ഇന്ത്യന്‍ ആര്‍മി സാമൂഹിക മാധ്യമ നയത്തില്‍ ഭേദഗതി; സൈനികര്‍ക്ക് ഇന്‍സ്റ്റഗ്രാം കാണാനും നിരീക്ഷിക്കാനും അനുമതി Indian Army social media policy amended Soldiers allowed to view and monitor Instagram | India
സൈനികര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ വിവരങ്ങള്‍ അറിയുന്നതിന് വേണ്ടി ഉള്ളടക്കം കാണാനും നിരീക്ഷിക്കാനും മാത്രമെ അനുമതിയുള്ളൂ. പ്ലാറ്റ്ഫോമില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നതിനും അഭിപ്രായമിടുന്നതിനും ഷെയര്‍ ചെയ്യുന്നതിനും പ്രതികരിക്കുന്നതിനും സന്ദേശങ്ങള്‍ അയയ്ക്കുന്നതിനും നിരോധനമുണ്ട്.
എല്ലാ സൈനിക യൂണിറ്റുകള്‍ക്കും വകുപ്പുകള്‍ക്കും പുതിയ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പുതിയ നീക്കത്തെ ‘നിഷ്ക്രിയ പങ്കാളിത്തം'(passive participation) എന്നാണ് ആര്‍മി വിശേഷിപ്പിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ അനുവദനീയമല്ലെന്ന് ഇത് വ്യക്തമാക്കുന്നു. എന്നാല്‍ വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പോസ്റ്റുകള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് സൈനികര്‍ക്ക് അനുവാദം നൽകുന്നു.. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മിലിട്ടറി ഇന്റലിജന്റ്സ്(ഡിജിഎംഐ)ബ്രാഞ്ച് വഴി സൈനിക ആസ്ഥാനത്തു നിന്നാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് ഉടനടി പ്രാബല്യത്തില്‍ വരികയും ചെയ്തു.
സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട സുരക്ഷ സംബന്ധിച്ച അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടി VPN-കള്‍, ടോറന്റ് വെബ്സൈറ്റുകള്‍, ക്രാക്കഡ് സോഫ്റ്റ് വെയര്‍, അജ്ഞാത വെബ് പ്രോക്സികള്‍ എന്നിവയുടെ ഉപയോഗത്തിനെതിരേയും സൈന്യം മുന്നറിയിപ്പ് ആവര്‍ത്തിച്ചിട്ടുണ്ട്.
ഫെയ്സ്ബുക്ക്, എക്സ്, ഇന്‍സ്റ്റഗ്രാം പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഇന്ത്യന്‍ ആര്‍മി ഇടയ്ക്കിടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവയുടെ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2019 വരെ ഒരു സോഷ്യല്‍ മീഡിയ ഗ്രൂപ്പിലും സൈനികര്‍ക്ക് ഭാഗമാകാന്‍ അനുമതി ഇല്ലായിരുന്നു. സോഷ്യല്‍ മീഡിയ ദുരുപയോഗം സംബന്ധിച്ച് നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് 2020ല്‍ സൈന്യം നിയമങ്ങള്‍ കര്‍ശനമാക്കി. കൂടാതെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ 89 മൊബൈല്‍ ആപ്പുകള്‍ ഡിലീറ്റ് ചെയ്യാന്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശവും സൈന്യം പുറപ്പെടുവിച്ചിട്ടുണ്ട്.
- സ്കൈപ്പ്: പൊതു സ്വഭാവമുള്ള അല്ലെങ്കില്‍ ഉള്ളടമക്കമുള്ള തരം തിരിക്കാത്ത വിവരങ്ങളുടെ കൈമാറ്റം അനുവദനീയമാണ്.
- വാട്ട്സ്ആപ്പ്: പൊതു സ്വഭാവമുള്ള അല്ലെങ്കില്‍ ഉള്ളടക്കമുള്ള തരം തിരിക്കാത്ത വിവരങ്ങളുടെ കൈമാറ്റം അനുവദനീയമാണ്.
- ടെലിഗ്രാം: മുന്‍കൂട്ടി അറിയാവുന്ന ആളുകളുമായി മാത്രം ഉള്ളടക്കം കൈമാറ്റം ചെയ്യാം. ഉള്ളടക്കം സ്വീകരിക്കുന്ന ആളിനെ നന്നായി തിരിച്ചറിയേണ്ട ഉത്തരവാദിത്തം ഉപയോക്താവിനാണ്.
- സിഗ്നല്‍: മുന്‍കൂട്ടി അറിയാവുന്ന ആളുകളുമായി മാത്രം ഉള്ളടക്കം കൈമാറ്റം ചെയ്യാം. ഉള്ളടക്കം സ്വീകരിക്കുന്ന ആളിനെ നന്നായി തിരിച്ചറിയേണ്ട ഉത്തരവാദിത്തം ഉപയോക്താവിനാണ്.
