‘പ്രശാന്ത് സഹോദരനെപോലെ; ഓഫീസ് ഒഴിയാൻ അഭ്യർഥിക്കുകയാണ് ചെയ്തത്’; എംഎൽഎയെ നേരിട്ട് കണ്ട് ആർ ശ്രീലേഖ|councilor r sreelekha talks about office row with mla vk prasanth | Kerala
Last Updated:
എംഎൽഎയെ നേരിൽ കണ്ട ശേഷമാണ് കൗൺസിലർ മാധ്യമങ്ങളോട് പ്രതികരിച്ചത്
തിരുവനന്തപുരം: എംഎൽഎ ഓഫീസ് തർക്കത്തിൽ വിശദീകരണവുമായി കൗൺസിലർ ആർ. ശ്രീലേഖ. എംഎൽഎ വി.കെ. പ്രശാന്തിനോട് ഒരു സഹോദരനോടെന്ന പോലെ ഓഫീസ് മാറിത്തരാൻ അഭ്യർത്ഥിക്കുകയാണ് ചെയ്തതെന്നും എന്നാൽ പറ്റുമെങ്കിൽ ഒഴിപ്പിച്ചോ എന്ന വെല്ലുവിളിയാണ് അദ്ദേഹത്തിൽ നിന്ന് ഉണ്ടായതെന്നും ശ്രീലേഖ പറഞ്ഞു. എംഎൽഎയെ നേരിൽ കണ്ട ശേഷമാണ് കൗൺസിലർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
വി.കെ. പ്രശാന്ത് തനിക്ക് സഹോദരതുല്യനാണെന്നും കൗൺസിലർ എന്ന നിലയിൽ ജനങ്ങളെ കാണാൻ സൗകര്യപ്രദമായ ഒരിടം ഇല്ലാത്തതിനാലാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചതെന്നും അവർ വിശദീകരിച്ചു. നിലവിൽ മുൻ കൗൺസിലർ ഉപയോഗിച്ചിരുന്ന മുറി തികച്ചും അസൗകര്യമുള്ളതാണ്. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത് മുൻ ഭരണസമിതി നൽകിയ സഹായം മൂലമാണ്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ മാറാൻ കഴിയില്ലെന്ന് എംഎൽഎ പറഞ്ഞപ്പോൾ തനിക്ക് അഞ്ച് വർഷം പ്രവർത്തിക്കേണ്ടതാണെന്നും അതുകൊണ്ട് പതുക്കെയാണെങ്കിലും ഓഫീസ് മാറി നൽകണമെന്നും താൻ യാചന സ്വരത്തിൽ ആവശ്യപ്പെട്ടുവെന്ന് ശ്രീലേഖ വ്യക്തമാക്കി.
തന്റെ അഭ്യർത്ഥനയോട് എംഎൽഎ മോശമായ രീതിയിലാണ് പ്രതികരിച്ചതെന്നും അദ്ദേഹത്തിന്റെ ഫോണിലെ റെക്കോർഡ് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും ശ്രീലേഖ ആരോപിച്ചു. എംഎൽഎ ക്വാർട്ടേഴ്സ് തൊട്ടടുത്തുള്ള വി.കെ. പ്രശാന്തിന് എവിടെ വേണമെങ്കിലും ഓഫീസ് കണ്ടെത്താൻ കഴിയുമെന്നും എന്നാൽ കൗൺസിലർക്ക് ആ സൗകര്യമില്ലെന്നും അവർ ചൂണ്ടിക്കാട്ടി. തന്റെ അഭ്യർത്ഥന നിരസിക്കപ്പെട്ട സാഹചര്യത്തിൽ പാർട്ടി നേതൃത്വവുമായും മേയറുമായും ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് ശ്രീലേഖ അറിയിച്ചു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
Dec 28, 2025 12:16 PM IST
