‘ഇറ്റലിയിൽ സോണിയയുടെ ബന്ധുക്കൾക്ക് പുരാവസ്തു കച്ചവടം, സ്വര്ണക്കൊള്ളയിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം: കെ സുരേന്ദ്രൻ| Sabarimala Gold Theft BJP Leader K Surendran Targets Sonia Gandhi Calls for Central Probe | Kerala
Last Updated:
സോണിയ ഗാന്ധിയും പോറ്റിയും എങ്ങനെ, എന്തിനു കണ്ടു എന്ന് ഒരു കോൺഗ്രസ് നേതാവ് വിശദീകരണം നൽകുന്നില്ല. വിഷയത്തിൽ എൽഡിഎഫിനൊപ്പം യുഡിഎഫിനും പരിക്ക് പറ്റും- കെ സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഇവിടത്തെ അന്വേഷണം കൊണ്ട് സത്യം പുറത്തുവരില്ലന്നും പലരേയും രക്ഷപ്പെടുത്താൻ എസ്ഐടി ശ്രമിക്കുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കുപ്രസിദ്ധ വിഗ്രഹ മോഷ്ടാക്കൾക്ക് പങ്കുണ്ടോയെന്ന് കോടതി ആദ്യമേ സംശയം പ്രകടിപ്പിച്ചു. ഇതിനെ സാധൂകരിക്കുന്നത് ആയിരുന്നു രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തൽ. പുരാവസ്തു ബിസിനസിലേക്ക് കൊള്ള എത്തിയിട്ടുണ്ടോ എന്നതിലേക്ക് കാര്യം എത്തുന്നു. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കൊപ്പം ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ചിത്രം വന്നു. ആദ്യം ആരും സംശയിച്ചില്ല. കാരണം അത് സ്വാഭാവികം ആണല്ലോ. പക്ഷെ ആദ്യ നിലപാടുകളിൽനിന്ന് ചെന്നിത്തലയും വി ഡി സതീശനും പിന്നിലേക്ക് പോയി- സുരേന്ദ്രൻ പറഞ്ഞു.
സോണിയാ ഗാന്ധിയെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശം രാഷ്ട്രീയം കസർത്താണെന്നും സുരേന്ദ്രൻ വിമർശിച്ചു. ആരാണ് സോണിയ ഗാന്ധിക്ക് അവരെ പരിചയപ്പെടുത്തിയത്. അടൂർ പ്രകാശ് മാത്രമല്ല, ആന്റോ ആന്റണിയും ഇതിലുണ്ട്. വിലമതിക്കാൻ സാധിക്കാത്തതാണ് നഷ്ടമായത്. ഇത് അന്താരാഷ്ട്ര വിഗ്രഹക്കൊള്ളയാണ്. ഇറ്റലിയിൽ സോണിയ ഗാന്ധിയുമായി രക്തബന്ധമുള്ളവർക്ക് പുരാവസ്തുക്കൾ വിപണനം നടത്തുന്ന പരിപാടി ഉണ്ട്. രമേശ് ചെന്നിത്തലയ്ക്ക് ഇത് ആദ്യം അറിയില്ലായിരുന്നു. ഇപ്പോൾ അദ്ദേഹം കുടുങ്ങി. അദ്ദേഹം കേട്ട കാര്യങ്ങൾ ഒക്കെ അങ്ങ് പറഞ്ഞു. പക്ഷെ പറഞ്ഞ കാര്യങ്ങളിൽ എന്തുകൊണ്ട് ഉറച്ച് നിൽക്കുന്നില്ല, ചെന്നിത്തല മതിപ്പ് വില വരെ പറയുകയാണ്- സുരേന്ദ്രൻ പറഞ്ഞു.
കോൺഗ്രസിന്റെ ഒളിച്ചുകളി ഇപ്പോൾ കാണാൻ കഴിയുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. സോണിയ ഗാന്ധിയും പോറ്റിയും എങ്ങനെ, എന്തിനു കണ്ടു എന്ന് ഒരു കോൺഗ്രസ് നേതാവ് വിശദീകരണം നൽകുന്നില്ല. വിഷയത്തിൽ എൽഡിഎഫിനൊപ്പം യുഡിഎഫിനും പരിക്ക് പറ്റും. വൈറൽ പാട്ടിൽ ഭേദഗതി വേണ്ടി വരുമെന്നും സുരേന്ദ്രൻ പരിഹസിച്ചു.
സ്വർണം കട്ടവരാരപ്പാ സഖാക്കളാണേ അയ്യപ്പാ
സ്വർണം വിറ്റതാർക്കപ്പാ കോൺഗ്രസിനാണേ അയ്യപ്പാ
ലാഭം കൊയ്തത് ആരൊക്കെ ഇൻഡി മുന്നണി ഒറ്റയ്ക്ക്
– എന്ന് മാറ്റേണ്ടി വരും. കേസിൽ യുഡിഎഫിനും തുല്യ പങ്കുണ്ട്. ശബരിമല സ്വർണക്കൊള്ളയിൽ നിന്ന് എളുപ്പത്തിൽ കോൺഗ്രസിന് ഒഴിഞ്ഞു മാറാൻ ആകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് പ്രധാന കുറ്റവാളി ആയി വരേണ്ടതാണെന്നും സുരേന്ദ്രൻ പറഞ്ഞു. അയാൾക്ക് ഉന്നതബന്ധം ഉണ്ട്. അന്വേഷണം അയാളിലേക്ക് എത്തുന്നില്ലെന്നും സുരേന്ദ്രൻ വിമർശിച്ചു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
‘ഇറ്റലിയിൽ സോണിയയുടെ ബന്ധുക്കൾക്ക് പുരാവസ്തു കച്ചവടം, സ്വര്ണക്കൊള്ളയിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം: കെ സുരേന്ദ്രൻ