- യൂട്യൂബ്: അറിവ് അല്ലെങ്കില്‍ വിവരങ്ങള്‍ നേടുന്നതിനുള്ള നിഷ്ക്രിയ പങ്കാളിത്തം മാത്രമെ അനുവദിക്കൂ. ഉപയോക്താവ് തയ്യാറാക്കിയ ഉള്ളടക്കം അല്ലെങ്കില്‍ സന്ദേശങ്ങള്‍ മുതലായവ അപ്ലോഡ് ചെയ്യാന്‍ സൈനികര്‍ക്ക് അനുമതിയില്ല
- എക്സ്: ഉപയോക്താവ് തയ്യാറാക്കിയ ഉള്ളടക്കം അല്ലെങ്കില്‍ സന്ദേശം മുതലായവ അപ്ലോഡ് ചെയ്യാന്‍ അനുമതിയില്ല
- ക്വാറ: ഉപയോക്താവ് തയ്യാറാക്കിയ ഉള്ളടക്കം അല്ലെങ്കില്‍ സന്ദേശം മുതലായവ അപ്ലോഡ് ചെയ്യാന്‍ അനുമതിയില്ല
- ലിങ്ക്ഡ് ഇന്‍: ജീവനക്കാരെ അല്ലെങ്കില്‍ തൊഴിലുടമകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുന്നതിന് റെസ്യൂമെ അപ്ലോഡ് ചെയ്യുന്നതിന് മാത്രം ഉപയോഗിക്കാം.
സൈനിക ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനുള്ള നിയമങ്ങളെക്കുറിച്ച് അടുത്തിടെ ചാണക്യ ഡിഫന്‍സ് ഡയലോഗില്‍ ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി സംസാരിച്ചിരുന്നു.
പുതിയ തലമുറ(ജെന്‍ സി) സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ചില വൈരുദ്ധ്യങ്ങള്‍ ഉള്ളതായി തോന്നുന്നു. സൈന്യത്തില്‍ അടിസ്ഥാനപരമായി സോഷ്യല്‍ മീഡിയയില്‍ നിന്ന് അകന്നു നില്ക്കുക എന്നതാണ്. പുതിയ സൈന്യത്തില്‍ ഇത് ഒരു പുതിയ രീതിയില്‍ സംയോജിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടോയെന്ന അവതാരകന്റെ ചോദ്യത്തിനാണ് സൈനിക മേധാവി മറുപടി നൽകിയത്.
ഇതിന് പ്രതികരിക്കുന്നതിനും(reacting) മറുപടി നല്‍കുന്നതിനും(responding) ഇടയില്‍ വ്യത്യാസമുണ്ടെന്ന് അദ്ദേഹം മറുപടി നല്കി.
”പ്രതികരിക്കുക(reacting) എന്നതിനര്‍ത്ഥം നിങ്ങള്‍ ഉടനടി, വേഗത്തിലുള്ള ഉത്തരം നല്കാന് ആഗ്രഹിക്കുന്നു എന്നാണ്. മറുപടി നല്‍കുക(responding) എന്നതിനര്‍ത്ഥം അതിനെക്കുറിച്ച് ചിന്തിക്കുക, ഗൗരവമായി വിശകലനം ചെയ്യുക, തുടര്‍ന്ന് മറുപടി നല്‍കുക എന്നതാണ്. ഞങ്ങളുടെ സൈനികര്‍ ഇതില്‍ ഇടപെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സാമൂഹിക മാധ്യമമായ എക്സ് കാണുന്നതിന് മാത്രമേ ഉപയോഗിക്കാന്‍ പൂടുള്ളൂവെന്ന് എന്ന് ഞങ്ങള്‍ അവരോട് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഒന്നിനും മറുപടി നല്‍കരുത്. നിങ്ങള്‍ വിരമിച്ച ശേഷം മറുപടി നല്‍കുക. നിങ്ങള്‍ക്ക് അത് കാണാന്‍ കഴിയും; അതില്‍ ഒരു പ്രശ്നവുമില്ല. പ്രതികരിക്കുന്നതിനും മറുപടി നല്‍കുന്നതിനും ഇടയില്‍ വ്യത്യാസമുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇത് ഞങ്ങളുടെ എതിരാളികള്‍ക്ക് വളരെ വലിയ സന്ദേശമാണ് നല്‍കുന്നത്. ഞങ്ങള്‍ പ്രതികരിക്കുന്നില്ല, ഞങ്ങള്‍ മറുപടി നല്കുന്നു”, ജനറല്‍ ദ്വിവേദി പറഞ്ഞു.
New Delhi,Delhi
ഇന്ത്യന്‍ ആര്‍മി സാമൂഹിക മാധ്യമ നയത്തില്‍ ഭേദഗതി; സൈനികര്‍ക്ക് ഇന്‍സ്റ്റഗ്രാം കാണാനും നിരീക്ഷിക്കാനും അനുമതി