്ള നിശ്ചിത കിലോമീറ്റർ പരിധിയിൽ പക്ഷികളെ വിൽക്കുന്നതിനും കടത്തുന്നതിനും നിയന്ത്രണമുണ്ടാകും
ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് മൃഗസംരക്ഷണ വകുപ്പ് അടിയന്തര പ്രതിരോധ നടപടികൾക്ക് നിർദേശം നൽകി.
ജില്ലയിലെ എട്ട് പഞ്ചായത്തുകളിലായി ഓരോ വാർഡുകളിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നെടുമുടി, ചെറുതന, കരുവാറ്റ, കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് എന്നീ പഞ്ചായത്തുകളിലാണ് രോഗബാധയുള്ളത്. ഇതിൽ നെടുമുടിയിൽ കോഴികൾക്കും മറ്റ് പഞ്ചായത്തുകളിൽ താറാവുകൾക്കുമാണ് രോഗം ബാധിച്ചത്.
കോട്ടയം ജില്ലയിൽ കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്ക്കൽ, വേളൂർ എന്നീ വാർഡുകളിലാണ് രോഗബാധ കണ്ടെത്തിയത്. ഇവിടെ കോഴികൾക്കും കാടകൾക്കുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.
പരിശോധനാ ഫലം ലഭിച്ച ഉടൻ തന്നെ രോഗം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ പക്ഷികളെ കൊന്നൊടുക്കുന്നത് (Culling) ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. രോഗബാധിത പ്രദേശങ്ങൾക്ക് ചുറ്റുമുള്ള നിശ്ചിത കിലോമീറ്റർ പരിധിയിൽ പക്ഷികളെ വിൽക്കുന്നതിനും കടത്തുന്നതിനും നിയന്ത്രണമുണ്ടാകും.
Alappuzha,Kerala
Dec 23, 2025 11:39 AM IST
