ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു| Sabarimala Gold theft case Former Devaswom Minister Kadakampally Surendran Questioned | Kerala
Last Updated:
ശനിയാഴ്ചയാണ് എസ്ഐടി സംഘം കടകംപള്ളിയെ ചോദ്യം ചെയ്തത്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുൻ ദേവസ്വം മന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് എസ്ഐടി സംഘം കടകംപള്ളിയെ ചോദ്യം ചെയ്തത്. സ്വർണ്ണക്കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന മന്ത്രി എന്ന നിലയിലാണു ചോദ്യം ചെയ്തതെന്നാണ് വിവരം. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും 26ന് എസ്ഐടി ചോദ്യം ചെയ്തെന്നാണു വിവരം.
കഴിഞ്ഞ ദിവസം അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗം എൻ വിജയകുമാറിന്റെ മൊഴി, നേരത്തെ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് കൂടുതല്‍ കുരുക്കായി. താന്‍ നിരപരാധിയാണെന്നും എല്ലാം സഖാവ് പറഞ്ഞിട്ടാണ് ചെയ്തതെന്നുമാണ് വിജയകുമാര്‍ എസ്‌ഐടിയോട് പറഞ്ഞത്. സ്വര്‍ണപ്പാളി മാറ്റുന്ന കാര്യമടക്കം ബോര്‍ഡില്‍ അവതരിപ്പിച്ചത് പത്മകുമാറാണ്. പ്രധാനതീരുമാനങ്ങളെല്ലാം പ്രസിഡന്റ് പറയുന്നതായിരുന്നു രീതി. അതുകൊണ്ട് വായിച്ചുപോലും നോക്കാതെ ഒപ്പിട്ടുവെന്നും പ്രശ്‌നമുണ്ടാകുമെന്ന് അറിഞ്ഞില്ലെന്നും വിജയകുമാര്‍ പറഞ്ഞു.
സമ്മര്‍ദം സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിയെന്നും മൊഴിയില്‍ പറയുന്നു. ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങാന്‍ തീരുമാനിച്ചത്. എല്ലാം പത്മകുമാര്‍ പറഞ്ഞിട്ടാണ്. പത്മകുമാറിനെ വിശ്വസിച്ചാണ് രേഖകളില്‍ ഒപ്പിട്ടത്. മറ്റു കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നില്ലെന്നും വിജയകുമാര്‍ പറഞ്ഞു.
പത്മകുമാറും വിജയകുമാറും അറസ്റ്റിലായ സാഹചര്യത്തില്‍ എസ്‌ഐടിയുടെ അടുത്ത ലക്ഷ്യം കെ പി ശങ്കർദാസിലേക്ക് എന്നാണ് വ്യക്തമാവുന്നത്. ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് ചോദ്യം ചെയ്യലിന് അവധി ആവശ്യപ്പെടുന്ന ശങ്കർദാസിന്റെ നീക്കം എസ്‌ഐടി പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ജനുവരി 12 വരെ വിജയകുമാറിനെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും വിജയകുമാര്‍ നല്‍കിയ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി നാളെ പരിഗണിക്കും.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
