ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങില്‍ മുഖ്യകർമിയായി സുനിൽ സ്വാമി; കുടുംബം അറിയാതെ കാർമികത്വം ഏറ്റെടുത്തു| Controversy at Sreenivasans Funeral Sunil Swami Leads Last Rites Without Familys Consent | Kerala
Last Updated:
കുടുംബാംഗങ്ങൾ ആരെങ്കിലും ക്ഷണിച്ചിട്ടാണോ സുനിൽ സ്വാമി അവിടെ വന്നതെന്ന് പലർക്കും സംശയം ഉണ്ടായിരുന്നു. എന്നാൽ ആരും ക്ഷണിച്ചിട്ടായിരുന്നില്ലെന്നും കുടുംബാംഗങ്ങൾക്ക് ഇയാൾ ആരാണെന്നു പോലും അറിയില്ലെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി
ഡിസംബർ 20 ശനിയാഴ്ച ആയിരുന്നു നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചത്. ഞായറാഴ്ച ആയിരുന്നു സംസ്കാര ചടങ്ങുകൾ. ഈ ചടങ്ങിൽ വിവാദ കേസുകളിലെ പ്രതി കൂടിയായ സുനിൽ സ്വാമിയുടെ സാന്നിധ്യം വിവാദമായിരിക്കുകയാണ്.
ശ്രീനിവാസൻ മരിച്ച ദിവസം ടൗൺ ഹാളിലെ പൊതുദർശനത്തിനുശഷം വീട്ടിലായിരുന്നു മൃതശരീരം സൂക്ഷിച്ചത്. രാത്രിയിൽ ആണ് സുനിൽ സ്വാമി അവിടെ എത്തുന്നത്. രാവിലെ വീണ്ടും അവിടേക്ക് വന്നു. കർമങ്ങൾ നടത്താൻ മുന്നിൽ നിൽക്കാനൊന്നും അവിടെ ആരും അയാളോട് ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് കുടുംബവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.
ശ്രീനിവാസന് ഇത്തരം കർമങ്ങളിലൊന്നും വിശ്വാസമില്ലായിരുന്നുവെന്ന് പൊതുസമൂഹത്തിന് അറിയാം. എന്നാൽ ഭാര്യ വിമലയുടെ വിശ്വാസത്തിന് അദ്ദേഹം ഒരിക്കലും എതിരുനിന്നിരുന്നുമില്ല. അമ്മയുടെ ആഗ്രഹം മക്കളായ വിനീതും ധ്യാനും അംഗീകരിച്ചതോടെയാണ് ഹൈന്ദവ ആചാര പ്രകാരം അന്ത്യകർമങ്ങൾ നടത്താൻ തീരുമാനമായത്. എന്നാല്‍ സുനിൽ സ്വാമി സ്വയം മുന്നോട്ടുവന്ന് കാർമികത്വം ഏറ്റെടുക്കുകയായിരുന്നു.
കുടുംബാംഗങ്ങൾ ആരെങ്കിലും ക്ഷണിച്ചിട്ടാണോ സുനിൽ സ്വാമി അവിടെ വന്നതെന്ന് പലർക്കും സംശയം ഉണ്ടായിരുന്നു. എന്നാൽ ആരും ക്ഷണിച്ചിട്ടായിരുന്നില്ലെന്നും കുടുംബാംഗങ്ങൾക്ക് ഇയാൾ ആരാണെന്നു പോലും അറിയില്ലെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ശ്രീനിവാസന്റെ വേർപാടിൽ കുടുംബം ഒന്നാകെ നീറുമ്പോള്‍ അവരുടെ അനുമതിയില്ലാതെ സംസ്‌കാര ചടങ്ങിന്റെ കാര്‍മികത്വം സ്വയം ഏറ്റെടുക്കുകയായിരുന്നു.
പാലക്കാട് പല്ലശനയിലെ സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന സുനില്‍ ദാസാണ് പിന്നീട് സുനില്‍ സ്വാമിയായി മാറിയത്. സത്യസായി സേവാസമിതിയിലായിരുന്നു തുടക്കം. വൈകാതെ സ്വന്തം വീട് ആസ്ഥാനമാക്കി സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റുണ്ടാക്കി തട്ടിപ്പിന് തുടക്കമിട്ടു.കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുകള്‍ സുനില്‍ ദാസിനെതിരെയുണ്ട്. നിരവധി തട്ടിപ്പു കേസുകളില്‍ ജയിലിലും കിടന്നിട്ടുണ്ട്.
കോയമ്പത്തൂരിലെ വ്യവസായിയില്‍ നിന്ന് മൂന്നര കോടി രൂപ തട്ടിയെടുത്ത കേസില്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്നിട്ടുണ്ട് സുനില്‍ ദാസ്. വാരിയര്‍ ഫൗണ്ടേഷന്‍ സ്ഥാപകന്‍ തിരുന്നാവായ സ്വദേശി മാധവ വാരിയരിൽ നിന്ന് അഞ്ചരക്കോടി തട്ടിയ കേസിലും പ്രതിയാണ്.
മൈസൂര്‍ കൊട്ടാരത്തിലെ രാജഗുരുവെന്ന് അവകാശപ്പെട്ട് 157 കോടി രൂപയുടെ തട്ടിപ്പ് സുനില്‍ ദാസ് നടത്തിയെന്നും ആരോപണമുണ്ട്. നടി ശ്രീവിദ്യയെ തട്ടിച്ച് ലക്ഷങ്ങള്‍ കൈക്കലാക്കി എന്ന ആരോപണം ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നു.
പ്രമുഖരെ മുതലമടയില്‍ എത്തിച്ചാണ് സുനില്‍ ദാസ് ആളുകളുടെ വിശ്വാസം മുതലെടുത്തത്. ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ എന്നും ഉറച്ച നിലപാടെടുത്ത ശ്രീനിവാസന്റെ അന്ത്യകര്‍മങ്ങള്‍ക്ക് അനുമതിയില്ലാതെ നേതൃത്വം നല്‍കിയതില്‍ കുടുംബാംഗങ്ങള്‍ അസംതൃപ്തരാണെന്നാണ് സൂചന.
Kochi [Cochin],Ernakulam,Kerala
Dec 26, 2025 12:09 PM IST
ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങില്‍ മുഖ്യകർമിയായി സുനിൽ സ്വാമി; കുടുംബം അറിയാതെ കാർമികത്വം ഏറ്റെടുത്തു
