ഗർഭിണിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു; കൂടെ താമസിച്ചിരുന്ന കൂട്ടുകാരൻ അറസ്റ്റിൽ | Man Arrested for Brutally Burning Pregnant Woman with Electric Ironbox | Crime
Last Updated:
പിടിയിലായ ഷാഹിദ് റഹ്മാൻ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു
കോഴിക്കോട്: കോടഞ്ചേരിയിൽ ഗർഭിണിയായ യുവതിയെ മുറിയിൽ പൂട്ടിയിട്ട് ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച യുവാവ് പിടിയിൽ. വേനപ്പാറ പെരിവില്ലി സ്വദേശി ഷാഹിദ് റഹ്മാനെയാണ് (28) കോടഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
മറ്റ് ബന്ധങ്ങളുണ്ടെന്ന് ആരോപിച്ചായിരുന്നു 28-കാരിയായ യുവതിയെ ഷാഹിദ് ക്രൂരമായി പീഡിപ്പിച്ചത്. ചൂരപ്പാറയിലെ വീട്ടിൽ ദിവസങ്ങളോളം യുവതിയെ വീട്ട് തടങ്കലിലും ആക്കിയിരുന്നു. വായിൽ തുണി തിരുകി ശബ്ദം പുറത്തുവരാത്ത രീതിയിലാണ് ഇലക്ട്രിക് ഇസ്തിരിപ്പെട്ടി ചൂടാക്കി ദേഹമാസകലം പൊള്ളിച്ചത്. പ്ലാസ്റ്റിക് വയർ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
പ്രതി വീട്ടിലില്ലാതിരുന്ന തക്കം നോക്കി മുറിയിൽ നിന്നും രക്ഷപ്പെട്ട യുവതി നാട്ടുകാരുടെ സഹായത്തോടെയാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിയത്. പരിക്കുകൾ ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പിടിയിലായ ഷാഹിദ് റഹ്മാൻ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കോടഞ്ചേരി, തിരുവമ്പാടി, താമരശ്ശേരി സ്റ്റേഷനുകളിലായി മയക്കുമരുന്ന് കേസ്, സ്ത്രീപീഡനം, അടിപിടി എന്നിങ്ങനെ ഏഴോളം ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.
Kozhikode,Kerala
Dec 27, 2025 11:49 AM IST
